ന്യൂദല്‍ഹി : ദീപാവലി ആഘോഷത്തിന് മുന്നോടിയായി, ‘ഭാരത് ആട്ട’ എന്ന ബ്രാന്‍ഡില്‍ സബ്സിഡി നിരക്കില്‍ ഗോതമ്പ് മാവിന്റെ വില്‍പ്പന ഔപചാരികമായി ആരംഭിച്ചു.കിലോയ്ക്ക് 27.50 രൂപ നിരക്കിലാണ് ഭാരത് ആട്ട ലഭ്യമാകുക.
ഉയര്‍ന്ന വിലയില്‍ നിന്ന് ഉപഭോക്താക്കള്‍ക്ക് ആശ്വാസം നല്‍കുന്നതിനായി രാജ്യത്തുടനീളം ‘ഭാരത് ആട്ട’ ലഭ്യമാക്കും.നാഫെഡ്, എന്‍സിസിഎഫ്, കേന്ദ്രീയ ഭണ്ഡാര്‍ എന്നീ സഹകരണ സ്ഥാപനങ്ങളിലൂടെ 800 മൊബൈല്‍ വാനുകള്‍ വഴിയും രാജ്യത്തുടനീളമുള്ള 2,000-ഓളം ഔട്ട്ലെറ്റുകള് വഴിയും ‘ഭാരത് ആട്ട’ വില്പന നടത്തും.
ഗുണമേന്മ, സ്ഥലം എന്നിവയുടെ അടിസ്ഥാനത്തില്‍ നിലവിലെ വിപണി നിരക്കായ 36-70 രൂപയേക്കാള്‍ താഴെയാണ് സബ്സിഡി നിരക്ക്. ഫെബ്രുവരിയില്‍, വിലസ്ഥിരതാ ഫണ്ട് പദ്ധതിയുടെ ഭാഗമായി ഈ സഹകരണ സ്ഥാപനങ്ങള്‍ വഴി 18,000 ടണ്‍ ‘ഭാരത് ആട്ട’ കിലോഗ്രാമിന് 29.50 രൂപ നിരക്കില്‍ സര്‍ക്കാര്‍ പരീക്ഷണാടിസ്ഥാനത്തില്‍ വില്പന നടത്തിയിരുന്നു.
‘ഭാരത് ആട്ട’യുടെ 100 മൊബൈല്‍ വാനുകള്‍ കര്‍ത്തവ്യ പഥില്‍ കേന്ദ്ര ഭക്ഷ്യ-ഉപഭോക്തൃകാര്യ മന്ത്രി പിയൂഷ് ഗോയല്‍ ഫ്ലാഗ് ഓഫ് ചെയ്തു.
ഏതാനും വില്പന കേന്ദ്രങ്ങളിലൂടെ മാത്രം ചില്ലറ വില്പന നടത്തിയതിനാല്‍ പരീക്ഷണ വില്പനയില് ഗോതമ്പ് വില്പന കുറവായിരുന്നു. എന്നാല്‍, രാജ്യത്തുടനീളം ഈ മൂന്ന് ഏജന്‍സികളുടെ 800 മൊബൈല്‍ വാനുകള്‍ വഴിയും 2,000ത്തില്‍ പരം വില്പന കേന്ദ്രങ്ങള്‍
വഴിയും ഉല്‍പ്പന്നം വില്‍ക്കുന്നതിനാല്‍ ഇത്തവണ മികച്ച വ്യാപാരം ഉണ്ടാകുമെന്ന് മന്ത്രി പറഞ്ഞു.
ഫുഡ് കോര്പ്പറേഷന് ഓഫ് ഇന്ത്യ (എഫ്സിഐ)യില്‍ നിന്ന് 2.5 ലക്ഷം ടണ്‍ ഗോതമ്പ് കിലോയ്ക്ക് 21.50 രൂപ നിരക്കില്‍ നാഫെഡ്, എന്‍സിസിഎഫ്, കേന്ദ്രീയ ഭണ്ഡാര്‍ എന്നിവയ്ക്ക് അനുവദിക്കുമെന്ന് ഗോയല്‍ പറഞ്ഞു. അവര്‍ ഇത് ഗോതമ്പ് മാവാക്കി മാറ്റി ‘ഭാരത് ആട്ട’ എന്ന ബ്രാന്‍ഡില്‍ കിലോയ്ക്ക് 27.50 രൂപയ്ക്ക് വില്‍ക്കും.
ഇത് ലഭ്യത വര്‍ധിപ്പിക്കാനും ഗോതമ്പ് മാവിന്രെ വില നിയന്ത്രിക്കാനും സഹായിക്കുമെന്നും പിയൂഷ് ഗോയല്‍ കൂട്ടിച്ചേര്‍ത്തു.
അവശ്യവസ്തുക്കളായ ചേന, തക്കാളി, ഉള്ളി എന്നിവ സബ്സിഡി നിരക്കില്‍ വില്‍ക്കാനുള്ള സര്‍ക്കാര്‍ ഇടപെടല്‍ വിലക്കയറ്റം നിയന്ത്രിക്കുന്നതില്‍ നല്ല ഫലം നല്‍കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: