നൈറ്റ് ലൈഫ് കേന്ദ്രമായി മാനവീയം വീഥിയെ ഒരുക്കിയപ്പോള്‍ തന്നെ വൈകുന്നേരങ്ങളില്‍ ആട്ടവും പാട്ടുമൊക്കെയായി ചെറുപ്പക്കാരുള്‍പ്പെടെയുള്ളവര്‍ ഒത്തുചേര്‍ന്നിരുന്നു. എന്നാൽ ലഹരി ഉപയോഗിച്ച് എത്തുന്നവര്‍ പലപ്പോളും പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നുവെന്ന് പരാതികള്‍ ഉയരുന്നുണ്ടായിരുന്നു. ഇതിനിടെയാണ് രണ്ട് ദിവസം മുമ്പ് മാനവീയം വീഥിയില്‍ സംഘര്‍ഷം ഉണ്ടാവുകയും അതിന്റെ വീഡിയോ പ്രചരിക്കുകയും ചെയ്തത്. ഇതേ തുടർന്നാണ് മാനവീയം വീഥിയിലെ നൈറ്റ് ലൈഫ് നിയന്ത്രിക്കണമെന്ന് പോലീസ് നിലപാടെടുത്തത്. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് മ്യൂസിയം പോലീസ് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് അയച്ച പശ്ചാത്തലത്തിലാണ് ഫെയ്സ്ബുക്കിലൂടെ ഈ വിഷയത്തിൽ പ്രതികരണവുമായി ഹരീഷ് പേരടി എത്തിയത്.
ഹരീഷ് പേരടിയുടെ വാക്കുകൾ:
നായനാർ സർക്കാറിന്റെ കാലത്ത് ഞങ്ങളുടെ അപ്പുണ്ണികൾ നാടകം കളിച്ചായിരുന്നു മാനവീയം വീഥി ഉത്ഘാടനം ചെയ്യപ്പെട്ടത്..പ്രിയപ്പെട്ട ബേബി സഖാവായിരുന്നു അതിന് നേതൃത്വം കൊടുത്തത്.അന്നത്തെ സ്വപ്നം എനിക്കിപ്പോഴും ഓർമ്മയുണ്ട്.സമയബന്ധിതമല്ലാത്ത കലയുടെ ഒരു അരങ്ങായി മാറാൻ നമ്മുടെ നാട്ടിലൊരു തെരുവ് .പല കാരണങ്ങൾ കൊണ്ടും അതിന്റെ തുടർച്ച നഷ്ടപ്പെട്ടു.എന്നാലും വർഷങ്ങൾക്കുശേഷം മാനവീയം വീഥി ഉണർന്നെഴുന്നേൽക്കുന്നു എന്ന് കേട്ടപ്പോൾ ഒരു പാട് സന്തോഷം തോന്നിയിരുന്നു.ആ സന്തോഷം മുഴുവൻ കെടുത്തുന്നതാണ് അവിടെ നിന്ന് എത്തുന്ന വാർത്തകൾ…ഒരു സംഘർഷത്തിന്റെ പേരിൽ അവിടെ പോലീസിന്റെ കർശന നിയന്ത്രണങ്ങൾ വരുന്നത്രേ.പട്ടാപകൽ അതിക്രമങ്ങളും സംഘർഷങ്ങളും ബലാൽസംഘങ്ങളും ഇവിടെ നടന്നിട്ടും അതിനെ നിയന്ത്രിക്കാൻ കഴിയാത്തവരാണ് ഒരു രാത്രിയിൽ അംഗീകൃത തെരുവിൽ ആനന്ദ ന്യത്തം ചെയ്യുന്നവരെ ഒരു ചെറിയ സംഘർഷത്തിന്റെ പേരിൽ വിലക്കാൻ സദാചാര നിയമങ്ങളുമായി ഇറങ്ങിയിരിക്കുന്നത്.മാനവീയം വീഥിയിലെ നിയമം തെറ്റിക്കുന്ന എല്ലാ ക്രിമനലുകളെയും അകത്തിടണം..(ഈ സംഘർഷം പോലും ഏതെങ്കിലും സദാചാര പോലീസിങ്ങിന്റെ ഭാഗമാണോ എന്ന് അന്വേഷിക്കേണ്ടതാണ്)..പക്ഷെ അതിന്റെ പേരിൽ രാത്രി ജീവിതം ആഘോഷിക്കാൻ എത്തുന്ന ഭൂരിപക്ഷത്തെ നിയന്ത്രിക്കരുത്.രാത്രികളും മനുഷ്യന് ജീവിക്കാനും ആഘോഷിക്കാനുമുള്ളതാണ്.എന്തിന്..ആത്മഹത്യയുടെ സംഘർഷങ്ങളിൽ നിൽക്കുന്ന ഒരാൾക്കുപോലും ആ മാനവീയം വീഥിയിലെ സന്ദർശനം..അവിടെയുള്ള സംഗീതത്തിൽ നൃത്തത്തിൽ പങ്കുചേർന്നാൽ അത് വലിയ ആശ്വാസവും മരുന്നുമാകും.എല്ലാ സദാചാര ഗുണ്ടായിസങ്ങളെയും മറികടന്ന് മാനവീയം വീഥിയിലെ രാത്രി ജീവിതം നിലനിർത്തുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: