വെളുത്ത നിളാതീരം കാത്തിരിക്കയായ് നിന്നെ
വിളക്കും കൊളുത്തിയീ തുലാമാസപ്പാതിയില്‍
വിളര്‍ത്ത മണല്‍പ്പായില്‍ തണുക്കും മെയ് ചായവേ
കിളിര്‍ക്കും ചൂടില്‍പ്പൊതിഞ്ഞൊതുക്കീ, നെഞ്ചില്‍, തീരം.
അവിടെ കഴിഞ്ഞേക്കാമൊരു രാജര്‍ഷികാലം
അവിടെത്തീരും സത്യദര്‍ശനപ്പൊന്‍കാലങ്ങള്‍
ഹരി, രംഗമായ്‌ത്തന്നെ വന്നവന്‍, തരംഗമായ്
ചിരി, സംസ്‌കാരത്തിന്റെ ചിരിയോടൊപ്പം ചേര്‍ത്തോന്‍.
അകതാരിരുട്ടിന്റെയറയായ് മാറും നാട്ടിന്‍
മുഖമണ്ഡപത്തിനും സൂര്യോദയേകിയോന്‍
പിറനാടിനായ് ജീവദളമേകിയോന്‍, തന്റെ
ചിരകാമനയായി നേരുതേടിയോന്‍, സ്വന്തം
പിറവിക്കുടലേകുമമ്മയായ്‌ക്കണ്ടാ, നാട്ടിന്‍
കരള്‍, തന്‍കരളാക്കി പോറ്റിയോന്‍ മഹായോഗി.
പല ഭാഷയില്‍ കയ്യിലമ്മാനമാടും വാക്കിന്‍
പൊലിയായി വരികളും അറിവും നിറച്ചവന്‍
പുതുവാക്കുകളാക്കിയാര്‍ഷമാം സത്യങ്ങളെ
പ്പുതു കൗതുകങ്ങള്‍ക്കായ് ഇലയില്‍ വിളമ്പിയോന്‍
ഒരുവാ,ക്കൊരു നോക്കില്‍ച്ചുരക്കും വാത്സല്യത്തില്‍
കരുണാന്ധ്യത്തിന്നിനിപ്പേകിയോന്‍, ഹരിയായി
ഹ്ഹരിച്ചൂ മനസ്സേറെപ്പേരുടെ, യേറെച്ചിത്തം
നിറച്ചൂ ഹരിശ്രീയാല്‍ ശ്രീവായ്‌ക്കുമെളിമയാല്‍.
വഴിയെത്ര പോയാലും ദിനമെത്ര പോയാലും
വഴിയില്‍ കണ്ടാല്‍ തീര്‍ത്തുമോര്‍ത്തെടുപ്പവന്‍ ഭവാന്‍.
ഒരു രത്‌നാകരം, ചിന്നുമൊരുവെന്‍നിലാവല,
ഒരു താത്വിക ജ്വാലാമുഖിയായ് നടന്നവന്‍.
അവനെക്കാത്തിട്ടല്ലീ കണ്‍നനവുമായി തീരം-
തഴുകും നിളാക്കുളിരോളങ്ങള്‍ കൈ നീട്ടുന്നൂ
അറിവേന്‍ നിളേ, നീയെന്നറിവിന്‍പുരാന്മാരെ
ക്കുറെയേറെ നെഞ്ചേറ്റിട്ടുണ്ടു നിന്‍ വഴികളില്‍?
അറിഞ്ഞു നില്‍ക്കുന്നിതാ ‘ഹരിയേട്ടനെ’, സ്വന്തം
വിരിമാറില്‍ നീ നിളേ, ചേര്‍ക്കുകീയഗ്‌നിക്കൊപ്പം
മൃണ്മയ ശരീരത്തിന്‍ നിര്‍മ്മല വിഭൂതിയായ്
ചിന്മയീ, നിന്നില്‍ച്ചേര്‍ന്നു പടിയാറുതാണ്ടട്ടെ…
അറിവേന്‍ നിളേ, സ്വീയമാതൃഭാവത്തോടിന്നു
നിറവാമിവനെയും ഏറ്റെടുക്കും നീ ചേലില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: