തിരുവനന്തപുരം: ഇരുപത്തഞ്ച് കോടി മുടക്കിയ സംരംഭത്തിന് കെട്ടിട നമ്പര്‍ കിട്ടാത്തതില്‍ പ്രതിഷേധിച്ച് കോട്ടയം മാഞ്ഞൂര്‍ പഞ്ചായത്തിന് മുന്നില്‍ ഷാജിമോന്‍ ജോര്‍ജ് നടത്തിയ സമരം കേരളീയത്തിന് നാണക്കേടായതോടെ ചട്ടം ഭേദഗതിയുമായി സര്‍ക്കാര്‍. 50 കോടി രൂപ വരെ നിക്ഷേപം നടത്തി ആരംഭിക്കുന്ന സംരംഭങ്ങള്‍ക്ക് തടസമില്ലാതെ പ്രവര്‍ത്തിക്കാന്‍ കെ സ്വിഫ്റ്റ് വഴി താത്കാലിക കെട്ടിട നമ്പര്‍ അനുവദിച്ച് സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു.
2020 ലെ കേരള സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായ സ്ഥാപനങ്ങളും ഇതര വ്യവസായസ്ഥാപനങ്ങളും സുഗമമാക്കല്‍ ചട്ടങ്ങളിലാണ് ഭേദഗതി വരുത്തിയത്. കെ സ്വിഫ്റ്റ് മുഖേന അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ ലഭിക്കുന്ന കൈപ്പറ്റ് സാക്ഷ്യപത്രത്തില്‍ രേഖപ്പെടുത്തിയ നമ്പര്‍ താത്കാലിക കെട്ടിട നമ്പറായി പരിഗണിക്കും. മൂന്നുവര്‍ഷത്തിനുള്ളില്‍ സ്ഥിരനമ്പര്‍ നേടിയാല്‍ മതി.
കെ സ്വിഫ്റ്റ് അക്നോളഡ്ജ്മെന്റുള്ള സംരംഭങ്ങള്‍ക്ക് മൂന്നുവര്‍ഷം വരെ മറ്റൊരു അനുമതിയുമില്ലാതെ പ്രവര്‍ത്തിക്കാമെന്ന് നേരത്തെ വ്യവസ്ഥയുണ്ട്. മൂന്ന് വര്‍ഷം കഴിഞ്ഞ് ആറുമാസത്തിനുള്ളില്‍ ആവശ്യമുള്ള അനുമതി നേടിയാല്‍ മതി. എന്നാല്‍ വായ്പ നേടുന്നതിനുള്‍പ്പെടെ കെട്ടിടനമ്പര്‍ ആവശ്യമായതിനാലാണ് ചട്ട ഭേദഗതി. കാലഹരണപ്പെട്ട വ്യവസായ നിയമങ്ങള്‍ പരിഷ്കരിക്കുന്നതിനായി സര്‍ക്കാര്‍ നിയോഗിച്ച ഡോ.കെ.സി സണ്ണി കമ്മിറ്റിയുടെ ശിപാര്‍ശകളുടെ അടിസ്ഥാനത്തില്‍ തദ്ദേശ സ്വയം ഭരണവകുപ്പും വ്യവസായവകുപ്പും നടത്തിയ ചര്‍ച്ചകളുടെ തുടര്‍ച്ചയായാണ് വിജ്ഞാപനം.
അമ്പത് ലക്ഷത്തിന് മുകളില്‍ നിക്ഷേപമുള്ള സംരംഭങ്ങള്‍ക്ക് ആവശ്യമായ രേഖകള്‍ സഹിതം അപേക്ഷ നല്കിയാല് ഏഴ് ദിവസത്തിനുള്ളില്‍ സംയോജിത ലൈസന്‍സ് നല്‍കും.
വ്യവസായം ആരംഭിക്കുന്നതിനും നടത്തുന്നതിനുമുള്ള സേവനങ്ങളെ സംബന്ധിച്ച് പരാതി ലഭിച്ചാല്‍ മുപ്പത് ദിവസത്തിനുള്ളില്‍ തീരുമാനമെടുക്കുന്നതിനും 15 ദിവസത്തിനുള്ളില്‍ നടപ്പാക്കുന്നതിനുമുള്ള വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളുന്നതാണ് പരാതിപരിഹാര സംവിധാനമെന്നാണ് സര്‍ക്കാരിന്റെ അവകാശ വാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: