Categories: Samskriti

ആത്മോന്നതിക്ക് ഉപയുക്തമായ ചിന്തകള്‍

Published by

ധ്യാനേന ഹേയാ വൃത്തയഃ
(യോ. സൂ. പാ. 2/11)
ധ്യാനം കൊണ്ടു നീചവൃത്തികളെ ത്യജിക്കണം.

രാഗോപഹതിര്‍ ധ്യാനം
(സാംഖ്യസൂത്രം. 3/30.)
രാഗത്തിന്റെ ശമനം ധ്യാനംവഴി സാധ്യമാകുന്നു. ഏതെങ്കിലും വസ്തുവില്‍ അനുരാഗയുക്തമാകുക എന്നത് ധ്യാനമാണ്.

ധീമഹി ആത്മനാ
ആത്മരൂപേണ ധ്യാനം കൃതാ
ധ്യാനം നാമ സര്‍വ്വശരീരേഷു
ചൈതനൈ്യകതാനതാ
ആത്മരൂപത്താല്‍ നാം ആത്മാവിനെ ധ്യാനിക്കുന്നു. ശരീരമാസകലം ചൈതന്യം വ്യാപിക്കുന്നതിന് ധ്യാനം എന്നു പറയുന്നു.

വയം ധ്യായേമ ധ്യേയതാ
മനസാ ധാരയേമ വാ
വയം ഉപസീമഹി
ഉപാസ്മഹേ വാ
നാം മനസ്സില്‍ ധ്യാനവസ്തുവിനെ ധാരണം ചെയ്യുന്നു, അഥവാ ഉപാസിക്കുന്നു.

ധ്യായതേ അനയാ ധ്യാനം വാ ധീഃ
ധ്യായതേ സംപ്രസാരണം ച ഇതി
ധീയഃ സംപ്രസാരണേ ഇതി ദീര്‍ഘഃ
(നിര്‍ണ്ണയകല്പവ്യാഖ്യാ. സം. ഭാ)
യാതൊന്നു മുഖേന ധ്യാനിക്കുന്നുവോ, അതിനെ ധ്യാനം അഥവാ ധീ എന്നു പറയുന്നു.

ധ്യാനേന ലഭതേ മോക്ഷം
മോക്ഷേണ ലഭതേ സുഖം
സുഖേനാനന്ദവൃദ്ധിഃ
സ്യാദാനന്ദോ ബ്രഹ്മവിഗ്രഹഃ
(രുദ്രയാമളോത്തര തന്ത്രേ പട)

ധ്യാനംമുഖേന മോക്ഷം ലഭിക്കുന്നു. മോക്ഷത്താല്‍ സുഖം ലഭിക്കുന്നു. സുഖം കൊണ്ടു ആനന്ദം വര്‍ദ്ധിക്കുന്നു. ആനന്ദം ബ്രഹ്മസ്വരൂപമാകുന്നു.

ബ്രഹ്മൈവ സാക്ഷിരൂപമിതി തല്ലക്ഷണതയാ
ധ്യാതിതമുപപന്നമിതി
(നിര്‍ണ്ണയകല്പം)

ബ്രഹ്മം തന്നെയാണ് സാക്ഷിരൂപത്തില്‍ വസിക്കുന്നത്. ഈ ഉദ്ദേശത്തോടെ ധ്യാനം ചെയ്യുന്നത് യോഗ്യമാണ്.

അഹം ബ്രഹ്മേതി ധീമഹി
(അഗ്‌നിപുരാണം. അ. 216/18)
ഞാന്‍ ബ്രഹ്മരൂപമാണ് എന്ന ഭാവനയോടെ ധ്യാനിക്കുന്നു.

ധീമഹിയുടെ സിദ്ധി
ധീങ് ആധാരേ, ലിങ് ബഹുലം
ഛന്ദസീതി വികരണസ്യ
ലുകാധ്യാതൃധ്യേയ വ്യാപാരാം
ഭിന്നത്വമേവ ധ്യാനം
(ഗൃഹ്യപരിശിഷ്ടേ സായണ)

ആധാരമെന്ന അര്‍ത്ഥത്തില്‍ ധിങ് ധാതുവില്‍ നിന്നും ലിങ് ബഹുലം ഛന്ദസി എന്ന സൂത്രമനുസരിച്ച് വികരണം ലോപിക്കുന്നതിനാല്‍ ധ്യാനം എന്ന പദമുണ്ടാകുന്നു. അതായത് ധ്യാനിക്കുന്നവനും ധ്യാനിക്കപ്പെടുന്ന വസ്തുവും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ടാകുക. ഇതിനു ധ്യാനം എന്നു പറയുന്നു.

ധൈ്യ ചിന്തായാം ധ്യായതേര്‍ലിങ് ബഹുലം ഛന്ദസീതി
സമ്പ്രസാരണം അവ്യത്യയേനാത്മനേപദം ധ്യായാമഃ
ചിന്തയാമഃ നിഗമ നിരുക്ത വിധാന രൂപേണ ചക്ഷുഷാ
നിദിധ്യാസം തദ്വിഷയം കുര്‍മ ഇതി
( ഭാരദ്വാജഗൃഹ്യ പരിശിഷ്ടം)
ചിന്തനം എന്ന അര്‍ത്ഥത്തില്‍ ‘ധൈ്യ’ധാതുവില്‍ നിന്നും ബഹുലം ഛന്ദസി എന്ന സൂത്രമനുസരിച്ച് സമ്പ്രസാരണം ചെയ്തു വ്യത്യയപ്പെടുത്തി ‘ആത്മനേപദം’ഉണ്ടായി. അര്‍ത്ഥം നിഗമനം നിരുക്തവും വിധാനരൂപവുമായ നേത്രങ്ങളാല്‍ ആ സ്വരൂപത്തെ ചിന്തിക്കുന്നു, ധ്യാനിക്കുന്നു.

ആത്മോന്നതിക്കു ഉപയുക്തമായ ചിന്തകള്‍ക്കു മാത്രമേ ധ്യാനമണ്ഡലത്തില്‍ സ്ഥാനം നല്‍കാവൂ എന്നതാണ് ധീമഹിയുടെ നിര്‍ദ്ദേശം. ധ്യാനം, ചിന്തനം, സങ്കല്പം, ഓര്‍മ്മ, ഇച്ഛ, ആകാംക്ഷ എന്നിവയില്‍ നാം പ്രതിഷ്ഠിക്കുന്ന ആദര്‍ശങ്ങളുടെയും അവയുടെ ഗതിയുടെയും അടിസ്ഥാനത്തില്‍ ജീവിതരീതി രൂപീകരിക്കപ്പെടുകയും അതിന്‍പ്രകാരം ഫലം ലഭിക്കുകയും ചെയ്യുന്നു. അതിനാല്‍ ധ്യാനമണ്ഡലം ഏറ്റവുമധികം പവിത്രമാക്കുകയും അതില്‍ സൂക്ഷ്മത പാലിക്കുകയും ചെയ്യേണ്ടതാവശ്യമാണ്. മനസ്സിലും മസ്തിഷ്‌ക്കത്തിലും തത്
(ഈശ്വരന്‍), സവിതുഃ (തേജോമയം), വരേണ്യം (ശ്രേഷ്ഠം), ഭര്‍ഗഃ(ശക്തിശാലി), ദേവസ്യ(ദിവ്യം) ധാരണം ചെയ്യുമ്പോള്‍ മാത്രമേ ഗായത്രിയില്‍ നിക്ഷിപ്തമായിരിക്കുന്ന ലക്ഷ്യത്തിലെത്താന്‍ സാധിക്കുകയുള്ളൂ.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക