പരവൂര്‍: ദളിത് യുവതിയെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ച ശേഷം വിദേശത്തേക്ക് കടന്ന കോണ്‍ഗ്രസ് കൗണ്‍സിലര്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ പിടിയില്‍.
പരവൂര്‍ പെരുമ്പുഴ കുറുമണ്ടല്‍ കടയില്‍ കുന്നുംപുറം വീട്ടില്‍ വിജയ് (32) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പീഡന കേസില്‍ പരവൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതോടെ വിജയ് ദുബായിയിലേക്ക് മുങ്ങിയിരുന്നു.
കൗണ്‍സിലര്‍ പദവി ഉപയോഗിച്ച് യുവതിയുമായി അടുപ്പത്തിലാവുകയും പിന്നീട് വിവാഹ വാഗ്ദാനം നല്കി പീഡിപ്പിക്കുകയുമായിരുന്നു. വിവാഹം കഴിക്കണമെന്ന് യുവതി ആവശ്യപ്പെട്ടപ്പോള്‍ വിജയ് ഒഴിഞ്ഞുമാറി. ഇതോടെ യുവതി പരവൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്കി. കഴിഞ്ഞ 23 ന് പരവൂര്‍ പോലീസ് യുവതിയുടെ പരാതിയില്‍ കേസെടുത്തു. ഇതോടെ വിജയ് വിദേശത്തേക്ക് കടന്നു. ഇതിനിടയില്‍ പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു.
തുടര്‍ന്ന് ചാത്തന്നൂര്‍ എസിപി ബി.ഗോപകുമാറിന്റെ നേതൃത്വത്തില്‍ അന്വേഷണം ഏറ്റെടുത്ത് പ്രതിക്കെതിരെ ലുക്ക്ഔട്ട് പുറപ്പെടുവിച്ചതോടെ കഴിഞ്ഞദിവസം ദുബായില്‍ നിന്ന് തിരുവനന്തപുരത്ത് എത്തിയ വിജയ്യെ വിമാനത്താവളത്തില്‍ തടഞ്ഞുവയ്ക്കുകയും പോലീസിന് കൈമാറുകയുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: