കൊച്ചി: ശബരിമലയിലെ മേല്‍ശാന്തി നിയമനത്തിനുള്ള നറുക്കെടുപ്പില്‍ ക്രമക്കേടു നടന്നെന്ന ഹര്‍ജിയില്‍ ഇതു സംബന്ധിച്ച വീഡിയോദൃശങ്ങളുടെ പകര്‍പ്പ് നിയുക്ത മേല്‍ശാന്തിയുടെ അഭിഭാഷകനു നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. നറുക്കെടുപ്പില്‍ ക്രമക്കേട് ആരോപിച്ചു തിരുവനന്തപുരം സ്വദേശി മധുസൂദനന്‍ നമ്പൂതിരി നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റിസ് അനില്‍. കെ. നരേന്ദ്രന്‍, ജസ്റ്റിസ് ജി. ഗിരീഷ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഈ നിര്‍ദേശം നല്‍കിയത്.
നിയുക്ത മേല്‍ശാന്തി പി.എന്‍. മഹേഷിനെ കഴിഞ്ഞ തവണ ഹര്‍ജി പരിഗണിച്ചപ്പോള്‍ കക്ഷി ചേര്‍ക്കാന്‍ നിര്‍ദേശിച്ചിരുന്നു. ഇതനുസരിച്ച് ഇന്നലെ അഭിഭാഷകന്‍ ഹാജരായി. നറുക്കെടുപ്പുമായി ബന്ധപ്പെട്ടുള്ള ചാനല്‍ വാര്‍ത്തയിലെ ദൃശ്യങ്ങള്‍ അടിസ്ഥാനമാക്കിയാണ് ഹര്‍ജിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചത്. നറുക്കെടുപ്പിനായി വെള്ളിക്കുടത്തില്‍ നിക്ഷേപിച്ച ചീട്ടുകളില്‍ ചിലതു മടക്കു നിവര്‍ന്ന നിലയിലായിരുന്നെന്നാണ് ഹര്‍ജിയിലെ ആരോപണം. ഇക്കാര്യം പരിശോധിക്കാന്‍ ശബരിമല സന്നിധാനത്തെ സിസിടിവി ദൃശ്യങ്ങള്‍ ഹൈക്കോടതി നിര്‍ദേശപ്രകാരം ദേവസ്വം ബോര്‍ഡ് ഹാജരാക്കിയിരുന്നു. ചാനല്‍ ദൃശങ്ങളും സിസിടിവി ദൃശ്യങ്ങളും നിയുക്ത മേല്‍ശാന്തിയുടെ അഭിഭാഷകന് വാട്ട്സ്ആപ്പ് മുഖേന നല്‍കാനാണ് ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചത്. ഹര്‍ജി ഇന്നു വീണ്ടും പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: