കിളിമാനൂര്‍: നാല്പതിലധികം വീടുകളുള്ള കോളനിവാസികളുടെ ശ്മശാനത്തില്‍ സംസ്ക്കാരം നടത്തണമെങ്കില്‍ മൃതദേഹവുമായി വരുന്നവര്‍ കാട് വെട്ടിത്തെളിക്കേണ്ട ദുരവസ്ഥ. പഞ്ചായത്ത് അധികൃതര്‍ക്ക് അറിഞ്ഞ ഭാവമില്ല. ആരെങ്കിലും ശ്രമദാനമായി കാട് വെട്ടിത്തെളിച്ച് വൃത്തിയാക്കാമെന്ന് വെച്ചാല്‍ പഞ്ചായത്ത് മെമ്പറുടെ ഭീഷണിയും.
കിളിമാനൂര്‍ ഗ്രാമ പഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ മലയാമഠം മണ്ഡപം കുന്ന് പയ്യട ലക്ഷം വീട് കോളനിയിലെ പൊതു ശ്മശാനത്തിന്റെ അവസ്ഥയാണിത്. കോളനിയില്‍ 41 വീടുകളുണ്ട്. എല്ലാവര്ക്കും 4 സെന്റ് ഭൂമിയും വീടുമാണുള്ളത്. ആരെങ്കിലും മരിച്ചാല്‍ മൃതദേഹം മറവ് ചെയ്യാന്‍ സൗകര്യമില്ല. അതിനാല്‍ അവിടെ തന്നെ ഈ കാര്യത്തിനായി 20 സെന്റ് സ്ഥലം ശ്മശാനത്തിനായി മാറ്റി തിരിച്ചിട്ടിട്ടുണ്ട്. പഞ്ചായത്തിന്റെ ഉടമസ്ഥതയിലാണ് സ്ഥലം.
ശ്മശാനം വനം പോലെ കാടുകയറി കിടക്കുകയാണ്. മൃതദേഹം ശ്മശാനത്തിനടുത്ത് വരെ വാഹനത്തില്‍ കൊണ്ട് വരാന്‍ കഴിയില്ല. റോഡില്‍ നിന്നും ചുമന്ന് കൊണ്ട് വരണം. വെളിച്ചവും ഇല്ല. ആരെങ്കിലും മരിച്ചാല്‍ മൃതദേഹവുമായി വരുന്നവര്‍ കാട് വെട്ടിത്തെളിച്ച് മൃതദേഹം സംസ്ക്കരിക്കേണ്ട അവസ്ഥയാണ്. കഴിഞ്ഞ ദിവസം ഇവിടെ മൃതദേഹവുമായി എത്തിയവര്‍ കാട് കാരണം ബുദ്ധിമുട്ടി. തുടര്‍ന്ന് കാട് വെട്ടിത്തെളിച്ചാണ് മൃതദേഹം സംസ്കരിച്ചത്.
ബിജെപി പ്രവര്‍ത്തകരും കോളനി വാസികളും ചേര്‍ന്ന് ശ്രമദാനമായി കാട് വെട്ടിത്തെളിച്ച് വൃത്തിയാക്കാന്‍ ശ്രമിച്ചപ്പോള്‍ പഞ്ചായത്ത് മെമ്പര്‍ ഇടപെട്ട് തടഞ്ഞതായി നാട്ടുകാര്‍ പറയുന്നു. ഉയരവിളക്ക് സ്ഥാപിച്ചാല്‍ സമ്പൂര്‍ണമായി വെളിച്ചം കിട്ടുമെങ്കിലും കോളനിയെ അധികൃതര്‍ തഴഞ്ഞിട്ടിരിക്കുകയാണെന്ന് നിവാസികള്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: