പെന്‍ഷന്‍ വരെ കൊടുക്കാന്‍ കഴിയാതെ ഉഴലുന്ന സംസ്ഥാനസര്ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി തീര്‍ക്കാന്‍ ഇനി പ്രവാസികളെ പിടിക്കുമോ? സര്‍ക്കാര്‍ ബോണ്ടുകള്‍ നല്‍കി അവരില്‍ നിന്നും പണം ശേഖരിക്കുക എന്ന പോംവഴിയെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുകയാണ്. ഇതേ പരിഹാരം ലോകബാങ്കും നിര്‍ദേശിച്ചതായി പറയുന്നു.
അഞ്ച് വര്‍ഷം മുതല്‍ 40 വര്‍ഷം വരെയാണ് സാധാരണ പ്രവാസി ബോണ്ടുകള്‍ ഇറക്കുക. ഇതിന് ഉയര്‍ന്ന പലിശവരുമാനവും നല്‍കും. ഗള്‍ഫ് ഉള്‍പ്പെടെയുള്ള മലയാളികളുടെ സാമ്പത്തിക പങ്കാളിത്തം പ്രവാസി ബോണ്ടുകളിലൂടെ ഉറപ്പാക്കാനാണ് പ്രവാസിബോണ്ടിനെക്കുറിച്ച് പഠനം നടത്തിയ ലോകബാങ്ക് സാമ്പത്തിക വിദഗ്ധന്‍ ദിലീപ് രഥ മുന്നോട്ട് വെച്ച ആശയം.
സംസ്ഥാനത്തെ എന്‍ആര്‍ഐ നിക്ഷേപം കഴിഞ്ഞ വര്‍ഷം 2, 36000 കോടി രൂപയായിരുന്നു. ഈ വര്‍ഷം ജൂണ്‍ വരെയുള്ള കണക്ക് തന്നെ 2,47000 കോടി രൂപയായി. ആകര്‍ഷകമായ പലിശ നിരക്ക് കൊടുത്താല്‍ ഈ തുകയില്‍ നല്ലൊരു പങ്ക് സംസ്ഥാനസര്‍ക്കാരിന് ബോണ്ടുകള്‍ നല്‍കി കണ്ടെത്താനാകും. കേരളത്തിന്റെ തനത് വിഭാവ സമാഹരണത്തിന് പ്രവാസി ബോണ്ട് സഹായകരമാകുമെന്നും ആസൂത്രണ ബോര്‍ഡംഗം ഡോ. രവി രാമനും പറയുന്നു.
മറ്റൊരു സംസ്ഥാനത്തിലും ഇല്ലാത്ത കാര്യം
പക്ഷെ പ്രവാസി ബോണ്ടുകളിറക്കി കേന്ദ്രസര്‍ക്കാര്‍ പണം പിരിക്കാറുണ്ടെങ്കിലും സംസ്ഥാന സര്‍ക്കാരുകള്‍ അങ്ങിനെ ചെയ്യാറില്ല. അതിനാല്‍ ഇത് കേന്ദ്രം കേരളത്തിന് അനുവദിക്കുന്ന കടമെടുപ്പ് പരിധിയില്‍ ഈ തുക കൂടി ഉള്‍പ്പെടുത്തിയാല്‍ അതിന്റെ ഗുണം സംസ്ഥാന സര്‍ക്കാരിന് കിട്ടില്ല.
ഡയസ്പോറ ബോണ്ട് കേന്ദ്രമിറക്കിയത് മൂന്ന് തവണ; ഇസ്രയേലിന്റെ സ്ഥിരം പരിപാടി
ഡയസ്പോറ ബോണ്ട് (വിദേശ ഇന്ത്യക്കാരുടെ പേരിലുള്ള ബോണ്ട് ) കേന്ദ്രസര്‍ക്കാര്‍ മൂന്ന് തവണ ഇറക്കിയിട്ടുണ്ട്. 1991ല്‍ ഇന്ത്യാ ഡവലപ് മെന്‍റ് ബോണ്ട് ഇറക്കി. അന്ന് 16കോടി ഡോളറാണ് പിരിച്ചത്. 1998ല്‍ ആണവസ്ഫോടന പരീക്ഷണവേളയിലെ പ്രതിസന്ധി നേരിടാന്‍ റിസര്‍ജന്‍റ് ഇന്ത്യ ബോണ്ട് എന്ന പേരിലായിരുന്നു നിക്ഷേപം. ഈ ബോണ്ടിന്റെ പേരില്‍ 12 കോടി ഡോളര്‍ പിരിച്ചു. 2000ല്‍ ഇന്ത്യ മില്ലേനിയം ബോണ്ട് പുറത്തിറക്കി. 55 കോടി ഡോളറാണ് ഈ ബോണ്ട് വിറ്റ വകയില്‍ പിരിച്ചെടുത്തത്.
ഇസ്രയേല്‍ സ്ഥിരം ഇറക്കുന്ന ബോണ്ടാണ് പ്രവാസി ബോണ്ട്. കെനിയ, ശ്രീലങ്ക, ഗ്രീസ്, ഈജിപ്ത് എന്നീ രാജ്യങ്ങളും പ്രവാസി ബോണ്ടുകള്‍ ഇറക്കാറുണ്ട്. എന്തായാലും റിസര്‍വ്വ് ബാങ്കിന്റെ അനുമതിയോടെ മാത്രമേ ബോണ്ടിറക്കാനാവൂ എന്നതിനാല്‍ സാമ്പത്തിക തട്ടിപ്പിന് സാധ്യത കുറവാണ്. കാലവധി തീര്‍ന്നാല്‍ അടച്ച തുക തിരിച്ചുകിട്ടും. പലിശ വര്‍ഷാവര്‍ഷമോ അതല്ലെങ്കില്‍ ബോണ്ടിന്റെ കാലാവധി തീരുന്ന മുറയ്‌ക്ക് ഒന്നിച്ചോ വാങ്ങാം.
പ്രവാസികള്‍ക്ക് ശീലമില്ലാത്ത കാര്യം
കേരളത്തിലെ പ്രവാസികളില്‍ ബോണ്ട് വാങ്ങുന്ന ശീലമുള്ളവര്‍ കുറവാണ്. അവരുടെ പണം സാധാരണ ഭൂമി വാങ്ങിയിടാനോ അതല്ലെങ്കില്‍ പ്രവാസി നിക്ഷേപമായി പൊതുമേഖലാബാങ്കുകളില്‍ നിക്ഷേപിക്കുകയോ ആണ് പ്രവാസി മലയാളി സാധാരണ ചെയ്യുക പതിവ്. സഹകരണബാങ്കുകള്‍ തട്ടിപ്പിന്റെ കേന്ദ്രങ്ങളായതോടെ ഇപ്പോള്‍ സഹകരണബാങ്കുകളില്‍ നിക്ഷേപമറിക്കാന്‍ പ്രവാസികള്‍ മടികാട്ടുന്ന സ്ഥിതിവിശേഷമുണ്ട്. സര്‍ക്കാര്‍ ബോണ്ട് പോലുള്ള നിക്ഷേപരീതികള്‍ പരിചയമില്ലാത്ത പ്രവാസി മലയാളിയെ അത് പഠിപ്പിച്ച് ശീലമാക്കാന്‍ നല്ല ശ്രമം നടത്തേണ്ടിവരും.
കെടിഡിഎഫ് സിയില്‍ ശ്രീരാമകൃഷ്ണ മിഷന്‍ നിക്ഷേപിച്ച പണം
ശ്രീരാകൃഷ്ണ മിഷന്റെ പക്കല്‍ നിന്നും കേരള സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ബാങ്കിംഗ് ഇതര സ്ഥാപനമായ കെടിഡിഎഫ് സി വാങ്ങിയ 130 കോടി രൂപ കാലാവധി പൂര്‍ത്തിയായിട്ടും തിരിച്ചുകൊടുക്കാന്‍ കഴിയാത്തത് വലിയ തലവേനയായിരിക്കുകയാണ്. ഈ കേസ് കേരള ഹൈക്കോടതിയില്‍ നടക്കുകയാണ്. റിസര്‍വ്വ് ബാങ്ക് നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത സ്ഥാപനമാണ് കെടിഡിഎഫ് സി. കെടിഡിഎഫ് സിക്ക് നിക്ഷേപം വാങ്ങിയ വകയില്‍ 490 കോടി രൂപയുടെ ബാധ്യതയുള്ളതായി അറിയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക