Categories: Kerala

മൂന്നാമത് വേള്‍ഡ് ഹിന്ദുകോണ്‍ഗ്രസ് ബാങ്കോക്കില്‍; മാതാ അമൃതാനന്ദമയി ദേവി അഭിസംബോധന ചെയ്യും

Published by

കൊല്ലം: ബാങ്കോക്കില്‍ ഈ മാസം 24 മുതല്‍ 26 വരെ നടക്കുന്ന മൂന്നാമത് വേള്‍ഡ് ഹിന്ദു കോണ്‍ഗ്രസിനെ മാതാ അമൃതാനന്ദമയി ദേവി അഭിസംബോധന ചെയ്യും. വേള്‍ഡ് ഹിന്ദു ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ ഇംപാക്റ്റ് കണ്‍വെന്‍ഷന്‍ സെന്ററില്‍ സംഘടിപ്പിക്കുന്ന സമ്മേളനത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വിദഗ്ധരും പണ്ഡിതരും സംസാരിക്കും.

ഹൈന്ദവ സമൂഹത്തിന് മുന്നിലുള്ള വെല്ലുവിളികളും അവസരങ്ങളും ചര്‍ച്ച ചെയ്യുന്നതിനുള്ള വിശാലമായ വേദിയൊരുക്കുകയെന്നതാണ് 60-ല്‍ അധികം രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കുന്ന സമ്മേളനത്തിലൂടെ ലക്ഷ്യമിടുന്നത്.

സമ്പദ് വ്യവസ്ഥ, വിദ്യാഭ്യാസമേഖല, മാധ്യമങ്ങള്‍, രാഷ്‌ട്രീയം, സംഘടനകള്‍, നേതൃത്വ രംഗത്ത് ഹിന്ദു സ്ത്രീകളുടെയും യുവാക്കളുടെയും സംഭാവനകള്‍ തുടങ്ങിയ പ്രധാനവിഷയങ്ങള്‍ സമ്മേളനം ചര്‍ച്ച ചെയ്യും. ധര്‍മ്മമാണ് വിജയത്തിന്റെ കേന്ദ്രം എന്നര്‍ത്ഥം വരുന്ന ‘ജയസ്യ ആയതനം ധര്‍മ്മഃ’ എന്നതാണ് മൂന്നാമത് വേള്‍ഡ് ഹിന്ദു കോണ്‍ഗ്രസിന്റെ പ്രമേയം. 2014-ല്‍ ദല്‍ഹിയും 2018-ല്‍ ചിക്കാഗോയുമാണ് ഇതിനു മുമ്പ് വേള്‍ഡ് ഹിന്ദു കോണ്‍ഗ്രസിന് ആതിഥേയത്വം വഹിച്ചത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക