കൊല്ലം: ഭിന്നശേഷിക്കാരന്റെ പെന്‍ഷന്‍ പണം തിരിച്ചടയ്‌ക്കാന്‍ ആവശ്യപ്പെടുന്ന വിചിത്ര ഉത്തരവുമായി ധനവകുപ്പ്. 13 വര്‍ഷത്തിനിടെ വികലാംഗ പെന്‍ഷനായി വാങ്ങിയ 1.23 ലക്ഷം രൂപ തിരിച്ചടയ്‌ക്കണമെന്ന് ആവശ്യപ്പെട്ടാണ് ധനവകുപ്പ് നോട്ടീസ് നല്കിയിരിക്കുന്നത്. കൊല്ലം, പരവൂര്‍ കലയ്‌ക്കോട് സ്വദേശിയായ സുധാഭവനില്‍ ഭിന്നശേഷിക്കാരനായ ആര്‍.എസ്. മണിദാസിനാണ് നോട്ടീസ് ലഭിച്ചത്. ഒരാഴ്ചയ്‌ക്കകം തുക അടയ്‌ക്കണമെന്നാണ് ഉത്തരവിലുള്ളത്.
ഡൗണ്‍ സിന്‍ഡ്രോമിന് പുറമെ 80 ശതമാനം ബുദ്ധിവൈകല്യമടക്കം മറ്റ് പ്രശ്‌നങ്ങളുമുള്ള മണിദാസിന് ആകെയുള്ള ആശ്രയം 70 വയസിന് മുകളില്‍ പ്രായമുള്ള മാതാപിതാക്കളാണ്. വികലാംഗ പെന്‍ഷന്‍ കഴിഞ്ഞ 13 വര്‍ഷമായി മണിദാസിന് കിട്ടുന്നുണ്ട്. ഈ പെന്‍ഷന്‍ തുകയാണ് ഉടന്‍ തിരിച്ചടയ്‌ക്കണമെന്ന് ധനവകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്. സര്‍ക്കാര്‍ സ്‌കൂളില്‍ തയ്യല്‍ അധ്യാപിക ആയിരുന്ന മണിദാസിന്റെ അമ്മയ്‌ക്ക് പെന്‍ഷന്‍ ഉണ്ടെന്ന കാരണം പറഞ്ഞാണ് ധനവകുപ്പിന്റെ നടപടി.
മണിദാസ് വികലാംഗ പെന്‍ഷന് അപേക്ഷിക്കുമ്പോള്‍ അമ്മയ്‌ക്ക് തുച്ഛമായ തുകയായിരുന്നു പെന്‍ഷന്‍. കഴിഞ്ഞവര്‍ഷമാണ് തുക തിരിച്ചുപിടിക്കാന്‍ സര്‍ക്കാര്‍ നീക്കം തുടങ്ങിയത്. അച്ഛന് വരുമാന മാര്‍ഗമില്ല. അമ്മയുടെ പെന്‍ഷന്‍ മണിദാസിന്റെ ചികിത്സക്ക് പോലും തികയുന്നില്ല. ഈ സാഹചര്യത്തിലാണ് ഒന്നര ലക്ഷത്തിന് അടുത്തുള്ള പെന്‍ഷന്‍ തുക ഒരാഴ്ചയ്‌ക്കകം തിരിച്ചടയ്‌ക്കണമെന്ന നിര്‍ദേശം എത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: