സുരക്ഷിതമല്ലാത്ത വെബ്സൈറ്റുകളും ആപ്പുകളും ഉപയോഗിക്കുന്നതിന് തടയിടാൻ രാജ്യത്ത് വിവിധ മാർഗങ്ങളാണ് അധികൃതർ സ്വീകരിച്ചിട്ടുള്ളത്. എന്നാൽ ഇവ മറികടക്കാൻ ചിലർ വിപിഎൻ ആപ്പുകൾ ഉപയോഗിക്കാറുണ്ട്. അപ്പോഴത്തെ ആവശ്യം നടക്കുക എന്ന ലക്ഷ്യത്തോടെ ഉപയോഗിക്കുന്ന ഇത്തരം ആപ്പുകൾ സുരക്ഷിതമാണോ എന്ന് ആരും തിരക്കാറില്ല. എന്നാൽ ഇപ്പോഴിതാ ഇതിനൊരു പരിഹാരവുമായി ഗൂഗിൾ എത്തിയിരിക്കുകയാണ്.
ഗൂഗിൾ പ്ലേ സ്റ്റോറിലെ വിപിഎൻ ആപ്പുകളിലും മറ്റ് ചില വിഭാഗങ്ങളിൽ ഉൾപ്പെട്ട ആപ്ലിക്കേഷനുകളിലും ആപ്പുകൾ വിശ്വാസയോഗ്യമാണോ എന്നും സുരക്ഷിതമാണോ എന്നും ഉറപ്പുവരുത്തുന്നതിനുള്ള ബാനറുകൾ ഇനി മുതൽ പ്രദർശിപ്പിക്കും. ആപ്പുകൾ സ്വതന്ത്ര സുരക്ഷാ പരിശോധനകൾക്ക് വിധേയമായിട്ടുണ്ടെന്ന് കാണിക്കുന്ന ലേബലാണ് ബാനറുകളിലുള്ളതെന്ന് ഗൂഗിൾ പറയുന്നു. ഇത്തരത്തിൽ കൃത്യമായ വിവരം ഉപയോക്താക്കളിലേക്ക് പങ്കുവെയ്‌ക്കുന്നതിനായി ഗുഗിൾ പ്ലേ സ്റ്റോർ ബാനർ അവതരിപ്പിക്കുകയാണെന്ന് ഗൂഗിൾ അറിയിച്ചു.
ഗൂഗിൾ പ്ലേ സ്റ്റോറിലെത്തി വിപിഎൻ ആപ്പുകൾ തിരയുമ്പോൾ മുകളിലായി ഒരു ബാനർ കാണാൻ സാധിക്കും. ലേൺ മോർ എന്ന ഓപ്ഷൻ ടാപ്പ് ചെയ്യുകയാണെങ്കിൽ ഒരു ആപ്പ് വാലിഡേഷൻ ഡയറക്ടറിയിലേക്ക് പോകും. ഇവിടെ സ്വതന്ത്ര സുരക്ഷാ പരിശോധനയ്‌ക്ക് വിധേയമായിരിക്കുന്ന എല്ലാ വിപിഎൻ ആപ്പുകളെയും കാണാൻ സാധിക്കും. ഏത് ആപ്പ് ഡൗൺലോഡ് ചെയ്യണമെന്ന് തീരുമാനിക്കാൻ ഇതിലെ വിവരങ്ങൾ സഹായകമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: