ജയ്പൂര്‍: വാടകഗര്‍ഭധാരണത്തിലൂടെയാണ് കുട്ടി ഉണ്ടായതെന്ന കാരണത്താല്‍ മാതാവിന് ലഭിക്കേണ്ട പ്രസവാവധിയില്‍ പക്ഷപാതം പാടില്ലെന്ന് രാജസ്ഥാന് ഹൈക്കോടതി. വാടകഗര്‍ഭധാരണത്തിലൂടെ കുട്ടി ജനിച്ചാലും പ്രസവാവധി നിഷേധിക്കുന്നത് ഇന്ത്യന്‍ ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 21 ജീവിക്കാനുള്ള അവകാശത്തിന്റെ ലംഘനമാണെന്നും ജയ്പൂര്‍ ബെഞ്ച് വ്യക്തമാക്കി.
സാധാരണ രീതിയില്‍ അമ്മയായവര്‍, വാടകഗര്‍ഭധാരണം വഴി അമ്മയായവര്‍ എന്നിങ്ങനെ വേര്‍തിരിക്കുന്നത് മാതൃത്വത്തെ അപമാനിക്കുന്നതിന് തുല്യമാണ്. വാടകഗര്‍ഭധാരണത്തിലൂടെ ഉണ്ടായ കുഞ്ഞിനെ മറ്റുള്ളവരുടെ കരുണയ്ക്ക് വിട്ടുകൊടുക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. വാടകഗര്‍ഭധാരണത്തിലൂടെ ഇരട്ടക്കുട്ടികള്‍ ജനിച്ച യുവതി നല്കിയ ഹര്‍ജിയിലായിരുന്നു ഹൈക്കോടതിയുടെ വിധി.
മാതൃത്വത്തിനുള്ള അവകാശവും പൂര്ണവികാസത്തിനുള്ള ഓരോ കുട്ടിയുടെ അവകാശവും ആര്‍ട്ടിക്കിള്‍ 21-ല്‍ ഇള്പ്പെടുന്നുണ്ട്. കുഞ്ഞിനെ ദത്തെടുത്ത അമ്മയ്ക്ക് സര്‍ക്കാര്‍ പ്രസവാവധി നല്‍കുകയും വാടകഗര്‍ഭധാരണം വഴി കുഞ്ഞുണ്ടായ അമ്മയ്ക്ക് അത് നിഷേധിക്കുകയും ചെയ്യുന്നത് ശരിയല്ലെന്ന് കോടതി നിരീക്ഷിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: