വാരാണസി: മുത്തലാഖിനെതിരെ സമരം നടത്തി ശ്രദ്ധേയയായ നജ്മ പര്‍വീണിന് പിഎച്ച്ഡി. ‘നരേന്ദ്ര മോദിയുടെ രാഷ്ട്രീയ നേതൃത്വം: ഒരു അപഗ്രഥനാത്മക പഠനം’ എന്ന വിഷയത്തിലാണ് നജ്മ ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ നിന്ന് പൊളിറ്റിക്കല്‍ സയന്‍സില്‍ പിഎച്ച്ഡി നേടിയത്. പിഎച്ച്ഡി പൂര്‍ത്തിയാക്കാന്‍ എട്ട് വര്‍ഷമെടുത്തു. അഞ്ച് അധ്യായങ്ങളിലായാണ് തീസിസ് പൂര്‍ത്തിയാക്കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കേന്ദ്രീകരിച്ചുള്ള പുസ്തകം എഴുതാനുള്ള തയാറെടുപ്പിലാണ് ഭാരതീയ ആവാം പാര്‍ട്ടി പ്രവര്‍ത്തക കൂടിയായ നജ്മ.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ച് ഗവേഷണം നടത്തി പിഎച്ച്ഡി നേടുന്ന ആദ്യ വനിതയാകും നജ്മ എന്നാണ് സൂചന. രാഷ്ട്രീയത്തിലെ മെഗാസ്റ്റാറാണ് മോദിയെന്നാണ് ഇവര്‍ വിവരിക്കുന്നത്. 2014ലാണ് പിഎച്ച്ഡി ഗവേഷണത്തിന് എന്റോള്‍ ചെയ്യുന്നത്.
പ്രൊഫ. സഞ്ജയ് ശ്രീവാസ്തവയുടെ കീഴിലാണ് ഗവേഷണം നടത്തിയത്.
അച്ഛനമ്മമാര്‍ നേരത്തെ നഷ്ടപ്പെട്ട നജ്മയുടെ ചുറ്റുപാടുകള്‍ ദരിദ്രമായിരുന്നു. മോദിയെക്കുറിച്ച് പഠിക്കാന്‍ തീരുമാനിച്ചപ്പോള്‍ ചിലരൊക്കെ എതിര്‍ത്തു. ആത്മവിശ്വാസവും കഠിനാദ്ധ്വാനവുമായിരുന്നു കൈമുതല്‍. വിശാല്‍ ഭാരത് സന്സ്ഥാന് സ്ഥാപകന്‍ ഫ്രൊഫ. രാജീവ് ശ്രീവാസ്തവയുടെ സാമ്പത്തിക പിന്തുണ, ആര്‍എസ്എസ് പ്രചാരകന് ഇന്ദ്രേശ് കുമാര്‍ നല്കിയ പ്രോത്സാഹനം, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സഹോദരന് പങ്കജ് മോദി നല്കിയ പിന്‍ബലം… നജ്മയെ ലക്ഷ്യത്തിലെത്തുന്നതിന് സഹായിച്ച ഘടകങ്ങള്‍ ഇതൊക്കെയാണ്.
ഗുജറാത്തില്‍ മുഖ്യമന്ത്രിയായിരിക്കെ മോദി സൃഷ്ടിച്ച വികസന മോഡലാണ് ഈ വിഷയം തെരഞ്ഞെടുക്കാന്‍ പ്രേരിപ്പിച്ചതെന്ന് നജ്മ പറഞ്ഞു. ഈ പ്രശസ്തിയാണ് അദ്ദേഹത്തെ പ്രധാനമന്ത്രി പദത്തിലെത്തിച്ചത്. 2014ലെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ ഭൂമിക മാറ്റിമറിക്കാന്‍ അദ്ദേഹത്തിനായി. വികസനകാര്യത്തില്‍ അദ്ദേഹം നിരവധി സുപ്രധാന തീരുമാനങ്ങളെടുത്തത് രാജ്യത്തിനും പാവങ്ങളുടെ ക്ഷേമത്തിനും വേണ്ടിയായിരുന്നു, നജ്മ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: