കൊച്ചി: കോടതിയലക്ഷ്യക്കേസില്‍ ഹാജരാകാതിരുന്ന ചീഫ് സെക്രട്ടറിക്കും ഗതാഗത വകുപ്പു സെക്രട്ടറിക്കും ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. ഇവരുടെ നടപടി കോടതിയെ നാണം കെടുത്തുന്നതാണെന്ന് വാക്കാല്‍ പറഞ്ഞ ഹൈക്കോടതി എന്തു പരിപാടിയുണ്ടെങ്കിലും ഈ മാസം എട്ടിന് ഇരുവരും ഓണ്‍ലൈന്‍ മുഖേന ഹാജരാകണമെന്ന് ഉത്തരവിട്ടു. ചീഫ് സെക്രട്ടറിയും ഗതാഗത വകുപ്പു സെക്രട്ടറിയും മുന്‍കൂട്ടി നിശ്ചയിച്ച പരിപാടികളുണ്ടെന്ന കാരണം പറഞ്ഞ് കോടതിയലക്ഷ്യക്കേസുകളില് ഹാജരാകാത്ത സാഹചര്യത്തിലാണ് ജസ്റ്റിസ് ദേവന് രാമചന്ദ്രന് വിമര്‍ശനം ഉന്നയിച്ചത്.
കെഎസ്ആര്‍ടിസിയിലെ പെന്ഷന് വൈകുന്നതുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യക്കേസിലും എറണാകുളം അമ്പലമുകളിലെ വ്യവസായ മലിനീകരണവുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യക്കേസിലും ചീഫ് സെക്രട്ടറി ഡോ. വി. വേണു ഓണ്‍ലൈന്‍ മുഖേന ഹാജരാകണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.
കെഎസ്ആര്‍ടിസിയിലെ പെന്‍ഷന്‍കാരുടെ കേസില്‍ ഗതാഗത വകുപ്പു സെക്രട്ടറി ബിജു പ്രഭാകറും ഹാജരാകേണ്ടിയിരുന്നു. ഇവര്‍ ഇന്നലെ ഹാജരായില്ല. പകരം ‘മുന്‍കൂട്ടി നിശ്ചയിച്ച മറ്റു ജോലി’കളുള്ളതിനാല്‍ ഹാജരാകാനാകില്ലെന്ന് സത്യവാങ്മൂലം നല്കി. ഇതിനെത്തുടര്‍ന്നാണ് ഹൈക്കോടതി വിമര്‍ശനം
കെഎസ്ആര്‍ടിസി പെന്‍ഷന്‍കാര്‍ക്ക് മൂന്നുമാസത്തെ പെന്ഷന് കിട്ടാനുണ്ട്. മുന്നോട്ടു പോകാന്‍ കഴിയില്ലെന്ന് അവര്‍ പറയുന്നു. പെന്ഷന് ലഭിച്ചില്ലെങ്കില്‍ ഇവരുടെ കുടുംബം എങ്ങനെ ഭക്ഷണം കഴിക്കുമെന്ന് ചിന്തിക്കണ്ടേ? ഇവരുടെ അവസ്ഥയില്‍ ഏതൊരാള്‍ക്കും സഹതാപം തോന്നും. എന്നാല്‍ ഇവരുടെ ദുര്ഗതിയെക്കാള് മുന്‍കൂട്ടി നിശ്ചയിച്ച പരിപാടികളാണ് വലുതെന്ന് ചീഫ് സെക്രട്ടറിയും ഗതാഗത വകുപ്പു സെക്രട്ടറിയും പറയുന്നു. മുന്‍കൂട്ടി നിശ്ചയിച്ച പരിപാടികള്‍ കാരണം ഇവര്‍ക്ക് സമയം ചെലവിടാന്‍ കഴിയുന്നില്ല. കോടതിക്ക് ഇക്കാര്യത്തില്‍ മൂകമായിരിക്കാനാകില്ല, കോടതി വാക്കാല്‍ പറഞ്ഞു.
അമ്പലമുകളിലെ മലിനീകരണത്തെക്കുറിച്ച് ഹര്‍ജിയില്‍ പറയുന്നതു ശരിയാണെങ്കില്‍ ഈ മേഖലയിലെ പ്രായമായവരും രോഗികളുമുള്‍പ്പെടെയുള്ളവര്‍ ഏറെ ഹാനികരമായ സാഹചര്യത്തിലാണ് കഴിയുന്നത്. മുന്‍കൂട്ടി നിശ്ചയിച്ച എന്തൊക്കെ പരിപാടികളുണ്ടെങ്കിലും നാളെ കേസ് പരിഗണിക്കുമ്പോള്‍ ചീഫ് സെക്രട്ടറി ഓണ്‍ലൈന്‍ മുഖേന ഹാജരാകണം. ഓണ്‍ലൈനില്‍ ഹാജരായി അഞ്ചോ പത്തോ മിനിറ്റ് ചെലവിടാന്‍ കഴിയില്ലെന്ന് ഇവര്‍ പറയുന്നത് എന്തുകൊണ്ടാണെന്നു മനസ്സിലാകുന്നില്ലെന്നും കോടതി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: