തിരുവനന്തപുരം: കേരളീയത്തില്‍ വനവാസി ഗോത്ര വിഭാഗങ്ങളെ സര്‍ക്കാര്‍ പ്രദര്‍ശന വസ്തുവാക്കിയതില്‍ പരക്കേ ആക്ഷേപം. കേരളീയം സംഘാടക സമിതി ചെയര്മാന് മന്ത്രി വി. ശിവന്‍കുട്ടിയും പട്ടികജാതി-വര്‍ഗ വികസന വകുപ്പു മന്ത്രി കെ. രാധാകൃഷ്ണനും തമ്മില്‍ അഭിപ്രായ ഭിന്നത. വനവാസികളൊരിക്കലും ഷോകേസില്‍ വയ്ക്കേണ്ട ജനവിഭാഗമല്ലെന്ന് കെ. രാധാകൃഷ്ണന് തുറന്നടിച്ചു. എന്നാല്‍, വിവാദത്തിന്റെ ആവശ്യമില്ലെന്നായിരുന്നു വി. ശിവന്‍കുട്ടിയുടെ പ്രതികരണം.
കേരളീയത്തില്‍ വനവാസി ഗോത്ര വിഭാഗങ്ങളെ സര്‍ക്കാര്‍ പ്രദര്‍ശന വസ്തുവാക്കിയെന്ന വിമര്‍ശനത്തില്‍ പ്രതികരിക്കുകയായിരുന്നു കെ. രാധാകൃഷ്ണന്. ഗോത്ര വര്‍ഗക്കാരെ ഒരിക്കലും പ്രദര്‍ശന വസ്തുവാക്കരുത്. തെറ്റുപറ്റിയിട്ടുണ്ടെങ്കില്‍ നടപടി സ്വീകരിക്കേണ്ടത് ഫോക്ലോര് അക്കാദമിയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ആരെയും അവഹേളിക്കാനോ അപഹസിക്കാനോ ഉള്ള നിലപാടല്ല. ആദിവാസികള്‍ ഒരിക്കലും ഷോകേസില്‍ വയ്ക്കേണ്ട ജനവിഭാഗമല്ല. അവരുടെ കലയും സംസ്കാരവും ഭക്ഷണരീതിയുമെല്ലാം ലോകത്തിനു കാണിച്ചു കൊടുക്കേണ്ടത് അത്യന്താപേക്ഷിതമാണ്, മന്ത്രി പറഞ്ഞു. എന്നാല്‍, ആക്ഷേപങ്ങള്‍ അന്വേഷിച്ചതാണെന്നും അതില്‍ കഴമ്പില്ലെന്നും വി. ശിവന്‍കുട്ടി വ്യക്തമാക്കി.
വനവാസി വിഭാഗങ്ങളെ സര്‍ക്കാര്‍ പ്രദര്‍ശന വസ്തുവാക്കിയെന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളിലാണ് ആദ്യം വിമര്‍ശനമുയര്‍ന്നത്. സാംസ്കാരിക വകുപ്പിനു കീഴിലെ കേരള ഫോക്ലോര് അക്കാദമിയാണ് ‘ആദിമം’ എന്ന ലിവിങ് മ്യൂസിയം തയ്യാറാക്കിയത്. ഊരാളി, മാവിലര്‍, കാണി, മന്നാന്‍, പളിയര്‍ എന്നീ അഞ്ച് ആദിവാസി വിഭാഗങ്ങളെ ഉള്‍പ്പെടുത്തിയാണ് മ്യൂസിയം ഒരുക്കിയത്. മ്യൂസിയത്തില്‍ ആളുകൂടുമ്പോള്‍ പരമ്പരാഗത കലാപരിപാടികളും അവതരിപ്പിച്ചിരുന്നു. ഇവര്‍ കലാസംഘങ്ങളാണെന്നാണ് ഫോക് ലോര്‍ അക്കാദമിയുടെ വിശദീകരണം. ഊരുമൂപ്പന്മാരുമായി ചര്‍ച്ച ചെയ്താണ് പ്രദര്‍ശനം ഒരുക്കിയതെന്നും ഫോക്ലോര് അക്കാദമി ചെയര്മാന് ഒ.എസ്. ഉണ്ണിക്കൃഷ്ണന് പറഞ്ഞു.
ഒരുക്കിയിരിക്കുന്നത് കലാപ്രകടനമാണ്. വ്യാജ പ്രചാരണങ്ങള്‍ ഏറ്റുപിടിച്ച് വിമര്‍ശിക്കരുത്. തെറ്റു ബോധ്യപ്പെട്ടാല്‍ അംഗീകരിക്കുമെന്നും വേണ്ടിവന്നാല്‍ മാപ്പു പറയാന്‍ ത/ാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: