ശാന്തന്‍പാറ പേത്തൊട്ടിയില്‍ ഉരുള്‍പൊട്ടി 50 ഏക്കറോളം കൃഷി നശിച്ചു
രാജാക്കാട്: ശാന്തന്‍പാറ പേത്തൊട്ടിയില്‍ ഞായറാഴ്ച രാത്രി ഉണ്ടായ ഉരുള്‍പൊട്ടലില്‍ 50 ഏക്കറോളം സ്ഥലത്തെ കൃഷി നശിച്ചു. 7 വീടുകള്‍ക്ക് കേടുപാട്, ഒരു വീട് പൂര്‍ണമായും നശിച്ചു. പേത്തൊട്ടിയിലേക്കുള്ള റോഡ് തകര്‍ന്നതോടെ നിരവധി വീടുകള്‍ ഒറ്റപ്പെട്ടു. രണ്ട് വാഹനങ്ങളും ഒലിച്ച് പോയി. മലവെള്ളപ്പാച്ചിലില്‍ കൂറ്റന്‍ കല്ലുകളും വന്‍ മരങ്ങളും ഒഴുകിയെത്തി. കള്ളിപ്പാറയ്ക്കും ചതുരംഗപ്പാറയ്ക്കുമിടയില് എട്ടിടത്ത് ഗതാഗതം തടസപ്പെട്ടു. രണ്ടിടത്ത് ഉരുള്‍പൊട്ടലും ബാക്കിയിടങ്ങളില്‍ മണ്ണിടിച്ചിലുമാണ് ഉണ്ടായത്.
പേത്തൊട്ടി, ദളം, അയ്യന്പാറ എന്നിവിടങ്ങളിലാണ് ഉരുള്‍പൊട്ടലുകള്‍ ഉണ്ടായത്. ഞായര്‍ രാത്രി 9നാണ് കച്ചിറയില്‍ മിനി ബെന്നിയുടെ വീട്ടിലേക്ക് ഉരുള്‍പൊട്ടി മലവെള്ളം ഒഴുകിയെത്തിയത്. മിനിയും മക്കളായ അഭിജിത്ത്, അജിത്ത്, മരുമകള്‍ സിന്‍ഷ എന്നിവര്‍ ഈ സമയം വീട്ടിലുണ്ടായിരുന്നു. ഇവര്‍ അറിയിച്ചതിനെ തുടര്‍ന്ന് നാട്ടുകാരില്‍ ചിലര്‍ ഓടിയെത്തി മിനിയെയും കുടുംബാംഗങ്ങളെയും സമീപത്തെ മറ്റൊരു വീട്ടിലേക്ക് മാറ്റി.
മിനിയുടെ വീടിന് സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. മുറ്റത്ത് പാര്‍ക്ക് ചെയ്തിരുന്ന സ്കൂട്ടര്‍ മലവെള്ളപ്പാച്ചിലില്‍ ഒലിച്ചുപോയി. ഈ സമയം പേത്തൊട്ടിയില്‍ നിന്ന് ദളം ഭാഗത്തേക്ക് പോകുന്ന വഴിയിലും ഉരുള്‍പൊട്ടല്‍ ഉണ്ടായി. ദളം സ്വദേശി ലിംഗേശ്വരന്റെ വീടിന് കേടുപാടുകള്‍ സംഭവിച്ചു. സ്വാമിരാജ് എന്നയാളുടെ വീടിനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ചെട്ടിപ്പറമ്പില്‍ ബെന്നി, വനരാജ് എന്നിവരുടെ കൃഷിയിടങ്ങളും നശിച്ചു.
അയ്യന്‍പാറയ്ക്ക് സമീപം ഉരുള്‍പൊട്ടി രാംദാസ് എന്നയാളുടെ വീട്ടിലേക്ക് മഴവെള്ളം ഇരച്ചെത്തി. രാംദാസും കുടുംബവും ഈ സമയം വീട്ടില്‍ ഉണ്ടായിരുന്നില്ല. പേത്തൊട്ടി സ്വദേശികളായ മുത്തയ്യ-പാലീശ്വരി ദമ്പതികളുടെ വീടിനും കനത്ത നാശനഷ്ടം ഉണ്ടായി. ലിംഗരാജ്, നീലമേഘം, രാംദാസ്, പനീര്‍ എന്നിവരുടെ ഏലത്തോട്ടങ്ങളാണ് ഉരുള്‍പൊട്ടി എത്തിയ മലവെള്ളപ്പാച്ചിലില്‍ നശിച്ചത്.
ഉരുള്‍പൊട്ടല്‍ ഉണ്ടായ പേത്തൊട്ടി, ദളം ഭാഗങ്ങളില്‍ ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് സന്ദര്‍ശനം നടത്തി. അപകട ഭീഷണിയുള്ള സ്ഥലങ്ങളില്‍ താമസിക്കുന്ന 25 കുടുംബങ്ങളെ മാറ്റി താമസിപ്പിക്കുമെന്ന് കളക്ടര്‍ പറഞ്ഞു. മൂന്നാര്‍-കുമളി സംസ്ഥാന പാതയില്‍ മണ്ണിടിച്ചില്‍ ഭീഷണിയുള്ള ചേരിയാര്‍ മുതല്‍ ഉടുമ്പന്‍ചോല വരെയുള്ള റോഡില്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ രാത്രികാല ഗതാഗതം നിരോധിച്ചെന്നും ഗതാഗതം തടസപ്പെട്ട മറ്റ് സ്ഥലങ്ങളില്‍ അത് പുനഃസ്ഥാപിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായും കളക്ടര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: