സച്ചിദാനന്ദസ്വാമി
പ്രസിഡന്റ്, ശിവഗിരിമഠം
ശ്രീനാരായണ ഗുരുദേവനെക്കുറിച്ച് ഒരു വിദേശി എഴുതിയ ഗ്രന്ഥത്തിന്റെ പേര് ‘ശ്രീനാരായണഗുരു ആരല്ലായിരുന്നു’വെന്നാണ്. ഗുരുദേവന്‍ ഇതായിരുന്നു എന്ന പലരുടെയും ചിന്തയെ തിരുത്തുന്നതാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം. പരമ്പരാഗതമായ കേട്ടറിവിന്റെ അടിസ്ഥാനത്തിലും മുന്‍വിധിയോടുകൂടിയ കാഴ്ചപ്പാടോടുകൂടിയുമുള്ള അറിവാണ് പലര്‍ക്കുമുള്ളത്. ഗുരുസ്വരൂപത്തെ ശരിയായി അവധാനം ചെയ്യണമെങ്കില്‍ പാര്‍ശ്വവീക്ഷണത്തിനതീതമായി സമഗ്രമായ പഠനം വേണം. അതിന് ഗുരുദേവന്‍ രചിച്ച കൃതികളെ ഗുരുചരിതവുമായി കോര്‍ത്തിണക്കിയുള്ള ശരിയായ പഠനം വേണം. ഇത്തരമൊരു ശരിയായ പഠനം നടക്കുന്ന അദ്ധ്യാത്മിക മഹായജ്ഞമാണ് ശ്രീനാരായണ ദിവ്യപ്രബോധനവും ധ്യാനവും. ജനലക്ഷങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് ഒരാഴ്ചയോ അഞ്ചുദിവസമോ നീണ്ടുനില്‍ക്കുന്ന 415 ഇത്തരം മഹായജ്ഞങ്ങള്‍ ഭാരതത്തിനകത്തും പുറത്തുമായി നടന്നിട്ടുണ്ട്. നാലുദിവസം നീണ്ടുനില്‍ക്കുന്ന ഇത്തരമൊരു ആത്മീയ പഠനയജ്ഞം ഇന്നു മുതല്‍ 12 വരെ ആറ്റിങ്ങലില്‍ നടക്കുകയാണ്.
വാക്കും അര്‍ത്ഥവും എന്നതുപോലെ ഗുരുവിന്റെ ജീവിതവും ദര്‍ശനവും സമന്വയഭാവം പ്രാപിച്ചതാണ്. അവിടുത്തെ ജീവിതം തന്നെ ദര്‍ശനം, ദര്‍ശനം തന്നെ ജീവിതം. എഴുപത്തിമൂന്നുവര്‍ഷം നീണ്ടുനിന്ന ഗുരുദേവന്റെ ജീവിതം തൃപ്പാദങ്ങള്‍ എഴുതിയ എഴുപതോളം വരുന്ന കൃതികളില്‍ പ്രകാശിച്ചുനില്‍ക്കുന്നു. അതുകൊണ്ട് ആ ജീവിതത്തെ കൃതികളുമായി ചേര്‍ത്ത് മുന്‍വിധി കീഴ്‌പ്പെടുത്താതെയുള്ള സ്വതന്ത്രമായ ബുദ്ധിയോടെ അധ്യയനം ചെയ്യണം. അതിനുള്ള വേദിയാണ് ധ്യാനയജ്ഞം.
ഗുരുദേവന്‍ എഴുതിയ സ്വാനുഭവഗീതിയില്‍
പതിയെന്നറിയാതെന്‍
പതിയേ നിന്നെത്തിരഞ്ഞു പലരുമിതാ!
മതികെട്ടൊന്നിലുമില്ലാ
തതിവാദം കൊണ്ടൊഴിഞ്ഞുപോകുന്നു.
ഇത് ഗുരുദേവനെ സംബന്ധിച്ചും അര്‍ത്ഥപൂര്‍ണമാണ്. അവിടുന്നു പതിയായി പരമസത്യമായി പ്രകാശിക്കുന്നു. പക്ഷെ ആരാധകവൃന്ദം ആ സത്യത്തെ അറിയാതെ ഓരോരോ വാദങ്ങള്‍ ചമച്ച് ഗുരുവില്‍ നിന്ന് അകന്നു പൊയ്‌ക്കൊണ്ടിരിക്കുന്നു. ജാതിമത ചിന്താഗതികള്‍ക്കതീതമായി ഏകലോകദര്‍ശനം അവതരിപ്പിച്ച മഹാഗുരുവിനെ ചെറിയ വൃത്തത്തിലൊതുക്കി സാമൂഹിക പരിഷ്‌കര്‍ത്താവായും സാമൂഹിക വിപ്ലവകാരിയായും സ്വതന്ത്രചിന്തകനായും മതനിഷേധിയായിട്ടുപോലും അവതരിപ്പിച്ചു പലരും തൃപ്തിയടയുന്നു. ചെമ്പഴന്തിയിലെ നാരായണന്‍ ഒരു സുപ്രഭാതത്തില്‍ നാരായണഗുരു ആയതല്ല. അതിന് അതികഠിനമായ തപസ് വേണ്ടിവന്നു. തപസ്സിലൂടെ സിദ്ധാര്‍ത്ഥന്‍ ശ്രീകൃഷ്ണന്‍ ആയതുപോലെയും ഇമ്മാനുവല്‍ ആയ യേശു, യേശുക്രിസ്തുവായതുപോലെയും അറേബ്യയിലെ മുഹമ്മദ് സാക്ഷാല്‍ മുഹമ്മദ് നബിയായതുപോലെയും ഒരു പരിവര്‍ത്തനം ഗുരുദേവന്റെ ജീവിതത്തിലും സംദൃഷ്ടമാണ്.
തപസ്സിലൂടെ അറിവും അറിഞ്ഞിട്ടുമര്‍ത്ഥവും പുമാന്‍ തന്നറിവും ഒരാദിമഹസ്സു തന്നെയെന്ന് നാരായണന്‍ അനുഭവിച്ചറിഞ്ഞപ്പോള്‍ വരളത വിട്ടു വിളങ്ങുന്ന ആ അറിവായിട്ടുതന്നെ തൃപ്പാദങ്ങള്‍ പ്രകാശിച്ചു. അപ്പോള്‍ നിലമൊടു നീരതുപോലെ കാറ്റുതീയും വെളിയുമഹംകൃതിവിദ്യയും ദൈവസത്യം മാത്രമായി നാരായണന് അനുഭമായി. ഒരുകോടി ദിവാകരര്‍ ഒരേസമയം ഒരു ഹൃദയത്തില്‍ ഉദിച്ചുയര്‍ന്നാല്‍ എന്തുസംഭവിക്കുമോ അതുപോലെയുള്ള അനുഭവമായിരുന്നു ദിവ്യമായ ഈ ഈശ്വരാനുഭൂതി. അതോടെ ജനനീ നവരത്‌നമഞ്ജരിയില്‍ പാടിയതുപോലെ മീനായതും മാനായതും പക്ഷിയായതും പറവയായതും ഓടുന്നതും പറക്കുന്നതും ഇഴയുന്നതും നരനും നാരിയും സ്വര്‍ഗവും നരകവും ദേവനും അസുരനും എന്നുവേണ്ട സൗരയൂഥാദി സകല നിഖില പ്രപഞ്ചവും ശുദ്ധ സംവിത്തായി ഗുരുവിന് അനുഭൂതമായി. ഈ അനുഭവത്തിന്റെ സാന്ദ്രതയിലാണ് ശ്രീനാരായണഗുരുവായി വിരാജിച്ചത്. ഒരധ്യാത്മ ഗുരുവിന്റെ തൃപ്പാദം ദേവീദേവന്മാര്‍ പോലും നമസ്‌കരിക്കുമെന്നാണ് ശങ്കരാചാര്യര്‍ മനീഷപഞ്ചകത്തിലൂടെ ഉപദേശിക്കുന്നത്.
ബ്രഹ്മനിഷ്ഠനായ മഹാഗുരു ബ്രഹ്മനിഷ്ഠയ്‌ക്ക് ഒരു കോട്ടവും തട്ടാതെ അനുപമേയനായ ലോകസംഗ്രഹപടുവായി വിരാജിച്ചുവെന്നാണ് ആ ജീവിതത്തിന്റെ അപ്രതിമമായ മഹത്വം. തന്നാല്‍ കരേറേണ്ടവര്‍ എത്രപേരാ താഴത്തു പാഴ്‌ച്ചേറിലമര്‍ന്നിരിക്കെ താനൊറ്റയില്‍ ബ്രഹ്മപദം കൊതിക്കും തപോനിധിക്കെന്തൊരു ചാരിതാര്‍ത്ഥ്യം എന്ന ദര്‍ശനം ഗുരുദേവന്റെ അന്തരാത്മാവിനെ മനനം ചെയ്യിപ്പിച്ചിരുന്നു. ബ്രഹ്മനിഷ്ഠനായ ഒരു ഗുരുവിന് കര്‍മമില്ലെന്ന ഭാരതീയ വേദാന്തമതത്തെ അതിവര്‍ത്തിച്ച് പരമഹംസനായ ജീവന്‍ മുക്തന്‍ ലോകസംഗ്രഹപടുവായി പ്രകാശിക്കുന്നതാണ് ശ്രീനാരായണ ഗുരുവിലൂടെ ലോകം കണ്ട അത്ഭുതകരവും അനുവാച്യവുമായ അനുഭവം.
1888 മുതല്‍ 1928 വരെയുള്ള ഗുരുവിന്റെ ‘ആരില്ലാത്ത കര്‍മം’ ഭ്രാന്താലയമായ രാജ്യത്തെ തീര്‍ത്ഥാലയമാക്കി മാറ്റിയത് എങ്ങും സുവിദിതമാണ്. ജാതിമതചിന്തകള്‍ക്കതീതമായ ഗുരുദേവ ദര്‍ശനത്തിന് കാലാതീതമായ പ്രസക്തിയുണ്ട്. ഇപ്പോള്‍ ഒരു മൂന്നാം ലോകമഹായുദ്ധത്തിന്റെ പ്രതീതി തന്നെ സൃഷ്ടിച്ചുകൊണ്ടുള്ള പശ്ചിമേഷ്യന്‍ പ്രശ്‌നങ്ങള്‍ മനുഷ്യമനസ്സിനെ മഥിക്കുന്നതാണ്. ഇസ്രയേലും പാലസ്തീനും ഹമാസും ഇതര അറബ് രാജ്യങ്ങളും സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന പ്രശ്‌നങ്ങള്‍ മതത്തിന്റേതാണ്. മതാതീതമായ ഒരു ദര്‍ശനം കൊണ്ടേ പശ്ചിമേഷ്യന്‍ ദര്‍ശനങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാനാവൂ. അവിടെയാണ് ഗുരുദര്‍ശനത്തിന്റെ പ്രസക്തി.
രണ്ടു കരിയും നമുക്കു വേണ്ട, ആനയും വെടിക്കെട്ടും നമുക്കുവേണ്ട, എന്നുഗുരുദേവന്‍ പ്രഖ്യാപിച്ചത് 100 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്. തലശേരിയിലും പുറ്റിങ്ങലിലും മറ്റ് പല കേന്ദ്രങ്ങളിലുമുണ്ടായ വെടിക്കെട്ടപകടങ്ങള്‍കൊണ്ട് നാം പാഠം പഠിക്കുന്നില്ല. ഇപ്പോള്‍ ബഹുമാനപ്പെട്ട കോടതി തന്നെ ഇടപെട്ട് വെടിക്കെട്ട് പാടില്ലെന്ന് വിധിച്ചിരുന്നു. എങ്കിലും ഈ വിധിക്കെതിരെ അപ്പീലിന് പോകാനുള്ള ശ്രമത്തിലാണ് രാജ്യം. പരിഷ്‌കൃതിയില്‍ നാം എവിടെ നില്‍ക്കുന്നുവെന്ന് ചിന്തിക്കുക. കൂട്ടില്‍ കിടക്കുന്ന ആനയെ ക്ഷേത്രത്തില്‍ കൊണ്ടുവന്നു എഴുന്നള്ളിക്കേണ്ട. ദേവന്റെ എഴുന്നള്ളത്ത് രഥത്തില്‍ മതി എന്ന് അധികാരസ്ഥാനങ്ങളില്‍ നിന്നും ഉദ്‌ബോധനങ്ങള്‍ ഉണ്ടായിട്ടും അതൊന്നും ജനഹൃദയങ്ങളില്‍ ആവശ്യമായ പരിവര്‍ത്തനങ്ങള്‍ സൃഷ്ടിച്ചില്ല. ഈ സാഹചര്യത്തില്‍ ശ്രീനാരായണദര്‍ശനത്തിലൂടെയുള്ള ബോധവല്‍ക്കരണം അനിവാര്യമായ ഘടകമാണ്.
വിശ്വഗുരുവായ ശ്രീനാരായണ ഗുരുദേവന്റെ ആദ്ധ്യാത്മസ്വരൂപം ഇനിയും ജനഹൃദയങ്ങളില്‍ വേണ്ടവണ്ണം എത്തിയിട്ടില്ല. പൗരാണികമായ ആരാധനാക്രമങ്ങളും മനുഷ്യനെപ്പോലും രക്തബലിയര്‍പ്പിക്കുന്ന ദുരാചാരം പലയിടത്തും നിലനില്‍ക്കുന്നു. മന്ത്രിമാരുപോലും അയിത്താചാരണത്തിന് വിധേയരായി മാറ്റിനിര്‍ത്തപ്പെടുന്നു. ഈ അവസരത്തില്‍ സര്‍വവിധ ഭേദചിന്തകള്‍ക്കീതവും പരിഷ്‌കൃതവും നിത്യനൂതനവും പരമസാത്വികവുമായ ശ്രീനാരായണദര്‍ശനത്തിന്റെ വ്യാപകമായ പഠനവും പ്രചാരണവും കാലഘട്ടത്തിന്റെ കുളമ്പടി ശബ്ദം നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. ഇന്നു മുതല്‍ 12 വരെ നാലുദിവസങ്ങളിലായി രാവിലെ മുതല്‍ സായംസന്ധ്യവരെ നടക്കുന്ന ശ്രീനാരായണ വിജ്ഞാനദാനയജ്ഞം ജാതിമതഭേദമന്യേ ഏവര്‍ക്കും ദിശാബോധം നല്‍കുന്നതാണ്. ഏവരെയും ആറ്റിങ്ങലിലെ ഗുരുസന്നിധിയിലേക്ക് സാദരം ക്ഷണിച്ചുകൊള്ളുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: