കൊച്ചി: തപസ്യ കലാസാഹിത്യ വേദിയുടെ ആറാമത് പ്രൊഫ. തുറവൂര്‍ വിശ്വംഭരന് പുരസ്കാരം ഭാഷാ ഗവേഷകനും സാഹിത്യകാരനും ഗ്രന്ഥകാരനുമായ പ്രൊഫ. നടുവട്ടം ഗോപാലകൃഷ്ണന് നാളെ സമ്മാനിക്കും. തൃപ്പൂണിത്തുറ ലായം കൂത്തമ്പലത്തില്‍ വൈകിട്ട് 4.30 ന് സംഘടിപ്പിക്കുന്ന സ്മൃതിസദസില്‍ ജസ്റ്റിസ് എന്‍. നഗരേഷ് പുരസ്കാരം സമ്മാനിക്കും. പ്രൊഫ. തുറവൂര്‍ വിശ്വംഭരന്റെ സ്മരണയ്ക്കായി വര്‍ഷംതോറും നല്കിവരുന്നതാണ് 50,000 രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്കാരം. ഭാഷാ-സംസ്കാര പഠന മേഖലകളില്‍ നല്‍കിയിട്ടുള്ള സംഭാവനകള്‍ കണക്കിലെടുത്താണ് നടുവട്ടം ഗോപാലകൃഷ്ണന് പുരസ്കാരം നല്‍കുന്നതെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
തപസ്യ സംസ്ഥാന പ്രസിഡന്റ് പ്രൊഫ. പി.ജി. ഹരിദാസ് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ സാഹിത്യ പരിഷത്ത് മുന്‍ സെക്രട്ടറി എം.വി.ബെന്നി, തുറവൂര്‍ വിശ്വംഭരന് അനുസ്മരണ പ്രഭാഷണം നടത്തും. എഴുത്തുകാരിയായ ഡോ.ആര്. അശ്വതി മഹാഭാരതത്തിലെ വിശ്വദര്‍ശനം എന്ന വിഷയം അവതരിപ്പിക്കും. തപസ്യ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ടി. രാമചന്ദ്രന്, വര്‍ക്കിങ് പ്രസിഡന്റ് കല്ലറ അജയന്, ജില്ലാ അധ്യക്ഷന്‍ വെണ്ണല മോഹന്‍, സംസ്ഥാന സമിതിയംഗം കെ. സതീശ് ബാബു തുടങ്ങിയവര്‍ പങ്കെടുക്കും. പാര്‍ലമെന്റില്‍ മുന്‍ പ്രധാനമന്ത്രി ലാല്‍ ബഹദൂര്‍ ശാസ്ത്രിയെക്കുറിച്ച് പ്രഭാഷണം നടത്തിയ പി. അനഘയെയും 2023 ലെ ചെമ്പൈ പുരസ്കാരം നേടിയ ആര്യാ ദത്തയെയും ചടങ്ങില്‍ അനുമോദിക്കും. വാര്‍ത്താസമ്മേളനത്തില്‍ സംഘാടകരായ കെ. സതീശ് ബാബു, വെണ്ണല മോഹന്‍, കെ.വി. രാജീവ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: