കൊച്ചി: സിനിമകളുടെ നവമാധ്യമപ്രചാരണത്തിന്റെ മറവില്‍ ഡിജിറ്റല്‍ പ്രൊമൊഷന് സംഘങ്ങള്‍ നടത്തുന്നത് ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ്. ഇതേക്കുറിച്ച് സിനിമാനിര്‍മ്മാതാക്കള്‍ തന്നെ അന്വേഷണം നടത്തിവരികയാണ്.
ഒരു സിനിമയുടെ പ്രൊമോഷന് ആളും തരവും നോക്കി അഞ്ച് ലക്ഷം മുതല്‍ 30 ലക്ഷം വരെ നിര്‍മ്മാതാവില്‍ നിന്നും വാങ്ങുന്നവരുണ്ട്. ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും സിനിമാസംബന്ധിയായ പേജുകള്‍ക്ക് നല്‍കാനെന്ന പേരിലാണ് വലിയൊരു തുക വാങ്ങുന്നത്. സിനിമയുടെ പ്രചാരണത്തിന് 10 കണ്ടന്റുകള്‍ പോസ്റ്റു ചെയ്യുന്നതിന് ഒരു പേജിന് 5000 രൂപ വീതം നല്‍കണമെന്ന് പറഞ്ഞാണ് വാങ്ങുന്നത്. എന്നാല്‍ ഇത്തരം പല പേജുകളും പ്രൊമോഷന് നടത്തുന്ന സംഘങ്ങളുടേത് തന്നെയാണ്.
ഫേസ്ബുക്കിനും ഇന്‍സ്റ്റഗ്രാമിലും റീച്ചുള്ളതായി ഇവര്‍ പറയുന്ന 50 പേജുകള്‍ക്ക് ഇങ്ങിനെ 5000 വീതം നല്‍കേണ്ടിവരും. പക്ഷെ പറയത്തക്ക പ്രയോജനം ഇതുകൊണ്ട് കിട്ടുന്നില്ലെന്നാണ് നിര്‍മ്മാതാക്കള്‍ പറയുന്നത്. നവമാധ്യമപ്രചാരണത്തിന് പുറമെ ബുക്ക് മൈ ഷോയില്‍ റേറ്റിംഗ് ഉയര്‍ത്തുക, യൂട്യൂബ് വ്യൂവര്‍ഷിപ്പ് കൂട്ടുക, തിയറ്ററുകളില്‍ ആളെ കയറ്റുക തുടങ്ങിയവ ഉള്‍പ്പെടുന്ന പാക്കേജാണ് ഡിജിറ്റല്‍ പ്രൊമോഷന് കാര്‍ നിര്‍മ്മാതാവിന് മുമ്പാകെ അവതരിപ്പിക്കുക. എന്നാല്‍ മുടക്കുന്ന തുകയ്ക്ക് പ്രയോജനം കിട്ടുന്നുണ്ടോ എന്നറിയാന്‍ നിര്‍മ്മാതാവിന് വഴിയൊന്നുമില്ല ബുക്ക് മൈ ഷോയില്‍ റേറ്റിംഗ് ഉയര്‍ത്താന്‍ ഒരു ലക്ഷമാണ് വാങ്ങുക.
ആദ്യമേ നിര്‍മ്മാതാവുമായി ഉറപ്പിക്കുന്ന തുകയുടെ പാതിയോളം തുക റിലീസിന് മുമ്പേ ഇവര്‍ വാങ്ങും. ബാക്കി തുക റിലീസിന് ശേഷവും വാങ്ങും. ഡിജിറ്റല്‍ പ്രൊമോഷന് നടത്തുന്നവരുടെ ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ ഗൂഗിള്‍പേയിലേക്ക് പണം നല്കുന്നതിനാല് അവര്‍ക്ക് നികുതിയും അടയ്ക്കേണ്ട. ഇതുവഴി അവര്‍ നികുതിവെട്ടിപ്പും നടത്തുന്നു. പൊതുവേ പുതുതായി ഇറങ്ങുന്ന മലയാളം സിനിമകള്‍ക്ക് തിയറ്ററര്‍ കളക്ഷന്‍ കുറയുന്നതോടെയാണ് നിര്‍മ്മാതാക്കള്‍ക്ക് ഇത്തരം ചെലവുകള്‍ കൂടുതല്‍ തലവേദനയാവുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: