ശതരുദ്രോപാഖ്യാനം
‘ഇനി ഞാന്‍ ഒരു സന്ന്യാസിയുടെ ചരിത്രം പറയാം, നീ കേള്‍ക്കുക’ യെന്നു പിന്നെയും മുനി പറഞ്ഞു, ”ഈ ഭൂമിയില്‍ സമാദ്ധ്യഭ്യാസതല്പരനായി പണ്ടൊരു ഭിക്ഷു ഉണ്ടായിവന്നു. എപ്പോഴും സമാധിയെ ശീലിച്ചുകൊണ്ടുതന്നെ ആ ധന്യന്‍ ദിനങ്ങള്‍ നന്നായി കഴിച്ചു. നിത്യവും ചെയ്യുന്ന സമാധി അഭ്യാസംകൊണ്ടു ശുദ്ധമായി ഭവിച്ച ആ സന്ന്യാസി തന്റെ ചിത്തം ഏതിനെ ഭാവിക്കുന്നവോ, വെള്ളം തിരയാകുന്നപോലെ, ആയതായി പെട്ടെന്നു തീരും എന്നറിഞ്ഞുകൊള്ളുക. ഒരിക്കല്‍ സന്ന്യാസി സമാധിവിട്ട് ഏകാഗ്രചിന്തയോടെ തന്റെ ആസനത്തിങ്കല്‍ വാണു. സാരസ്വതപത്രായതാക്ഷനായ ഭഗവാന്റെ വ്യവഹാരപ്രകാരം ഓരോന്നും ഉള്ളിലാലോചിച്ചു. ലീലാര്‍ത്ഥമായി സാധാരണ ജനവൃത്തിയോടെ ഇക്കാലം ഞാന്‍ ഭവിക്കുന്നുവെന്ന് പിന്നെ ഓര്‍ത്തു. ചിന്താനുസരേണ തന്റെ മാനസം പെട്ടെന്ന് ഹന്ത! മറ്റൊരു പുരുഷനായി ഭവിച്ചു. പൂര്വവാസനാത്യാഗമാര്ഗമാത്രേണ മനസ്സുടന്‍ വെള്ളംപോലെ മറ്റൊന്നായിത്തീര്ന്നീടും. ‘ജീവടനെന്നു പേരായുള്ളവനാണു ഞാന്‍’ എന്നീവണ്ണം ചിന്താമാനുഷ്യനാകുന്ന, സ്വയം കാകതാളീയന്യായം പോലെയുണ്ടായിവന്ന വാഞ്ഛപോലെ കല്പിച്ചു. സ്വപ്നപുരുഷനാകുന്ന ആ ജീവടന് അനന്തരം സ്വപ്നനിര്‍വാണ ചാരുപുരവീഥികളിലായി ബഹുകാലം സാനന്ദം വിഹരിച്ചു, പാനംചെയ്തങ്ങു മത്തനായുറങ്ങി. പ്രശസ്തമായ പാഠാനുഷ്ഠാനതുഷ്ടിമാനായുള്ള ഒരു ബ്രാഹ്മണനായി സ്വപ്നത്തില്‍ ഭവിച്ചു. മരംപോയി വിത്തായതുപോലെ ആ ബ്രാഹ്മണന് ഒരുനാള്‍ ഊണുംകഴിഞ്ഞ് ഉറങ്ങിക്കിടക്കുമ്പോള്‍ താനൊരു സാമന്തനായി മാനസാ സാനന്ദനായി വാണുകൊള്ളുന്നതായി സ്വപ്നത്തില്‍ കണ്ടു. പിന്നെ ആ സാമന്തന്‍ ഒരുനാള്‍ സ്വപ്നത്തില്‍ ഏറ്റവും വിരുതേറുന്ന ഒരു ചക്രവര്‍ത്തിയായി കണ്ടു. ആനന്ദമാര്ന്നുവാഴുന്ന ആ ചക്രവര്‍ത്തി ഒരുദിനം നന്നായി ഉറങ്ങിക്കിടക്കുമ്പോള്‍ മോഹനസംസാരമുള്ള ദേവസ്ത്രീയായി ഭവിച്ചു വസിക്കുന്നതായി സ്വപ്നത്തില്‍ കണ്ടു. കാമക്രീഡകള്ചെയ്തു തളര്‍ന്ന ആ വൃന്ദാരകാംഗന ഗാഢമായുറങ്ങുമ്പോള് കാട്ടിലെങ്ങുമോടിക്കളിക്കുന്ന പേടമാനായി തന്നെ സ്വപ്നത്തില്‍ കണ്ടു. ആ പേടമാന് ഒരിക്കല്‍ നന്നായി ഉറങ്ങിയപ്പോള്‍ സ്വപ്നത്തിന്റെ അഭ്യാസത്താല്‍ തന്നെ വള്ളിയായിക്കണ്ടു. തളിരുകളും പൂക്കളും ഫലങ്ങളും ഉല്ലസിക്കുന്ന ആ വള്ളി വനക്രീഡകള് ചെയ്യും വനദേവതമാര്‍ക്ക് വനജേക്ഷണ! നല്ല വള്ളിക്കുടിലായിച്ചമഞ്ഞു. നല്ലൊരാവള്ളി, വിത്തിനുള്ളിലെ മുളയോടുതുല്യമായി നിഗൂഢമാകുന്ന ജ്ഞേയവസ്തുവിനാലെ ആശ്രിതയായുള്ള അന്തഃസംവിത്യാ താന്‍ വളരെ പടര്ന്നിരിപ്പതായി ദര്‍ശിച്ചു. പിന്നീട് സുഷുപ്തസ്ഥകലയാ ഘനമായീടുന്ന ജാഡ്യത്തെ വളരെക്കാലം അനുഭവിച്ചു. അതില്‍പ്പിന്നെ താനൊരു വണ്ടായിട്ടു സ്വപ്നത്തില്‍ മരുവുന്നതുകണ്ടു. സുമതേ! താമരപ്പൊയ്കയില്‍ ആസക്തിപൂണ്ടു താമരയ്ക്കുള്ളില്‍ ആ വണ്ടു പെട്ടുപോയി. ജഡമതിയാകുന്ന കൃമികീടങ്ങളുടെ ചേതസ്സും ചിലപ്പോള്‍ രതിയെ പ്രാപിക്കും എന്നോര്‍ക്കുക. ഭംഗിതേടുന്ന താമരപ്പൊയ്കയെ ആന കലക്കീടുവാന് ചെന്നു. നല്ല സാധനങ്ങളെ നശിപ്പിച്ചീടുന്നതിനുളള അത്യുത്സാഹം മൂഢാന്മാര്ക്കുണ്ടാകും. ആന ആ താമരപ്പോയകതെന്നെയും വണ്ടിനെയും വല്ലാതെ പൊടിയാക്കിക്കളഞ്ഞു. ആനയെ കണ്ടിട്ട് സ്വന്തം ഭവനമൂലം മദയാനയായി ആ വണ്ടു മാറി. ആ ആനചെന്നു മഹാഗര്‍ത്തത്തില്‍ പതിക്കയാല്‍ ആയാസപ്പെടുകയും അവസാനം പിട്ക്കപ്പെട്ടു കെട്ടിയിടപ്പെടുകയും ചെയ്തു. ആ ആന പിന്നെ നല്ലവണ്ണം അഭ്യസിക്കപ്പെട്ട് പിന്നീട് ഘോരമായ യുദ്ധത്തില്‍ മരിച്ചു. വണ്ടെന്ന അഭ്യാസംകൊണ്ട് ആന വീണ്ടും വണ്ടായി ചമഞ്ഞു. പിന്നെയും ആന കൊന്നു. പാര്ശ്വസംസ്ഥിതനായ ഞാന്‍ മഹാജ്ഞാനംകൊണ്ട് ആ വണ്ട് നല്ല കളഹംസമായി ഭവിച്ചു. നളിനേക്ഷണ! പിന്നെ വേറെയും യോനികളില്‍ വളരെക്കാലം പിറന്ന് കളഹംസം വളരെ കഷ്ടപ്പെട്ടു. ”
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: