ദുബായിയില്‍ മറ്റൊരു പരിപാടിയുണ്ട്; സിപിഎം അനൂകൂല എംവിആര്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന പി.കെ. കുഞ്ഞാലിക്കുട്ടി

Published by

കോഴിക്കോട് : സിപിഎം അനൂകൂല എംവിആര്‍ ചാരിറ്റബിള്‍ ട്രസ്റ്റ് സംഘടിപ്പിക്കുന്ന എം.വി. രാഘവന്‍ അനുസ്മരണ പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. ദുബായിയില്‍ തനിക്ക് മറ്റൊരു പരിപാടിയില്‍ പങ്കെടുക്കാനുണ്ട്. അതിനാല്‍ എംവിആര്‍ അനുസ്മരണ ചടങ്ങില്‍ പങ്കെടുന്നില്ല. ഇക്കാര്യം എംവിആറിന്റെ കുടുംബാംഗങ്ങളെ അറിയിച്ചിട്ടുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

വ്യാഴാഴ്ച രാവിലെ ചേംബര്‍ഹാളിലാണ് പരിപാടി. കേരളനിര്‍മിതിയില്‍ സഹകരണ മേഖലയുടെ പങ്ക് എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാറില്‍ മുഖ്യപ്രഭാഷകനായിട്ടായിരുന്നു അദ്ദേഹം പങ്കെടുക്കേണ്ടിയിരുന്നത്. മന്ത്രി വി.എന്‍. വാസവനാണ് ചടങ്ങിന്റെ ഉദ്ഘാടം നിര്‍വഹിക്കുന്നത്. ദുബായിയില്‍ സിഎച്ച് അനുസ്മരണവുമായി ബന്ധപ്പെട്ട പരിപാടിയില്‍ പങ്കെടുക്കാന്‍ പോകുന്നുവെന്നാണ് കുഞ്ഞാലിക്കുട്ടി അറിയിച്ചിരിക്കുന്നത്.

കുഞ്ഞാലിക്കുട്ടി സിപിഎമ്മിന്റെ പരിപാടിയില്‍ പങ്കെുടുക്കുന്നതില്‍ സിഎംപി എതിര്‍പ്പ് അറിയിച്ചിരുന്നു. മുമ്പ് പാലസ്തീന്‍ അനുകൂല റാലിയില്‍ പങ്കെടുക്കാന്‍ സിപിഎം മുസ്ലിംലീഗിനെ ക്ഷണിച്ചിരുന്നു. ഇത് വ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ടതോടെ മുസ്ലിംലീഗ് റാലിയില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചിരുന്നു. അതിനു പിന്നാലെയാണ് സിപിഎം എംവിആര്‍ അനുസ്മരണചടങ്ങില്‍ പങ്കെടുക്കാനുള്ള ക്ഷണവുമായി വീണ്ടും എത്തുന്നത്. കഴിഞ്ഞ ദിവസം കെപിസിസി അധ്യക്ഷന്‍ കെ. സുധാകരനും വി.ഡി. സതീശനും പാണക്കാടെത്തി മുസ്ലിംലീഗുമായി ചര്‍ച്ചകളും നടത്തിയിരുന്നു. എംവിആറിന്റെ മകനും മാധ്യമപ്രവര്‍ത്തകനുമായ എം.വി. നികേഷ്‌കുമാറാണ് കുഞ്ഞാലിക്കുട്ടിയെ ക്ഷണിച്ചത്. എംവിആറുമായി അടുപ്പമുള്ളതിനാലാണ് ഇതെന്നുമാണ് ട്രസ്റ്റ് ഭാരവാഹി പ്രൊഫ. ഇ. കുഞ്ഞിരാമന്‍ ഇക്കാര്യത്തില്‍ പ്രതികരിച്ചത്.

മന്ത്രി വാസവനെ കൂടാതെ സിപിഎം നേതാക്കളായ പാട്യം രാജന്‍, എം.വി. ജയരാജന്‍, എം.കെ. കണ്ണന്‍ തുടങ്ങിയവരാണ് പങ്കെടുക്കുന്ന പ്രമുഖര്‍. കോണ്‍ഗ്രസിന്റെ സഹകരണ ജനാധിപത്യവേദി ചെയര്‍മാനായ കരകുളം കൃഷ്ണപിള്ളയെ ക്ഷണിച്ചിട്ടുണ്ടെങ്കിലും അദ്ദേഹത്തിന് പാര്‍ട്ടിയില്‍ കാര്യമായ പദവികളൊന്നുമില്ല.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by