വിദ്യാധിരാജപാദാബ്ജസേവാലാലസമാനസം
ശ്രീ തീർത്ഥപാദപരമഹംസ സദ്ഗുരു മാശ്രയേ
ശ്രീ വിദ്യാധിരാജചട്ടമ്പിസ്വാമികളുടെ സന്ന്യാസിശിഷ്യനായിരുന്ന തീര്‍ത്ഥപാദപരമഹംസസ്വാമികളുടെ ജയന്തിദിനമാണ് തുലാമാസത്തിലെ പൂരം നാള്‍. പറവൂര്‍ വടക്കേക്കരയില്‍ മഠത്തില്‍ എന്ന കുടുംബത്തില്‍ 1881 ഒക്ടോബര്‍ 19നാണ് സ്വാമികളുടെ ജനനം. തോട്ടത്തില്‍ നാണുക്കുറുപ്പ് എന്നാണു അദ്ദേഹം അറിയപ്പെട്ടിരുന്നത്. പ്രസിദ്ധ പണ്ഡിതന്മാരായിരുന്ന മേനാക്കൈയ്‌മള്‍ വേലുണ്ണിത്താന്‍, മേനാക്കൈയ്‌മള്‍ കൃഷ്ണനുണ്ണിത്താന്‍, ഓണാക്കയ്‌മള്‍ കൃഷ്ണനുണ്ണിത്താന്‍ എന്നിവരില്‍ നിന്നും അദ്ദേഹം പ്രാഥമികവിദ്യാഭ്യാസവും മലയാളം, സംസ്കൃതം എന്നീ ഭാഷകളില്‍ പ്രാവീണ്യവും നേടി. പതിനാലാം വയസ്സില്‍ ശങ്കരഗിരി എന്ന യോഗിയില്‍ നിന്നും ഹഠയോഗം അഭ്യസിക്കുകയും ചെറിയനാണന്‍ എന്ന സന്ന്യാസിയോടൊപ്പം തമിഴ്നാട്ടില്‍ തീര്‍ത്ഥാടനം നടത്തുകയും ചിദംബരം ക്ഷേത്രത്തിനടുത്തുള്ള കൊവിലൂര്‍മഠത്തിലെ ശ്രീചിദംബരസ്വാമികളില്‍ നിന്നും ‘കൈവല്യനവനീതം’ എന്ന തമിഴ് വേദാന്തഗ്രന്ഥം ശ്രവിക്കുകയും ചെയ്തു. യാത്രയ്‌ക്ക് ശേഷം തിരികെയെത്തിയ സ്വാമികള്‍ ശാബ്ദികന്‍ ശ്രീ ചേന്നമംഗലം അയ്യാശാസ്ത്രി, വിദ്വാന്‍ രാമുണ്ണി ഇളയത് എന്നിവരില്‍ നിന്നും തര്‍ക്കവ്യാകരണാദിശാസ്ത്രങ്ങള്‍ പഠിച്ചു. കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ത്തമ്പുരാന്‍, കാത്തൊള്ളി അച്യുതമേനോന്‍ മുതലായ പണ്ഡിതകവികളുടെ പരിചയവും വാത്സല്യാനുഗ്രഹങ്ങളും അക്കാലത്ത് അദ്ദേഹം സമ്പാദിച്ചു. ചേന്ദമംഗലത്ത് പഠിച്ചുകൊണ്ടിരുന്ന കാലത്താണ് അദ്ദേഹത്തിനു ശ്രീ ചട്ടമ്പിസ്വാമികളെ കാണുവാന്‍ ഭാഗ്യം സിദ്ധിച്ചത്. സ്വാമികള്‍ ബാലനായ നാണുക്കുറുപ്പിന് പരിപാവനമായ ബാലാസുബ്രഹ്മണ്യമന്ത്രദീക്ഷ നല്‍കിയനുഗ്രഹിച്ചു.
ശ്രദ്ധാഭക്തികളോടെ അദ്ദേഹം മൂന്നു മാസം ആറങ്കാവ് സുബ്രഹ്മണ്യക്ഷേത്രത്തില്‍ ഭജനമിരുന്ന് മന്ത്രസിദ്ധിവരുത്തി. സ്വാമികളില്‍ നിന്നും യോഗശാസ്ത്രത്തിലെ രഹസ്യവിദ്യകള്‍ അഭ്യസിക്കുവാനും ദശോപനിഷത്തുകള്‍, ബ്രഹ്മസൂത്രങ്ങള്‍, ശ്രീമദ്‌ഭഗവദ്ഗീതാ, എന്നിവ ശാങ്കരഭാഷ്യസഹിതം പഠിക്കുവാനും അദ്ദേഹത്തിനു കഴിഞ്ഞു. അതിനുശേഷം ചട്ടമ്പിസ്വാമികള്‍ക്കൊപ്പം ഹിംസ്രജന്തുക്കള്‍ ധാരാളമുള്ള കോടനാട് എന്ന വനപ്രദേശത്ത് കുറച്ചുനാള്‍ അദ്ദേഹം താമസിച്ചു. ആ കാനനവാസത്തിനിടയില്‍ ഒരു തൈപ്പൂയദിവസം സമ്പ്രദായപ്രകാരമുള്ള ദീക്ഷാപൂര്‍വ്വം സ്വാമികള്‍ അദ്ദേഹത്തിനു അതിരഹസ്യമായ മഹാവാക്യോപദേശം നല്‍കിയനുഗ്രഹിച്ചു. ആ പുണ്യദിനത്തില്‍ തോട്ടത്തില്‍ നാണുക്കുറുപ്പ് എന്ന യുവാവ് തീര്‍ത്ഥപാദപരമഹംസര്‍ എന്ന സന്ന്യാസിവര്യനായി പരിവര്‍ത്തനം ചെയ്യപ്പെട്ടു.
ശ്രീ ചട്ടമ്പിസ്വാമികളുടെ പരമ്പരയാ ഉള്ള ആദ്ധ്യാത്മികോപദേശങ്ങള്‍ക്കാണ് തീര്‍ത്ഥപാദസമ്പ്രദായം എന്നു പറയുന്നത്. തീര്‍ത്ഥപാദസമ്പ്രദായത്തിലെ സന്ന്യാസിമാര്‍ക്കായി ഒരു ആശ്രമവ്യവസ്ഥ സ്ഥാപിച്ചത് പരമഹംസസ്വാമികളാണ്. കൊല്ലവര്‍ഷം 1087 ല്‍ അദ്ദേഹം കോട്ടയം ജില്ലയിലെ വാഴൂരില്‍ ‘തീര്‍ത്ഥപാദാശ്രമം’ സ്ഥാപിച്ചു. മദ്ധ്യതിരുവിതാംകൂറിലെ ആദ്യത്തെ ആശ്രമമാണിത്. ശ്രീ ചട്ടമ്പിസ്വാമികളുടെ ഷഷ്ടിപൂര്‍ത്തിസ്മാരകമായി എഴുമറ്റൂരില്‍ ‘പരമഭട്ടാരാശ്രമം’ എന്ന പുണ്യാശ്രമവും അദ്ദേഹം സ്ഥാപിച്ചു. ശ്രീ ചട്ടമ്പിസ്വാമികള്‍ കുലപതിയായും, ശ്രീ നീലകണ്‌ഠതീര്‍ത്ഥപാദസ്വാമികള്‍ ആശ്രമാധ്യക്ഷനായും വിജയിച്ചരുളിയ ആ ഗുരുകുലം തീര്‍ത്ഥപാദസമ്പ്രദായത്തിന്റെ കേന്ദ്രസ്ഥാനമായി മാറി. പിന്നീട് അയിരൂരില്‍ പമ്പാതീരത്ത് ഗുരുകുലാശ്രമവും അദ്ദേഹം സ്ഥാപിച്ചു. കാലക്രമേണ പ്രവര്‍ത്തനരഹിതമായെങ്കിലും ഈ ആശ്രമം ഇന്നു ശ്രീവിദ്യാധിരാജ ഗുരുകുലാശ്രമം എന്ന പേരില്‍ പുനരുജ്ജീവിപ്പിക്കപ്പെട്ടിട്ടുണ്ട്. ഇന്നും പ്രശസ്തമായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന അയിരൂര്‍ ചെറുകോല്‍പ്പുഴ ഹിന്ദുമഹാമണ്ഡലം ആരംഭിച്ചത് ശ്രീ തീര്‍ത്ഥപാദസ്വാമികളുടെ നിര്‍ദ്ദേശപ്രകാരമാണ്. അക്കാലത്ത് അയിരൂര്‍ ദേശത്തെ ജനങ്ങള്‍ പടയണി, തേരോട്ടം മുതലായ ആചാരങ്ങളില്‍ ഭ്രമിച്ച് ആദ്ധ്യാത്മികമായി ക്ഷയിച്ചുകൊണ്ടിരിക്കുകയായിരുന്നു. പടയണിയുടെയും മറ്റും കലാമൂല്യത്തെ അവഗണിച്ച് ആര്‍ഭാടങ്ങളില്‍ മാത്രമായിരുന്നു ജനങ്ങള്‍ ശ്രദ്ധിച്ചിരുന്നത്. മതവുമായും ഈശ്വരനുമായും ബന്ധമില്ലാത്ത ആചാരങ്ങള്‍ക്കുവേണ്ടിയുള്ള അനാവശ്യചിലവുകള്‍ നാടിനെ ക്ഷയിപ്പിച്ചുകൊണ്ടിരുന്നു. അതെല്ലാം തന്റെ ശിഷ്യരോട് ചേര്‍ന്നുനിന്നുകൊണ്ട് പരമഹംസസ്വാമികള്‍ നിര്‍ത്തലാക്കുകയും കരയോഗപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുകയും ചെയ്തു. അയിരൂര്‍ പുതിയകാവു ദേവീക്ഷേത്രത്തിലെ പടയണിയും കെട്ടുകാഴ്ചകളും നിര്‍ത്തുവാന്‍ അയിരൂര്‍, ചെറുകോല്‍ കരക്കാര്‍ അക്കാലത്ത് തീരുമാനിച്ചു. അതിന്റെ ഫലമായി പടയണിക്കുവേണ്ടി നിര്‍മ്മിച്ച കൂറ്റന്‍ ഏഴുനിലത്തേരിന്റെ ഉരുപ്പടികള്‍ കൊണ്ട് അയിരൂര്‍ സമാജമന്ദിരം നിര്‍മ്മിച്ചാണ് അനാചാരങ്ങള്‍ക്കെതിരെ കരക്കാര്‍ തങ്ങളുടെ പ്രവര്‍ത്തനം ആരംഭിച്ചത്. പുണ്യനദിയായ പമ്പയുടെ മണല്‍ത്തീരത്ത് വിശാലമായ പന്തല്‍ കെട്ടി ഇരുകരയിലുമുള്ള ഹിന്ദുക്കള്‍ ചേര്‍ന്നു ആരംഭിച്ച ആദ്ധ്യാത്മികപ്രഭാഷണ പരമ്പരയാണ് പില്‍ക്കാലത്ത് പ്രസിദ്ധമായിത്തീര്‍ന്ന ഹിന്ദുമതപരിഷത്ത്.
നായര്‍ സമുദായത്തെ ദുരഭിമാനത്തില്‍ നിന്നും മോചിപ്പിക്കുവാന്‍ അദ്ദേഹം ‘നായര്‍പുരുഷാര്‍ത്ഥസാധിനീസഭ’ സ്ഥാപിച്ചു. തന്റെ ശിഷ്യയായ ആദ്ധ്യാത്മഭാരതി ശ്രീ ചിന്നമ്മ അവര്‍കളിലൂടെ ‘ഹിന്ദുമഹിളാമന്ദിരം’ സ്ഥാപിച്ച് സ്ത്രീസമുദായോദ്ധരണവും സ്വാമികള്‍ സാദ്ധ്യമാക്കി. ആദ്ധ്യാത്മികപ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോട്ടയം കേന്ദ്രമാക്കി ‘അദ്ധ്യാത്മമിഷന്‍’ എന്ന സംഘടനയും അദ്ദേഹം സ്ഥാപിച്ചിരുന്നു. സാമാന്യജനങ്ങള്‍ക്കിടയില്‍ സനാതനധര്‍മ്മപരിചയം ഉണ്ടാക്കിക്കൊടുക്കുവാന്‍ അദ്ദേഹം കേരളമൊട്ടാകെ സഞ്ചരിച്ച് പ്രസംഗങ്ങള്‍ നടത്തി. ആ മഹാജ്ഞാനി 1114 ചിങ്ങമാസം 26-ാം തീയതി (11-9-1938) ഞായറാഴ്ച പകല്‍ പത്തരമണിക്ക് അന്നത്തെ ചങ്ങനാശ്ശേരി താലൂക്കിന്റെ കിഴക്കന്‍ പ്രദേശമായ ചെറുവള്ളില്‍ പീലിയാനിക്കല്‍ വീട്ടില്‍ വച്ച് വിദേഹമുക്തി പ്രാപിച്ചു. ശ്രീ വിദ്യാനന്ദതീര്‍ത്ഥപാദസ്വാമികള്‍ എന്ന ഉത്തമനായ സന്ന്യാസിശിഷ്യനെ പരമ്പരയുടെ സാരഥ്യം ഏല്‍പ്പിച്ചിട്ടാണ് ആ മഹാത്മാവ് ശരീരം ഉപേക്ഷിച്ചത്. ആ മഹാജ്ഞാനിയുടെ പാദപദ്മങ്ങളില്‍ പ്രണാമങ്ങള്‍ അര്‍പ്പിച്ചിടാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: