ന്യൂദല്‍ഹി: ഭീകര സംഘടന പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധിച്ചതിനെതിരേ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. നിരോധനം ശരിവച്ച ദല്‍ഹിയിലെ യുഎപിഎ ട്രിബ്യൂണലിനെതിരേ പിഎഫ്ഐ ചെയര്മാന് ഒ.എം.എ. സലാം നല്കിയ റിട്ട് ഹര്‍ജിയാണ് കോടതി തള്ളിയത്. ഇതിന് ആദ്യം ഹൈക്കോടതിയെ സമീപിക്കാന്‍ ഹര്‍ജിക്കാരനോട് കോടതി നിര്‍ദേശിച്ചു.
കഴിഞ്ഞ വര്‍ഷം സപ്തംബര്‍ 27നാണ് പിഎഫ്ഐയെയും എട്ട് അനുബന്ധ സംഘടനകളെയും അഞ്ചുവര്‍ഷത്തേക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധിച്ചത്. യുഎപിഎ നിയമത്തിലെ മൂന്നാം വകുപ്പു പ്രകാരമുള്ള നിരോധനത്തിനെതിരേ സംഘടന ട്രിബ്യൂണലിനെ സമീപിച്ചു. രാജ്യസുരക്ഷ, ക്രമസമാധാന ലംഘനം എന്നിവ കണക്കിലെടുത്ത് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച നടപടിയില്‍ ഇടപെടില്ലെന്നും നിരോധനം ശരിവയ്ക്കുന്നെന്നുമായിരുന്നു ദല്‍ഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദിനേശ് കുമാര്‍ അധ്യക്ഷനായ യുഎപിഎ ട്രിബ്യൂണല്‍ വിധി.
ട്രിബ്യൂണല്‍ വിധിക്കെതിരേ റിട്ട് ഹര്‍ജിയുമായെത്തിയ പിഎഫ്ഐ നേതാവിനോട് ആദ്യം ഹൈക്കോടതിയെ സമീപിക്കാന്‍ ജസ്റ്റിസ് അനിരുദ്ധ ബോസ്, ജസ്റ്റിസ് ബേല എം. ത്രിവേദി എന്നിവരടങ്ങിയ ബെഞ്ച് നിര്‍ദേശിച്ചു. ഭരണഘടനയുടെ 226-ാം അനുച്ഛേദ പ്രകാരം ഹര്‍ജിക്കാര്‍ ആദ്യം സമീപിക്കേണ്ടത് ഹൈക്കോടതിയെ ആണെന്നാണ് സുപ്രീം കോടതി നിലപാട്. പിഎഫ്ഐക്കു വേണ്ടി മുതിര്‍ന്ന അഭിഭാഷകന് ശ്യാം ദിവാന് ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: