തിരുവനന്തപുരം : കേരളത്തില്‍ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തെക്കന്‍ തമിഴ്നാട് തീരത്തായി ചക്രവാതച്ചുഴി രൂപപ്പെട്ടിട്ടുണ്ട്. അടുത്ത മൂന്നു ദിവസം പടിഞ്ഞാറ്- വടക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച്, ശക്തിപ്രാപിച്ച് മധ്യ കിഴക്കന്‍ അറബിക്കടലിന് മുകളില്‍ നവംബര്‍ എട്ടിന് ന്യൂനമര്‍ദമായി മാറാന്‍ സാധ്യതയുണ്ട്. അതിനാല്‍ സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ ഏഴ് ദിവസത്തേയ്ക്ക് ശക്തതമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പുണ്ട്.
പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ആലപ്പുഴ, എറണാകുളം, പാലക്കാട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇടിയോട് കൂടിയ മഴയ്ക്കാണ് സാധ്യത. ഇടിമിന്നല്‍ ജാഗ്രത കര്‍ശനമായി പാലിക്കണം. കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടില്ലെങ്കിലും മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണം.
ശനിയാഴ്ച എറണാകുളം ജില്ലയുടെ വിവിധ മേഖലകളില്‍ അനുഭവപ്പെട്ട ശക്തമായ മഴയില്‍ നഗരത്തില്‍ പല സ്ഥലങ്ങളിലും വെള്ളക്കെട്ട് അനുഭവപ്പെട്ടു. കാലടിയിലും അങ്കമാലിയിലും റോഡുകള്‍ വെള്ളത്തില്‍ മുങ്ങിയ അവസ്ഥയിലായിരുന്നു. കാലടി മലയാറ്റൂര്‍ പാതയിലാണ് രൂക്ഷമായ വെള്ളക്കെട്ട്. കാലടി നീലേശ്വരത്ത് ആറ് മണിക്കൂറില്‍ 16 സെന്റീമീറ്റര്‍ മഴയാണ് പെയ്തതത്. അങ്കമാലിയില്‍ പ്രധാന റോഡുകള്‍ക്ക് പുറമെ ഇടറോഡുകളും വെള്ളത്തിലായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: