കാസര്‍കോട് : ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ മഞ്ചേശ്വരം മുന്‍ എംഎല്‍എ എം.സി. കമറുദ്ദീനെതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. നിക്ഷേപകരില്‍ നിന്നും പണം തട്ടി വിദേത്തേയ്ക്ക് കടത്തിയെന്നാണ് ആരോപണം. കമറുദ്ദീനെ കൂടാതെ 29 പേരെയാണ് കേസില്‍ പ്രതിചേര്‍ത്തിട്ടുള്ളത്. നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട് 168 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
ബഡ്സ് ആക്ട്, നിക്ഷേപക താല്പര്യ സംരക്ഷണ നിയമം, ഐ.പി.സി 420, 406, 409 എന്നീ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങളാണ് ചുമത്തിയത്. രേഖകളുടെ ഫോറന്‍സിക് പരിശോധന പൂര്‍ത്തിയായ കേസുകളിലാണ് ആദ്യം കുറ്റപത്രം സമര്‍പ്പിച്ചത്. 2020 ഓഗസ്റ്റ് 27 നാണ് ഇത് സംബന്ധിച്ച് ആദ്യ കേസ് ചന്തേര സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്യുന്നത്. തട്ടിപ്പ് പുറത്തുവന്നതിനെ തുടര്‍ന്ന് നിക്ഷേപകര്‍ ഹൈക്കോടതിയെ സമീപിച്ചു. ഫാഷന്‍ ഗോള്‍ഡ് ഡയറക്ടര്‍മാരില്‍ പലരും വിദേശത്തേയ്ക്ക് പണവുമായി കടന്നെന്നാണ് ഇതില്‍ ആരോപിക്കുന്നത്.
അന്വേണം കാര്യക്ഷമമല്ലെന്ന ആരോപണങ്ങള്‍ക്കിടെയാണ് ക്രൈംബ്രാഞ്ചിപ്പോള്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. പ്രതികളില്‍ പലരും വിദേശത്താണ്. ഇതില്‍ ലുക്ക്ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചയാളെ പോലും കണ്ടെത്താന്‍ അന്വേഷണ സംഘത്തിനായില്ല. കിലോക്കണക്കിന് സ്വര്‍ണം ഇവര്‍ കടത്തിയതായി മൊഴിയുണ്ടെന്നും ഇതെല്ലാം വിദേശത്ത് ബിനാമികളുടെ പേരില്‍ നിക്ഷേപിച്ചിട്ടുണ്ട്. ഇവ കണ്ടെത്താന്‍ ക്രൈംബ്രാഞ്ച് അന്വേഷണം പര്യാപ്തമല്ല. അന്വേഷണം സിബിഐക്ക് കൈമാറണമെന്നുമാണ് നിക്ഷേപകരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: