കേരളത്തെ ബ്രാന്‍ഡു ചെയ്യാന്‍ വേണ്ടിയെന്ന അവകാശവാദവുമായി സംഘടിപ്പിച്ച കേരളീയം എത്രമാത്രം നിയമവിരുദ്ധവും ജനാധിപത്യവിരുദ്ധവുമാണ് എന്നതിന്റെ തെളിവായിരുന്നു ഭരണഘടനാപരമായി സര്‍ക്കാരിന്റെ തലവനായി കണക്കാക്കപ്പെടുന്ന ഗവര്‍ണറെ ആ പരിപാടിയിലേക്ക് ക്ഷണിക്കാതിരുന്നത്. മന്ത്രിസഭ പാസ്സാക്കിയ ചില ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പിടാതെയിരുന്നിട്ടുണ്ടാവാം. അതിന് വ്യക്തമായ കാരണങ്ങളുണ്ട്. ഇത്തരം ബില്ലുകള്‍ പരിശോധിക്കാനുള്ള വിവേചനാധികാരം ഗവര്‍ണര്‍ക്കുണ്ട്. ഏതെങ്കിലുമൊരു ബില്ലില്‍ നിശ്ചിത സമയത്തിനകം ഗവര്‍ണര്‍ ഒപ്പിട്ടിരിക്കണം എന്നൊരു നിയമവുമില്ല. ബില്ലുകള്‍ രാഷ്ട്രപതിയുടെ പരിശോധനയ്ക്കു വിടാനും ഗവര്‍ണര്‍ക്ക് അധികാരമുണ്ട്. ഇക്കാര്യത്തില്‍ എതിര്‍പ്പും വിയോജിപ്പുമുണ്ടെങ്കില്‍ നിയമത്തിന്റെ മാര്‍ഗം സ്വീകരിക്കുകയാണ് വേണ്ടത്. ഇങ്ങനെ ചെയ്യുന്നതില്‍ തനിക്ക് യാതൊരു എതിര്‍പ്പും ഇല്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുള്ളതുമാണ്. സുപ്രീംകോടതിയുടെ നോട്ടീസ് ലഭിച്ചാല്‍ മറുപടി നല്‍കുമെന്നും പറഞ്ഞിട്ടുണ്ട്. പക്ഷേ ഇതിന്റെ പേരില്‍ സംസ്ഥാനത്തിന്റെ ഖജനാവില്‍നിന്ന് പണമെടുത്ത് സംഘടിപ്പിക്കുന്ന ഒരു പരിപാടിയില്‍ ഗവര്‍ണറെ പങ്കെടുപ്പിക്കാതിരുന്നത് സര്‍ക്കാരിന്റെ രാഷ്ട്രീയ പകപോക്കലാണ്. ഈ സര്‍ക്കാര്‍ ഗവര്‍ണറെ അംഗീകരിക്കുന്നില്ലെന്ന പരസ്യപ്രഖ്യാപനം പിണറായി സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് പലപ്പോഴും ഉണ്ടായിട്ടുണ്ട്. ബിജെപി ഭരിക്കുന്ന കേന്ദ്രസര്‍ക്കാരിനോടുള്ള വിരോധം ഗവര്‍ണറോട് തീര്‍ക്കുന്ന രീതിയും സര്‍ക്കാര്‍ അവലംബിക്കുന്നു. ഗവര്‍ണര്‍ ഞങ്ങളുടെ ചെയ്തികളെ ചോദ്യം ചെയ്യാന്‍ പാടില്ല, രാഷ്ട്രീയ ചട്ടുകമായി പ്രവര്‍ത്തിച്ചുകൊള്ളണം എന്നാണ് സിപിഎമ്മും സര്‍ക്കാരും പറയാതെ പറയുന്നത്.
സ്വാശ്രയ കോളജ് കേസില്‍ വിധി പറഞ്ഞ ഹൈക്കോടതി ചീഫ് ജസ്റ്റിസിനെ നാടുകടത്താന്‍ ശ്രമിച്ചതുപോലെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെയും കുടിയിറക്കാമെന്നാണ് സിപിഎമ്മും സര്‍ക്കാരും കരുതിയത്. തങ്ങളുടെ താളത്തിനു തുള്ളാത്ത, നിയമപരമായി പ്രവര്‍ത്തിക്കുന്ന ഒരു ഗവര്‍ണര്‍ ഇവിടെ വേണ്ടെന്ന പ്രഖ്യാപിത നിലപാടാണ് പിണറായി സര്‍ക്കാരിനുള്ളത്. ഇതിന്റെ ഭാഗമായിരുന്നു സര്‍വകലാശാലകളുടെ ചാന്‍സലര്‍ പദവികളില്‍നിന്ന് നീക്കിയത്. സംസ്ഥാനത്തെ സര്‍വകലാശാലകള്‍ സിപിഎം നേതാക്കളുടെയും അവരുടെ ബന്ധുക്കളുടെയും സഹയാത്രികരുടെയും തൊഴിലുറപ്പു കേന്ദ്രങ്ങളാക്കുന്നതിനെ ചോദ്യം ചെയ്തതാണ് ഗവര്‍ണര്‍ ഇക്കൂട്ടരുടെ അനഭിമതനാകാന്‍ കാരണം. ഇതുമായി ബന്ധപ്പെട്ട കേസുകളില്‍ അധികാര ദുരുപയോഗത്തിലൂടെ ചിലപ്പോഴൊക്കെ ഗവര്‍ണറെ മറികടക്കാന്‍ സര്‍ക്കാരിന് സാധിച്ചിട്ടുണ്ടെങ്കിലും ഭരണഘടനയും നിയമവും ഇതിനൊക്കെ അപ്പുറമാണ്. ഇതിനു തെളിവാണല്ലോ കണ്ണൂര്‍ വിസി പദവി സ്വന്തക്കാരന് നീട്ടിക്കൊടുത്ത നടപടിയെ സുപ്രീംകോടതി ഇക്കഴിഞ്ഞ ദിവസം വിമര്‍ശിച്ചത്. ഗവര്‍ണറെ വെല്ലുവിളിച്ച് കലാമണ്ഡലം ചാന്‍സലര്‍ സ്ഥാനത്ത് മോദി വിരുദ്ധത കൊണ്ടുനടക്കുന്ന ഒരു വനിതയെ പ്രതിഷ്ഠിച്ചപ്പോള്‍ പറഞ്ഞിരുന്നത് അവര്‍ക്ക് ശമ്പളമൊന്നും വേണ്ടെന്നാണ്. ഇപ്പോള്‍ ഈ വനിത തനിക്ക് ഭീമമായ ശമ്പളം നല്‍കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. അത് അംഗീകരിക്കാനാണ് എല്ലാ സാധ്യതയും. സ്വന്തം രാഷ്ട്രീയ താല്‍പ്പര്യം സംരക്ഷിക്കാന്‍ നികുതിപ്പണം ഉപയോഗിക്കുന്ന മുഖ്യമന്ത്രിയുടെ രീതിയാണിത്. നഷ്ടം ജനങ്ങള്‍ക്കാണല്ലോ. പാര്‍ട്ടിക്കും സര്‍ക്കാരിനും നേട്ടം ഉണ്ടാവുകയും ചെയ്യും.
പിണറായി സര്‍ക്കാര്‍ പ്രയോഗിക്കുന്ന സമ്മര്‍ദ്ദങ്ങള്‍ക്കും ഭീഷണികള്‍ക്കുമൊന്നും താന്‍ വഴങ്ങില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഒരിക്കല്‍ക്കൂടി വ്യക്തമാക്കിയിരിക്കുകയാണ്. സംസ്ഥാന സര്‍ക്കാരിന്റെ ധൂര്‍ത്തിനെതിരെ ഗവര്‍ണര്‍ ആഞ്ഞടിച്ചിരിക്കുന്നു. സംസ്ഥാനം സാമ്പത്തികമായി പ്രതിസന്ധിയിലാണെന്ന് കോടതിയില്‍ പോയി പറയുന്ന സര്‍ക്കാര്‍ അനാവശ്യ കാര്യങ്ങള്‍ക്ക് പണം ധൂര്‍ത്തടിക്കുന്ന നടപടികള്‍ അക്കമിട്ടു നിരത്തിയിരിക്കുകയാണ്. പാവപ്പെട്ടവര്‍ക്കു പെന്ഷന് പോലും നല്കാതിരിക്കുമ്പോള് കേരളീയം പോലുള്ള പരിപാടികള്‍ക്ക് കോടിക്കണക്കിന് രൂപ പൊടിക്കുന്നതും, വ്യക്തിഗത ആവശ്യങ്ങള്‍ക്കുവേണ്ടി നീന്തല്‍ക്കുളം പോലുള്ളവ നിര്‍മിക്കുന്നതും അംഗീകരിക്കാനാവില്ലെന്ന നിലപാടാണ് ഗവര്‍ണര്‍ സ്വീകരിക്കുന്നത്. അധികം ചെലവു വരുന്ന കാര്യങ്ങള്‍ക്ക് തന്റെ അനുമതി വേണമെന്ന മുന്നറിയിപ്പും ഗവര്‍ണര്‍ നല്കിയിരിക്കുന്നു. സ്വാഭാവികമായും ഇതു സംബന്ധിച്ച ചോദ്യങ്ങള്‍ ഗവര്‍ണറുടെ ഭാഗത്തുനിന്ന് ഉണ്ടാവുമെന്ന് കരുതാം. സര്‍ക്കാര്‍ അതിന് മറുപടി നല്‍കേണ്ടിയും വരും. ബില്ലുകളുടെ കാര്യത്തില്‍ തനിക്ക് വിശദീകരണം നല്‍കാത്ത മന്ത്രിമാരുടെയും മുഖ്യമന്ത്രിയുടെയും നിലപാട് അംഗീകരിക്കാനാവില്ലെന്ന് ആവര്‍ത്തിക്കുകയാണ് ഗവര്‍ണര്‍. സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളെയും ധൂര്‍ത്തിനെയും വിമര്‍ശിച്ചെന്നു വരുത്തി ഔദ്യോഗിക പ്രതിപക്ഷമായ കോണ്‍ഗ്രസ്സ് ഒത്തുകളിക്കുമ്പോള്‍ അനീതി ചോദ്യം ചെയ്യാന്‍ ആര്‍ജവമുള്ള ഒരു ഗവര്‍ണര്‍ ഉണ്ടായതില്‍ ജനങ്ങള്‍ സന്തോഷിക്കുകയാണ്. ഭരണപക്ഷത്തിന്റെയും പ്രതിപക്ഷത്തിന്റെയും ഒത്തുകളിയും കള്ളക്കളിയുമാണ് ഇതിലൂടെ പൊളിയുന്നത്. സിപിഎമ്മിന്റെ ഏകാധിപത്യഭരണമാണ് പിണറായി സര്‍ക്കാര്‍ കാഴ്ചവച്ചുകൊണ്ടിരിക്കുന്നത്. ഇതിനെതിരെ നിയമവാഴ്ചയുടെ പക്ഷത്തുനിന്നുകൊണ്ട് പൊരുതുകയാണ് ഗവര്‍ണര്‍ ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: