ബെംഗളൂരു: സംസ്ഥാനത്തെ കോണ്‍ഗ്രസ് ഭരണം പൂര്‍ണ പരാജയമെന്ന് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ ബി.എസ്. യെദിയൂരപ്പ. കോണ്‍ഗ്രസ് സര്‍ക്കാരിനെ ഇങ്ങനെ തുടരാന്‍ തന്റെ പാര്‍ട്ടി അനുവദിക്കില്ലെന്ന് അവകാശപ്പെട്ട മുന്‍ മുഖ്യമന്ത്രി കോണ്‍ഗ്രസിന്റെ പരാജയങ്ങള്‍ക്കും നിരുത്തരവാദപരമായ നടപടികള്‍ക്കുമെതിരെ പ്രതിഷേധം ആരംഭിക്കുമെന്ന് മുന്നറിയിപ്പ് നല്കി.
സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളപരിഷ്കരണത്തിനായി ശമ്പള കമ്മീഷന് രൂപീകരിച്ച് ഇടക്കാലാശ്വാസം നല്‍കുന്നുണ്ട്, എന്നാല്‍ ഈ സര്‍ക്കാര്‍ മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് ശമ്പളക്കമ്മീഷന്റെ കാലാവധി നീട്ടിയിരിക്കുകയാണ്. വരള്‍ച്ച കൈകാര്യം ചെയ്യാനും തെരഞ്ഞെടുപ്പ് ഉറപ്പുകള്‍ നടപ്പിലാക്കാനും ഈ സര്‍ക്കാരിന് പണമില്ല. ശമ്പളം നല്കാന് സര്‍ക്കാരിന്റെ പക്കല്‍ പണമില്ലെന്നും യെദിയൂരപ്പ ആരോപിച്ചു.
ഈ സര്‍ക്കാര്‍ ഒരു തരത്തില്‍ പാപ്പരാണെന്നും ബിജെപി സര്‍ക്കാര്‍ അധികാരത്തിലിരുന്നപ്പോള്‍ രാജ്യത്തെ വികസിത സംസ്ഥാനങ്ങളില്‍ ഒന്നായിരുന്നു കര്‍ണാടകയെന്നും അദ്ദേഹം പറഞ്ഞു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം കഴിഞ്ഞ അഞ്ചാറു മാസമായി എല്ലാ മേഖലകളിലും പരാജയപ്പെട്ടുവെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിന്റെ താല്‍പ്പര്യവും പാവപ്പെട്ടവരുടെയും അധസ്ഥിതരുടെയും ക്ഷേമവും സംരക്ഷിക്കുന്നതിലെ പരാജയവും എസ്സി / എസ്ടി ക്ഷേമത്തിനായി ഫണ്ട് അനുവദിക്കാത്തതും നോക്കുമ്പോള്‍ ഈ സര്‍ക്കാര്‍ മരിച്ചതുപോലെയാണെന്ന് അദ്ദേഹം ആരോപിച്ചു. മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് സര്‍ക്കാര്‍ സമയം കളയുകയാണ്, ഇത് അധികകാലം തുടരാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അദ്ദേഹത്തിന്റെ സര്‍ക്കാരിനുമെതിരെ നിരുത്തരവാദപരമായ പരാമര്‍ശങ്ങള്‍ നടത്തിയതിന് മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കും ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിനും എതിരെ ആഞ്ഞടിച്ച യെദിയൂരപ്പ കോണ്‍ഗ്രസ് സര്‍ക്കാരിന് തങ്ങളെ വിമര്‍ശിക്കാന്‍ ധാര്‍മിക അവകാശം പോലുമില്ലെന്ന് അദ്ദേഹം പറഞ്ഞു. ആഗോളതലത്തില്‍ ആദരിക്കപ്പെടുന്ന പ്രധാനമന്ത്രിയെ ജനങ്ങള്‍ വരെ ആദരിക്കുന്നുണ്ട്. എന്നാല്‍ കോണ്‍ഗ്രസിന് മറ്റുള്ളവരെ കുറ്റപ്പെടുത്താന്‍ മാത്രമേ അറിയുള്ളുവെന്നും യെദിയൂരപ്പ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: