മുംബൈ: രത്തന്‍ ടാറ്റയുടെ സ്വപ്നമായിരുന്ന സാധാരണ ഇന്ത്യക്കാര്‍ക്ക് വേണ്ടിയുള്ള ഒരു ലക്ഷം രൂപയുടെ കാര്‍. അതായിരുന്നു നാനോ. പക്ഷെ ബംഗാളില്‍ മമതയുടെ നേതൃത്വത്തില്‍ സിംഗൂരില്‍ നടന്ന അക്രമാസക്തസമരത്തിനൊടുവില്‍ രത്തന്‍ ടാറ്റയ്‌ക്ക് ആ നിര്‍മ്മാണഫാക്ടറി തുടങ്ങാനായില്ല. പിന്നീട് നാനോ ഫാക്ടറി ഗുജറാത്തിലെ സാനന്ദില്‍ സ്ഥാപിച്ചു. നാനോ കാര്‍ കുറഞ്ഞ വിലയില്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിയെങ്കിലും മാരുതിയോട് മത്സരിച്ച് പിടിച്ചുനില്‍ക്കാനായില്ല.
പക്ഷെ രത്തന്‍ ടാറ്റയുടെ ആ സ്വപ്നം മരിയ്‌ക്കാന്‍ തയ്യാറല്ല. ഇപ്പോഴിതാ ടാറ്റാ നാനോ കാര്‍ വീണ്ടും വരികയാണ്. ഇക്കുറി കുറഞ്ഞ ചെലവില്‍ ഒരു ഇലക്ട്രിക് കാര്‍ എന്ന ഇടത്തിലേക്കാണ് നാനോ ഇലക്ട്രിക് എത്തുക. ഇതിന് ഇന്ത്യയില്‍ നല്ല ഡിമാന്‍റുണ്ടായിരിക്കുമെന്ന് ടാറ്റ കരുതുന്നു. മാത്രമല്ല, സിംഗൂരില്‍ ഫാക്ടറി പൂട്ടിക്കെട്ടിയതിന് ഇപ്പോഴിതാ 766 കോടി രൂപ നഷ്ടപരിഹാരമായി ടാറ്റയ്‌ക്ക് നല്‍കാന്‍ തര്‍ക്കപരിഹാര ട്രിബ്യൂണല്‍ ബംഗാള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. ഇതും ടാറ്റയുടെ നാനോ ഇലക്ട്രിക് സ്വപ്നങ്ങള്‍ക്ക് ഊര്‍ജ്ജം പകര്‍ന്നു. ഈ സാമ്പത്തിക വര്‍ഷം (2023-24) മധ്യത്തോടെ മിക്കവാറും നാനോ ഇലക്ട്രിക് കാര്‍ പുറത്തിറങ്ങുമെന്ന് കരുതുന്നു. ഏറ്റവും വില കുറഞ്ഞ ഇലക്ട്രിക് കാര്‍ ആയിരിക്കും ഇത്.
പക്ഷെ പുതിയ കാറിന്റെ പേര് നാനോ എന്നായിരിക്കില്ല. നിയോ എന്നായിരിക്കും പുതിയ പേര്. ജയെം ഓട്ടോമോട്ടീവുമായി ചേര്‍ന്നായിരിക്കും നിയോ നിര്‍മ്മിക്കുക. ഏഴ് ഇഞ്ച് ടച്ച് സ്ക്രീന്‍ ഇന്‍ഫൊടെയിന്‍റ് മെന്‍റ്, ആപ്പിള്‍ കാര്‍ പ്ലേ കണക്റ്റിവിറ്റി, ബ്ലൂ ടൂത്ത്, ഇന്‍റര്‍നെറ്റ് കണക്ടിവിറ്റി, പവര്‍ സ്റ്റിയറിംഗ്, ആറ് സ്പീക്കര്‍ സൗണ്ട് സിസ്റ്റം, ആന്‍റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം എന്നിവ ഉണ്ടായിരിക്കും. ഒറ്റചാര്‍ജില്‍ 300 കിലോമീറ്റര്‍ വരെ ഓടാം. 80 കിലോമീറ്റര്‍ വരെ വേഗതയില്‍ ഓടാം. മൂന്ന് മുതല്‍ അഞ്ച് ലക്ഷം രൂപ വരെയായിരിക്കും വില. നിയോ കാര്‍ ഉല്‍പാദനം ആരംഭിച്ചതായും പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: