തുറവൂര്‍ വിശ്വംഭരന് മാഷ് ജന്മഭൂമി ദിനപത്രത്തിന്റെ ചീഫ് എഡിറ്റര്‍ ആയിരിക്കുന്ന കാലം. പതിവുപോലെ കറങ്ങിത്തിരിഞ്ഞ് ഞാന്‍ വൈകിട്ട് എളമക്കരയിലെ ഓഫീസില്‍ എത്തി. ഇറങ്ങുമ്പോള്‍ മാഷ് പറഞ്ഞു. ഹരിയേട്ടന് കാര്യാലയത്തില്‍ ഉണ്ട്. കാണണം.
ആര്‍എസ്എസിന്റെ കേന്ദ്രനേതാവായിരുന്ന ആര്.ഹരി എന്ന രംഗഹരിയാണ് ഹരിയേട്ടന്. ഒരു അഖിലേന്ത്യാ നേതാവിനെ ഏട്ടന് എന്നു വിളിക്കുന്ന അണികളെയും, അതുതന്നെയാണ് ശരിയെന്ന് കരുതുന്ന നേതാവും ഒരു അത്ഭുതം തന്നെയായിരുന്നു. ഇച്ചിരി അധികാരമുണ്ടായാല്‍ സംബോധനയില്‍ വരെ ശാഠ്യം പിടിക്കുന്നവരുടെയിടയില് ശക്തമായ ഒരു പ്രസ്ഥാനത്തിന്റെ അമരക്കാരനായ ഹരിയേട്ടന് വ്യത്യസ്തനായി.
പക്ഷേ പിന്നീടാണറിഞ്ഞത്, ആര്‍എസ്എസില്‍ വലിപ്പച്ചെറുപ്പം നോക്കാതെ എല്ലാവരും ഏട്ടന് ചേര്‍ത്താണ് വിളിക്കുന്നത്.
പിന്നീട് ജെ. നന്ദേട്ടനും, കെ.ജി.വേണുവേട്ടനും ടി.സതീഷേട്ടനും ഇ.എന്‍. നന്ദേട്ടനും എം. ഗണേഷേട്ടനും എനിക്ക് ചേട്ടന്മാരായി. അവരോടൊക്കെയും തര്‍ക്കിക്കാന്‍ വരെ സ്വാതന്ത്ര്യം എനിക്ക് ലഭിക്കുകയും ചെയ്തു.
മുറിയില്‍ കയറാന്‍ ഞാന്‍ ആദ്യം മടിച്ചെങ്കിലും മാഷ് പറഞ്ഞതിനാല്‍ കയറി. തികഞ്ഞ വാത്സല്യത്തോടെ എന്റെ വിവരങ്ങളെല്ലാം ചോദിച്ചറിഞ്ഞു. വിശ്വംഭരന് മാഷും ഹരിയേട്ടനും സംസാരിക്കുമ്പോള്‍ കാര്യങ്ങളുടെ ആഴം വാക്കില്‍ തെളിയുന്നതു കണ്ടു. മഹാഭാരതത്തിലെ ഭീഷ്മര്‍, വിദുരര്‍ തുടങ്ങിയ കഥാപാത്രങ്ങള്‍ ചര്‍ച്ച ചെയ്യപ്പെട്ടു.
പിന്നീട് അദ്ദേഹത്തെ കാണുന്നത് അദ്ദേഹത്തിന്റെ ‘മാറ്റുവിന്‍ ചട്ടങ്ങളെ’ എന്ന പുസ്തകം പ്രകാശനം ചെയ്യുന്ന വേളയിലായിരുന്നു. ആര്‍എസ്എസ് എന്ന സംഘടന മുന്നോട്ടുവയ്ക്കുന്ന യഥാര്‍ത്ഥ ജാതിരഹിത ചിന്താഗതികളെ അധികരിച്ചുള്ളതായിരുന്നു ലേഖനങ്ങള്‍.
ഭാരതീയമായ ജ്ഞാനപാരമ്പര്യത്തെ നിരന്തരം ഭുജിച്ചും, വിവിധ രാജ്യങ്ങളിലും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും സഞ്ചരിച്ച് സംഘപരിവാറിന്റെ വിവിധ സംഘടനകളെ ഏകോപിപ്പിച്ചും 93 വയസ്സുവരെ ഭാരതമെന്ന ജന്മഭൂമിയുടെ നിത്യ പ്രചാരകനായിരുന്ന രംഗ ഹരി എന്ന ഹരിയേട്ടന്റെ ഭൗതികശരീരം എളമക്കര കാര്യാലയത്തില്‍ ചെന്ന് കണ്ട് പ്രണാമമര്‍പ്പിച്ചു.
(കവിയും എഴുത്തുകാരനുമാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: