ജയ്പൂര്‍: മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ വസുന്ധര രാജെ രാജസ്ഥാനിലെ ഝല്രാപട്ടണ് നിയമസഭാ മണ്ഡലത്തില്‍ നിന്നാണ് മത്സരിക്കുന്നത്. ഝല്വാദ് ജില്ലയിലെ മണ്ഡലമാണ് ഝല്‍രാപട്ടന്‍.
ഝാല്വാര്-ബാരന് ലോകസഭ മണ്ഡലത്തില്‍ ഉള്‍പ്പെട്ട മണ്ഡലമാണിത്. വസുന്ധരയുടെ മകന് ദുഷ്യന്ത് സിങ്ങാണ് ലോക്സഭയില്‍ ഝാല്വാറിനെ പ്രതിനിധീകരിക്കുന്നത്. കേന്ദ്രമന്ത്രിമാര്‍ അടക്കമുള്ളവരുടെ സാന്നിധ്യത്തിലാണ് വസുന്ധര പത്രിക സമര്‍പ്പിച്ചത്.
വന്‍ ജനാവലിയാണ് വസുന്ധരയെ അനുഗമിച്ചത്. ഝാല്വാറിലെ ജനങ്ങളാണ് എന്റെ കുടുംബം, ആ കുടുംബമാണ് എന്റെ കരുത്ത്, വസുന്ധര പറഞ്ഞു. നിങ്ങളാണ് എന്റെ മകനെ രാഷ്ട്രീയത്തില്‍ വളര്‍ത്തിയത്.
കഴിഞ്ഞ ദിവസം ഒരു പൊതു യോഗത്തില്‍ അവന് പ്രസംഗിക്കുന്നതു കേട്ടപ്പോള്‍ ഇനി രാഷ്ട്രീയത്തില്‍ നിന്നു വിരമിച്ചാലും കുഴപ്പമില്ലെന്നു തോന്നി. അത്രയ്ക്ക് നിങ്ങള്‍ അവനെ വളര്‍ത്തിയിരിക്കുന്നു. ഝാല്വാറിലെ ജനങ്ങള്‍ എന്റെ മകനോടു കാണിക്കുന്ന സ്നേഹം ഒരമ്മ എന്നനിലയിലും അഭിമാനമാണ്, വസുന്ധര പറഞ്ഞു.
റോഡുകള്‍, ജലവിതരണ പദ്ധതികള്‍, വ്യോമ, റെയില്‍ കണക്റ്റിവിറ്റി എന്നിവയില്‍ മൂന്ന് പതിറ്റാണ്ടുകളായി മേഖലയിലുണ്ടായ വികസന പ്രവര്‍ത്തനങ്ങളെയും വസുന്ധര എടുത്തുപറഞ്ഞു. ഇന്ന്, ഝാല്വാര് എവിടെയാണെന്ന് ആളുകള്‍ ചോദിച്ചുതുടങ്ങിയിരിക്കുന്നു.
രാജസ്ഥാനിലെ മത്സര പരീക്ഷകളിലെ ചോദ്യപേപ്പര്‍ ചോര്‍ച്ചകളുടെ സംഭവങ്ങള്‍, തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങളില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ അവര്‍ രൂക്ഷമായി വിമര്‍ശിച്ചു. ബിജെപി അധികാരത്തിലെത്തിയാല്‍ മാത്രമേ രാജസ്ഥാന് വീണ്ടും ഒന്നാം നമ്പര്‍ സംസ്ഥാനമാകൂയെന്നും രാജെ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: