‘ധീ’എന്ന വാക്കിന്റെ അര്‍ത്ഥം ബുദ്ധി എന്നാണ്. ബുദ്ധിയുടെ നില പലതാണ്, അവയുടെ പേരും പലതാണ്. കൗശലം, സാമര്‍ത്ഥ്യം, തന്ത്രം, കൂര്‍മ്മബുദ്ധി, വിവേകം, പ്രതിഭ, ധിഷണ ഇവയെല്ലാം ബുദ്ധിയെ സൂചിപ്പിക്കുന്ന പദങ്ങളാണ്. സാധാരണയായി മസ്തിഷ്‌ക്കശക്തിക്കാണ് ബുദ്ധി എന്നു പറയുന്നത്. ഒരു വ്യക്തിയുടെ മസ്തിഷ്‌ക്കശക്തി എത്രമാത്രം കൂടുതലാണോ, എത്രമാത്രം തീക്ഷ്ണമാണോ ആ വ്യക്തി അത്രമാത്രം ബുദ്ധിമാനായി പരിഗണിക്കപ്പെടുന്നു.
ഈ വിശേഷതയില്ലാത്ത വ്യക്തിയെ ഭോഷന്‍ എന്നു പറയുന്നു. എന്നാല്‍ ഈ പരിഭാഷ വളരെ സ്ഥൂലമാണ്; അപൂര്‍ണ്ണവുമാണ്. വളരെ സൂത്രശാലികളും, ധൂര്‍ത്തന്മാരും, പതുങ്ങിയിരുന്നു പറ്റിക്കുന്നവരുമായ എത്രയോ വ്യക്തികളുണ്ട്. ലോകത്തില്‍ ആഭാസന്മാരും, തട്ടിപ്പന്മാരും, കള്ളന്മാരും, ചൂഷകന്മാരും, ദുഷ്ടന്മാരും എത്ര ഉണ്ടോ, അവരെല്ലാം ബുദ്ധി കൗശലക്കാരാണ്. കാരണം ബുദ്ധി ചാതുര്യം ഇല്ലാതെ പലതരം അടവുകളും, തന്ത്രങ്ങളും മെനഞ്ഞെടുത്തു ആളുകളെ പാട്ടിലാക്കി കബളിപ്പിക്കാന്‍ സാദ്ധ്യമല്ല. ബുദ്ധി ഇല്ലാത്തവന്‍ ഇത്തരം പണിക്കു തുനിഞ്ഞാല്‍ അവന്റെ തന്ത്രം ഫലിക്കുകയില്ലെന്നു മാത്രമല്ല, നിമിഷം കൊണ്ടു കള്ളി വെളിച്ചത്താകുകയും ചെയ്യും. ഇങ്ങനെ നോക്കുമ്പോള്‍ ബുദ്ധിചാതുര്യത്താല്‍ ആളുകളെ കഷ്ടപ്പെടുത്തുകയും കബളിപ്പിക്കുകയും ചൂഷണം ചെയ്യുകയും ചെയ്യുന്ന ബുദ്ധിമാന്മാരെ അപേക്ഷിച്ച് ബുദ്ധി ഇല്ലാത്തവരാണ് ഭേദം. അവര്‍ അന്യര്‍ക്കു ദോഷം ചെയ്യാതെയും, ബുദ്ധിമാന്മാരെന്നു പറയപ്പെടുന്നവര്‍ ചെയ്യുന്നതുപോലുള്ള ദുഷ്പ്രവര്‍ത്തികളില്‍ നിന്നും അകന്നു മാറിയും കഴിയുന്നു.
ഇങ്ങനെയുള്ള ബുദ്ധിയേക്കാള്‍ ഭേദം ബുദ്ധി ഇല്ലാതിരിക്കുന്നതാണ്. ഗായത്രിയില്‍ ഇത്തരം ബുദ്ധിക്കുവേണ്ടി അല്ല പ്രാര്‍ത്ഥിക്കുന്നത്. ഇത്തരം ബുദ്ധിചാതുര്യം കോളേജുകളില്‍ നിന്നും കമ്പോളങ്ങളില്‍ നിന്നും, അദ്ധ്യാപകരില്‍ നിന്നും, ശില്‍പികളില്‍ നിന്നും, ദേശാടനത്തില്‍ നിന്നും അതാതു വിഷയങ്ങളുടെ വിദഗ്ധന്മാരില്‍ നിന്നും നിഷ്പ്രയാസം നേടാവുന്നതാണ്. ഈ സാമാന്യ സംഗതിക്കുവേണ്ടി ആത്മാവിന് പരമാത്മാവിനുമുമ്പാകെ യാചിക്കേണ്ട ആവശ്യമില്ല.
ആത്മാവിന് ഏറ്റവുമധികം ആവശ്യമുള്ള വസ്തു സദ്ബുദ്ധിയാണ്. ഇതിനു ‘ധിയഃ’ എന്നു പറയുന്നു. ഇതിന്റെ അഭാവം മൂലം ദുര്‍ബുദ്ധി കടന്നു കൂടുകയും ഓരോ ചുവടു വയ്പിലും ബുദ്ധിമുട്ടിക്കുകയും നരകീയാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുന്നു. ഈ സ്ഥിതിയില്‍പെട്ട് ആത്മാവ് പ്രതിനിമിഷം യാതന അനുഭവിക്കുന്നു. ധനവൈഭവങ്ങള്‍ ലഭ്യമാകുന്നതോടെ ഇന്ദ്രിയങ്ങള്‍ക്കു ഒരു കണക്കില്‍ സുഖം ലഭിക്കുന്നു. എന്നാല്‍ ആത്മാവിനെ സംബന്ധിച്ചിടത്തോളം ഇതു ഭാരമേറിയ ചുമടാണ്. ഈ ഭാരത്തിലമര്‍ന്നു ആത്മാവു വേദനിക്കുകയും പിടയുകയും വിലപിക്കുകയും ഈ സ്ഥിതിയില്‍ നിന്നു മോചനം ലഭിക്കുവാന്‍ വേണ്ടി പരമാത്മാവിനോടു നിലവിളിച്ചപേക്ഷിക്കുകയും ചെയ്യുന്നു. ഈശ്വരനോടു ഇപ്രകാരം പറയുന്നു: ”ദൈവമേ, സദ്ബുദ്ധിയുടെ അഭാവത്താല്‍, ‘ധിയഃ’ ഇല്ലായ്കയാല്‍, എനിക്കു പ്രതിക്ഷണം പ്രഹരം സഹിക്കേണ്ടി വരുന്നു. ആയതിനാല്‍ അവിടുന്നു എനിക്കു ‘ധിയഃ’ യുടെ പ്രേരണ നല്‍കിയാലും; ‘ധിയഃ’ തത്ത്വത്താല്‍ ഈ ജീവിതത്തെ പരിപൂര്‍ണ്ണമാക്കിയാലും; തന്മൂലം ഈ ദുര്‍ബുദ്ധിയില്‍ നിന്നു മോചനം നേടി ദിവ്യമായ ജീവിതാനന്ദം ലഭിക്കുവാന്‍ അവിടുന്നു കരുണ ചൊരിഞ്ഞാലും”.
ഗായത്രിയുടെ പൂര്‍വ്വാര്‍ദ്ധത്തില്‍ സവിതാ, വരേണ്യ, ഭര്‍ഗ, ദേവനെ ധ്യാനിച്ചിരിക്കുന്നു. ഈ ധ്യാനത്തിന്റെ പ്രയോജനം എന്താണ്? എന്തിനു വേണ്ടിയാണ് ധ്യാനിക്കുന്നത്? ഉത്തരാര്‍ദ്ധത്തില്‍ ഇതു സ്പഷ്ടമാക്കിയിട്ടുണ്ട്. ഈ പ്രയോജനമാണ് ‘ധിയഃ’ യുടെ സദ്ബുദ്ധിയുടെ ഉപലബ്ധി. ഗായത്രി പരമാത്മാവിന്റെ സാമീപ്യത്തിനുള്ള ഏറ്റവും മഹത്തായ മന്ത്രമാണ്. അതിന്റെ ലക്ഷ്യവും, ഉദ്ദേശ്യവും, പ്രയോജനവും ഏറ്റവും ശ്രേഷ്ഠമാണ്. സദ്ബുദ്ധിയുടെ ഉപലബ്ധി മറ്റേതൊരു സിദ്ധിയോടും സമ്പത്തിനോടും താരതമ്യപ്പെടുത്തി നോക്കുമ്പോള്‍ അവയെല്ലാം നിസ്സാരമാണെന്നു കാണാം. സര്‍വ്വോത്തമമായ ഈ ഫലം കൈവരിക്കാന്‍ വേണ്ടിയുള്ള ആത്മാവിന്റെ ദാഹത്തിന്റെയും, ആകാംക്ഷയുടെയും, പ്രാര്‍ത്ഥനയുടെയും, ഉല്‍ക്കടമായ പ്രയത്‌നത്തിന്റെയും പ്രകടീഭാവമാണു ഗായത്രി. സദ്ബുദ്ധി കൈവരിക്കുന്നതിനുവേണ്ടിയാണ് ‘ധീ’ എന്ന പദം ഗായത്രിയില്‍ പ്രയോഗിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക