തിരുവനന്തപുരം: കേരള വര്‍മ്മ കോളേജിലെ യൂണിയന് തെരഞ്ഞെടുപ്പില്‍ ക്രമക്കേട് ആരോപിച്ച് തിരുവനന്തപുരത്ത് മന്ത്രി ബിന്ദുവിന്റെ വസതിയേക്ക് നടത്തിയ പ്രകടനത്തിന് നേരെ പൊലീസ് അതിക്രമം ഉണ്ടായതില്‍ പ്രതിഷേധിച്ച് കെ എസ് യു തൃശൂരിലും കോഴിക്കോടും നടത്തിയ പ്രതിഷേധത്തിലും സംഘര്‍ഷം.
തൃശ്ശൂര്‍ കോര്‍പ്പറേഷനു മുന്നിലെ എമ്മോ റോഡ് ഉപരോധിക്കാന്‍ ശ്രമിക്കവെ കെഎസ്യു പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തളളുമുണ്ടായി. കോര്‍പ്പറേഷനു മുന്നില്‍ സ്ഥാപിച്ചിരുന്ന നോ പാര്‍ക്കിംഗ് ബോര്‍ഡുകള്‍ കെഎസ്യു പ്രവര്‍ത്തകര്‍ തകര്‍ത്തു.
കോഴിക്കോട് നഗരത്തിലും കെ.എസ്.യു പ്രതിഷേധ പ്രകടനം നടത്തി. കമ്മീഷണര്‍ ഓഫീസിന് സമീപം പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. മാനാഞ്ചിറ റോഡും കെഎസ് യു പ്രവര്‍ത്തകര്‍ ഉപരോധിച്ചു.
മന്ത്രി ആര് ബിന്ദുവിന്റെ രാജി ആവശ്യപ്പെട്ട് കെഎസ്യു തിരുവനന്തപുരം ജില്ലാ കമ്മിറ്റി നടത്തിയ മാര്‍ച്ചില്‍ പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദിച്ച പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുകയാണ് കെ.എസ്.യു.
കേരളവര്‍മ്മ കോളേജിലെ ജനാധിപത്യ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ഗൂഢാലോചന നടത്തി ഉന്നതവിദ്യാഭ്യാസ മേഖലയെ തകര്‍ച്ചയിലേക്ക് നയിക്കുന്ന മന്ത്രി ആര് ബിന്ദു രാജിവെക്കണമെന്നാവശ്യപ്പെട്ടായിരുന്നു കെഎസ്യു പ്രതിഷേധം സംഘടിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: