ധ്യാനം ചെയ്യുന്നതിനാണ് ‘ധീമഹി’ എന്നു പറയുന്നത്. ധ്യാനത്തിന്റെ അത്ഭുതഫലങ്ങള്‍ നേരില്‍ കാണാവുന്നതാണ്. നാം ധ്യാനിക്കുന്ന വസ്തുവില്‍ മനസ്സുറയ്‌ക്കുകയും മനസ്സുറയ്‌ക്കുന്നതിനാല്‍ അതില്‍ താല്പര്യം ഉളവാകുകയും ചെയ്യുന്നു. താല്പര്യം ഉളവാകുന്നതിനാല്‍ അതു നേടാന്‍ ആഗ്രഹം ജനിക്കുന്നു. ഈ ആഗ്രഹത്തില്‍ നിന്നും പ്രയത്‌നം രൂപം കൊള്ളുന്നു. പ്രയത്‌നം അഭീഷ്ട വസ്തുവിനെ ലഭ്യമാക്കുന്നു. ധ്യാനം ബീജമാകുന്നു; സാഫല്യം അതിന്റെ ഫലവും. ബീജമില്ലാതെ വൃക്ഷമോ, ഫലമോ ഉണ്ടാകുകയില്ല.
പലപ്പോഴും വിതയ്‌ക്കുന്ന വിത്ത് ഫലപ്പെടാതെ പോകുന്നുവെന്നത് വാസ്തവമാണ്. അവ മുളയ്‌ക്കാതെ വരികയും മുളച്ചാല്‍ തന്നെയും കരിഞ്ഞു പോകുകയും ചെയ്യുന്നു. ഇതിനു പല കാരണങ്ങളുണ്ട്. വിത്തിന്റെ ജീവനില്ലായ്മ, വിതയ്‌ക്കുന്ന സ്ഥലത്തിന്റെ കുഴപ്പം, അനുകൂലമല്ലാത്ത കാലാവസ്ഥ, സമയത്തു വെള്ളവും വളവും ലഭിക്കാതെ വരിക എന്നിങ്ങനെയുള്ള കാരണങ്ങളാല്‍ പലപ്പോഴും വിതയ്‌ക്കുന്ന വിത്ത് ഫലപ്രദമാകാതെ വരും. ഇങ്ങനെ ഒക്കെ സംഭവിക്കുമെങ്കിലും വിത്തിന്റെ ആവശ്യം വേണ്ടെന്നു വയ്‌ക്കാനാവില്ല. കാരണം വിത്തില്ലാതെ ഒരു ചെടിയും വൃക്ഷവും ഉണ്ടാകുകയില്ല. വൃക്ഷത്തിന്റെയും ചെടിയുടെയും മൂലകാരണം ബീജമാണ്. ബീജം പലപ്പോഴും ഫലപ്പെടാതെ പോകുമെങ്കിലും ചെടികളും വൃക്ഷങ്ങളും ഉല്പാദിപ്പിക്കുന്നതിന് ബീജത്തെ ആശ്രയിക്കാതെ മറ്റു പോംവഴി ഇല്ല.
ഏതൊരു കാര്യവും ആദ്യം മനസ്സിലുദിക്കുകയും പിന്നീടു പദ്ധതി ആയി ആസൂത്രിതമാകുകയും ചെയ്തതിനുശേഷമാണ് കര്‍മ്മരൂപത്തില്‍ പ്രകടമാകുന്നത്. ഈ മനഃശാസ്ത്രമാണു ധ്യാനത്തില്‍ അടങ്ങിയിരിക്കുന്നത്. മനോവ്യാപാരത്തെ (ചിത്തവൃത്തികളെ) ഒരേ സംഗതിയില്‍ കേന്ദ്രീകരിക്കുക എന്നതാണു ധ്യാനം. ധ്യാനത്തിന്റെ ഏറ്റവും വലിയ പ്രയോജനം ചിത്തത്തില്‍ ചിന്നിച്ചിതറി കിടക്കുന്ന പ്രവണതകളെ ഏകവല്‍ക്കരിക്കാനുള്ള ശീലം ഉളവാകുന്നു എന്നുള്ളതാണ്. ഈ പരീശീലനം അഥവാ അഭ്യാസം ആണു യോഗസാധന. ചിത്തവൃത്തികളുടെ നിയന്ത്രണമാണു യോഗം എന്നു പാതഞ്ജലി യോഗത്തില്‍ പറയുന്നുണ്ട്. ധ്യാനം മൂലം ഇതു സിദ്ധമാകുകയും ഏകാഗ്രത ഉളവാകുകയും ചിത്തം സ്ഥിരമായി നില്ക്കുകയും മനസ്സിന്റെ മേല്‍ നിയന്ത്രണം സ്ഥാപിക്കപ്പെടുകയും ചെയ്യുന്നു. മാസ്മരവിദ്യപോലുള്ള ചെറിയ ചെറിയ വിദ്യകള്‍ നിഷ്പ്രയാസം കൈവശമാക്കാന്‍ പറ്റിയ ശക്തിയാണു ഏകാഗ്രത. പരിശീലനം അല്പാല്പം പുരോഗമിക്കുന്നതോടെ ജീവിതത്തിന്റെ എല്ലാ തുറകളിലും വിജയം ലഭിക്കുന്നതായി കാണാം.
ധ്യാനത്തിന്റെ മറ്റൊരു പ്രയോജനം, ഏതു വസ്തുവിനെ നാം ധ്യാനിക്കുന്നുവോ അത് ക്രമേണ നമ്മുടെ മനസ്സിന് ഏറ്റവും ഇഷ്ടപ്പെട്ട വിഷയമായിത്തീരുന്നു എന്നുള്ളതാണ്. കാമിനിമാരെ ധ്യാനിക്കുന്നവരുടെ അന്തഃകരണം കാലാന്തരത്തില്‍ വ്യഭിചാരവൃത്തിയിലാവുന്നു. ധര്‍മ്മത്തേയും ഈശ്വരനേയും പറ്റി ചിന്തിക്കുന്നവര്‍ കാലാന്തരത്തില്‍ സന്യാസ പ്രവണത ആര്‍ജിക്കുന്നു. സവിത, വരേണ്യം, ഭര്‍ഗഃ, ദേവസ്യ എന്നിവയിലെ വിശിഷ്ട ദൈവിക ശക്തികളെ തന്നിലേക്കാകര്‍ഷിക്കാന്‍ വേണ്ടി ഗായത്രീ മന്ത്രത്തിന്റെ പൂര്‍വ്വാര്‍ദ്ധത്തില്‍ ഇവയെ ധ്യാനിക്കുവാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നു. ഈ ശക്തികളെ ധ്യാനിക്കുന്നതിന്റെ ഫലമായി തേജസ്സും ശ്രേഷ്ഠത്വവും, ശക്തിയും ദിവ്യത്വവും അധികാധികം നമ്മില്‍ ഉള്‍ക്കൊള്ളുകയും സത്യശിവസുന്ദര സത്തയാല്‍ ഓതപ്രോതരാകുകയും ചെയ്യാന്‍ സാധിക്കുന്നു. ധീമഹി എന്നതിന്റെ അര്‍ത്ഥം ധ്യാനം ചെയ്യുക എന്നാണ്. നാം യാതൊന്നിനെ ധ്യാനിക്കുന്നുവോ, ശരീരത്തിന്റെ അന്യ അവയവങ്ങളും അതിനെ അനുഗമിക്കുന്നു. നാം യാതൊന്നിനെ ധ്യാനിക്കുന്നുവോ അതാണ് നമ്മിലൂടെ പ്രകടമാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക