ഹരിയേട്ടന് 2021 ഡിസംബറില്‍ ആലുവയിലെ രാജഗിരി ആശുപത്രിയില്‍ ഒരു സര്‍ജറിക്ക് വിധേയനായി. അന്ന് അദ്ദേഹത്തെ കാണാന്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ എത്തിയിരുന്നു. അതവരുടെ രണ്ടാമത്തെ കൂടിക്കാഴ്‌ച്ച ആയിരുന്നു. അടുത്ത ദിവസം തന്നെ ഹരിയേട്ടന്റെ ആരാധകന്‍ കൂടിയായ ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ളയും എത്തി. സംസാരത്തിനിടയില്‍ ഗവര്‍ണര്‍ തന്റെ എഡിസിയായ നേവി ഓഫീസറെ പരിചയപ്പെടുത്തി. ഹരിയേട്ടന്‍ അദ്ദേഹത്തോട് സ്വന്തം നാട് എവിടെയെന്ന് ചോദിച്ചു. അദ്ദേഹം കര്‍ണാടകത്തിലെ തന്റെ ഗ്രാമത്തിന്റെ പേര് പറഞ്ഞു. അടുത്ത ചോദ്യം പിതാവിന്റെ പേരായിരുന്നു. ഓഫീസര്‍ അതും പറഞ്ഞു. ഉടന്‍ ഹരിയേട്ടന്റെ ചോദ്യം, ജില്ലയില്‍ (15 വര്‍ഷം മുന്‍പുള്ള കാര്യം) നടന്ന സംഘത്തിന്റെ ശിക്ഷാ വര്‍ഗില്‍ (ഓരോ സംസ്ഥാനത്തും തെരഞ്ഞെടുത്ത പ്രവര്‍ത്തകര്‍ക്ക് വേണ്ടി നടത്തുന്ന ഒരു മാസം നീണ്ട പരിശീലന ശിബിരം) പങ്കെടുത്ത ആളല്ലേ എന്നായിരുന്നു.
സമുന്നത സിപിഎം നേതാവായ എം.എം. ലോറന്‍സും ഹരിയേട്ടനും സ്‌കൂളില്‍ ക്ലാസ്സ്‌മേറ്റ്‌സ് ആയിരുന്നു. അവര്‍ തമ്മില്‍ അവസാനം വരെ അടുത്ത സൗഹൃദമായിരുന്നു. ലോറന്‍സിന്റെ മക്കളോടു ഹരിയേട്ടന് തീവ്രമായ വാത്സല്യം ഉണ്ടായിരുന്നു. അവര്‍ അദ്ദേഹത്തെ കാണാന്‍ വരുകയും പതിവായിരുന്നു. ഹരിയേട്ടനും ലോറന്‍സ് ചേട്ടനും ചേര്‍ന്നാല്‍ ഇരുവരും തങ്ങളുടെ സ്‌കൂള്‍ കാലം അയവിറക്കുക പതിവായിരുന്നു. കൂട്ടുകാരുടെയും അദ്ധ്യാപകരുടെയും ഇരട്ടപ്പേരുകള്‍ വരെ ചര്‍ച്ചാ വിഷയമാകും. കൂട്ടത്തില്‍ അന്നത്തെ കുസൃതികളും. ഈ ലേഖകന്‍ പലപ്പോഴും അതിനു സാക്ഷിയായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക