ഭുജ് (ഗുജറാത്ത്): രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ അഖില ഭാരതീയ കാര്യകാരി മണ്ഡല്‍ ബൈഠക് ഇന്നു മുതല്‍ ഏഴ് വരെ ഭുജില്‍ ചേരും. സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്, സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ എന്നിവര്‍ മാര്‍ഗദര്‍ശനം നല്കും. പ്രവര്‍ത്തനത്തിന്റെ സൗകര്യത്തിനായി രൂപീകരിച്ചിട്ടുള്ള 45 പ്രാന്തങ്ങളില്‍ നിന്നായി 381 പ്രതിനിധികള്‍ പങ്കെടുക്കും.
സഹ സര്‍കാര്യവാഹുമാര്‍, കാര്യ വിഭാഗുകളുടെ പ്രമുഖന്മാര്‍, ക്ഷേത്രീയ, പ്രാന്തീയ സംഘചാലകന്മാര്‍, പ്രചാരകന്മാര്‍, കാര്യവാഹുമാര്‍, നിശ്ചയിച്ച വിവിധ ക്ഷേത്ര സംഘടനകളുടെ സംഘടനാ കാര്യദര്‍ശിമാര്‍ എന്നിവരാണ് മൂന്ന് ദിവസത്തെ ബൈഠക്കില്‍ പങ്കെടുക്കുന്നത്.
വിജയദശമി ദിനത്തില്‍ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് നാഗ്പൂരില്‍ ചെയ്ത പ്രഭാഷണത്തിന്റെ പ്രധാന ബിന്ദുക്കള്‍ ബൈഠക്കില്‍ ചര്‍ച്ച ചെയ്യുമെന്ന് അഖില ഭാരതീയ പ്രചാര്‍ പ്രമുഖ് സുനില്‍ ആംബേക്കര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ആര്‍എസ്എസ് പരിശീലന ശിബിരങ്ങളായ സംഘ ശിക്ഷാ വര്‍ഗുകളുടെ പാഠ്യപദ്ധതി മാറ്റം സംബന്ധിച്ച വിശദമായ ചര്‍ച്ചയും തീരുമാനവും കാര്യകാരി മണ്ഡലിലുണ്ടാകും. 2024 മുതലുള്ള സംഘ ശിക്ഷാ വര്‍ഗുകളില്‍ പുതിയ പാഠ്യക്രമമാകും ഉണ്ടാവുക. 2025 സംഘത്തിന്റെ ശതാബ്ദിയാണ്. ആ സമയത്ത് കൈവരിക്കേണ്ട ശാഖാ വികാസ ലക്ഷ്യത്തിന്റെ പൂര്‍ത്തീകരണം സംബന്ധിച്ചും ചര്‍ച്ച ചെയ്യും, അദ്ദേഹം പറഞ്ഞു.
ജനുവരി 22 ന് അയോധ്യയില്‍ ഭഗവാന്‍ ശ്രീരാമന്റെ പ്രാണ പ്രതിഷ്ഠ നടക്കുന്നു. ഈ അവസരത്തില്‍ ദേശമാകെ ക്ഷേത്രങ്ങളിലും വീടുകളിലുമൊക്കെ ജനങ്ങള്‍ ഉത്സവാന്തരീക്ഷം സൃഷ്ടിക്കും. ഈ പരിപാടികളില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരുടെ പങ്കാളിത്തം സംബന്ധിച്ചും ചര്‍ച്ച ചെയ്യും, അദ്ദേഹം പറഞ്ഞു.
സമാജ പരിവര്‍ത്തനത്തെ മുന്‍ നിര്‍ത്തി മുന്നോട്ടുവയ്‌ക്കുന്ന സാമാജിക സമരസത, പരിസ്ഥിതി അനുകൂല ജീവിത ശൈലി, മൂല്യങ്ങളിലുറച്ച കുടുംബ വ്യവസ്ഥ, സ്വദേശി സ്വാവലംബനം, പൗരബോധം തുടങ്ങിയ പ്രവര്‍ത്തനങ്ങളും ചര്‍ച്ച ചെയ്യുമെന്ന് സുനില്‍ ആംബേക്കര്‍ പറഞ്ഞു. സൗരാഷ്‌ട്ര പ്രാന്ത കാര്യവാഹ് മഹേഷ് ഭായ് ഓഝയും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: