Categories: KeralaNews

രാഷ്‌ട്രീയ ലാഭത്തിനായി പാലസ്തീന്‍ വിഷയത്തെ ദുരുപയോഗം ചെയ്യുന്നു; ആത്മവിശ്വാസം നഷ്ടപ്പെട്ടതുകൊണ്ടാണ് സിപിഎം ലീഗിന്റെ പുറകേ നടക്കുന്നത്

Published by

തിരുവനന്തപുരം : മുസ്ലിം ലീഗ് വിഷയത്തില്‍ കോണ്‍ഗ്രസ്സിന് ആശങ്കയുടെ പ്രശ്‌നമില്ല. ആത്മവിശ്വാസം നഷ്ടപ്പെട്ടതുകൊണ്ടാണു മുസ്ലിം ലീഗിന്റെ പുറകേ സിപിഎം നടക്കുന്നതെന്നു പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍. സിപിഎമ്മിന്റെ ഐക്യദാര്‍ഢ്യ പരിപാടിയിലേക്ക് സമസ്തയ്‌ക്ക് പിന്നാലെ മുസ്ലിം ലീഗിനെ ക്ഷണിക്കുകും വിവാദങ്ങളിലേക്ക് നീളുകയും ചെയ്തതിന് പിന്നാലെയാണ് പ്രതിപക്ഷ നേതാവിന്റെ ഈ പ്രതികരണം.

‘പാലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി നടത്താന്‍ സിപിഎം തീരുമാനിക്കുന്നു. എന്നാല്‍ ചര്‍ച്ചയില്‍ വരുന്നത് ലീഗ്, സമസ്ത, യുഡിഎഫ് ഒക്കെയാണ്. പാലസ്തീനിലെ ഗുരുതര പ്രശ്‌നത്തെ ഇടുങ്ങിയ രാഷ്‌ട്രീയത്തിലേക്കു സിപിഎം കൊണ്ടുവന്നു കെട്ടി. രാഷ്‌ട്രീയ ലാഭങ്ങള്‍ക്കുവേണ്ടി വിഷയത്തെ വഷളാക്കി. പലസ്തീന്‍ വിഷയത്തില്‍ സിപിഎമ്മിനു രാഷ്‌ട്രീയ ലക്ഷ്യമാണുള്ളത്. പാലസ്തീനിനുവേണ്ടിയല്ല സിപിഎം പരിപാടി നടത്തുന്നത്. രാഷ്‌ട്രീയ ലാഭത്തിനായി സിപിഎം ഇതിനെ ദുരുപയോഗം ചെയ്യുകയാണ്.

വിഷയത്തില്‍ കോണ്‍ഗ്രസിന് ആശങ്കയില്ല. ലീഗിന് ഒരു ക്ഷണം കിട്ടി. 48 മണിക്കൂറിനുള്ളില്‍ അവര്‍ ആലോചിച്ച് അതിനുള്ള തീരുമാനവും പറഞ്ഞു. വിഷയത്തില്‍ ഇ.ടി.മുഹമ്മദ് ബഷീര്‍ അങ്ങനെ സംസാരിക്കാന്‍ ഇടയായ സാഹചര്യമെന്താണെന്ന് ലീഗ് വ്യക്തമായി പറഞ്ഞിട്ടുണ്ട്. അതില്‍ ഒരു ആശയക്കുഴപ്പത്തിന്റേയും കാര്യമില്ലെന്നും വി.ഡി. സതീശന്‍ കൂട്ടിച്ചേര്‍ത്തു.
സമസ്തയെ വിളിച്ചതിനു പിന്നാലെയാണ് ഇ.ടി. മുഹമ്മദ് ബഷീറിന്റെ പരാമര്‍ശത്തിന്റെ അടിസ്ഥാനത്തിലാണ് സിപിഎം പാലസ്തീന്‍ ഐക്യദാര്‍ഢ്യ പരിപാടിയിലേക്ക് ലീഗിനെ ക്ഷണിക്കുന്നത്. എന്നാല്‍ തീവ്ര നിലപാടുള്ള മുസ്ലിം സംഘടനകളേയും കോണ്‍ഗ്രസിനേയും വിളിക്കില്ലെന്നും അറിയിച്ചു. ഇത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതിന് പിന്നാലെയാണ് മുസ്ലിം ലീഗ് നേതാക്കള്‍ കുട്ടിച്ചേര്‍ന്ന് സിപിഎം പരിപാടിയില്‍ പങ്കെടുക്കുന്നില്ലെന്ന് അറിയിക്കുകയായിരുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by