രണ്ടരപ്പതിറ്റാണ്ടു മുമ്പാണ്; പാര്‍ലമെന്റില്‍ ഉത്തര്‍പ്രദേശ് രാഷ്ട്രീയം ചര്‍ച്ചയില്‍. തെരഞ്ഞെടുപ്പടുക്കുമ്പോള്‍ പാര്‍ലമെന്റ് സമ്മേളനങ്ങളില്‍ ഉത്തര്‍പ്രദേശ് രാഷ്ട്രീയം മേല്‍ക്കൈ നേടും. ഏറ്റവും കൂടുതല്‍ ലോക്സഭാ സീറ്റ് അവിടെയാണല്ലോ. അത് പക്ഷത്താക്കാനുള്ള ലാക്കാണ് ഓരോ പാര്‍ട്ടിക്കും. യുപിയില്‍ നിയമസഭാ തെരഞ്ഞെടുപ്പും അടുത്ത സമയമായിരുന്നു അത്. മുലായം സിങ്ങിന്റെ, ‘യുപിയുടെ നാഥന്’ എന്ന പദത്തിന് ഇളക്കം തട്ടിത്തുടങ്ങിയ കാലം. മായവതി-കാന്‍ഷിറാം കൂട്ട് ശക്തിപ്പെട്ട നാളുകള്‍. ബിജെപി അവരുടെ മുഖ്യ രാഷ്ട്രീയ എതിരാളിയായി മുലായത്തിനെ പരിഗണിച്ചിരുന്ന കാലവും. അതായത്, യുപിയില്‍ ബിജെപി കണ്ണുനട്ട്, കാലുറപ്പിച്ച് രാഷ്ട്രീയ തന്ത്രം ആവിഷ്കരിച്ചിരുന്ന സ്ഥിതിവിശേഷം.
മുലായത്തിന്റെ ഗുണഗണങ്ങള്‍, ഭരണനൈപുണി, ജനപിന്തുണ എല്ലാം വിശദീകരിച്ച് പ്രസംഗിക്കവേ സമാജ്വാദി പാര്‍ട്ടിയുടെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് അവിടത്തെ റോഡുകളുടെ മേന്മ വിശദീകരിച്ചു. വളവില്ലാത്ത നിരത്തുകള്‍, കുറ്റമറ്റവ, അന്താരാഷ്ട്ര നിലവാരം ഒക്കെ പറഞ്ഞുപറഞ്ഞ്, ഒരു പൊതുയോഗത്തില്‍ മുഖ്യമന്ത്രി മുലായം സിങ്ങുതന്നെ നടത്തിയ ഒരു വിശേഷണം ലോക്സഭയില്‍ ആ നേതാവ് ഉദ്ധരിച്ചു. ”യുപിയിലെ റോഡുകള്‍ ഇപ്പോള്‍ ഹേമമാലിനിയുടെ കവിളുകള്‍ പോലെ സുന്ദരവും മിനുസമുള്ളതും ആകര്‍ഷകവുമാണ്” എന്ന്. മുലായത്തിന് ജനമനസ്സറിയാം. പ്രസിദ്ധമായ ഷോലെ സിനിമയിലെ ‘ബസന്തി’യാണ് പ്രസിദ്ധ നടി ഹേമമാലിനി ഹിന്ദിക്കാര്‍ക്ക്. അത്രയ്ക്ക് പ്രിയപ്പെട്ടവള്‍. ആ ജനകീയത മനസ്സില്‍ വച്ചാണ് മുലായം പറഞ്ഞത്. സഭയില്‍ അത് ഏറ്റു പറഞ്ഞപ്പോള്‍ ഡസ്കിലടിച്ച്, ‘വാഹ് വാഹ്’ വിളിച്ച് അംഗങ്ങള്‍ പ്രോത്സാഹിപ്പിച്ച് രസിച്ചു. അവര്‍ രാഷ്ട്രീയഭേദമില്ലാതെ ആ ‘ഉപമ’ ആസ്വദിച്ചു.
ഇന്നാണെങ്കില്‍ മുലായത്തിനെതിരെ ചിലപ്പോള്‍ കേസ് വന്നേനെ; ‘ബോഡിഷെയിമി’ങ്ങിന് ഹേമമാലിനിയെക്കൊണ്ട് ചിലര്‍ കേസ് കൊടുപ്പിച്ചേനെ. വന്നുവന്ന് ഭാഷാപ്രയോഗത്തിനും അലങ്കാര ഉപയോഗത്തിനുംവരെ നിയമ തടസ്സങ്ങള്‍ ഏറെ ഉണ്ടായിക്കൊണ്ടിരിക്കുകയാണല്ലോ. അംഗവിക്ഷേപങ്ങളും ആംഗ്യഭാഷയുമൊക്കെ അപകടകരമാകും ഇനി. പുരുഷന് തോളില്‍ തൊട്ടാല്‍, മണിക്കൂറുകള്‍ കഴിയുമ്പോള്‍, അയ്യോ! അത് നിയമപരമായി തെറ്റാണല്ലോ, തൊട്ടയാളുടെ രാഷ്ട്രീയം ഇന്നതാണല്ലോ എന്നെല്ലാം ചിന്തിച്ചുകൂട്ടി നിയമനടപടിക്ക് സ്ത്രീകള്‍ പോകുന്ന കാലമാണല്ലോ ഇത്. എന്തായാലും ഹേമമാലിനി കേസിനു പോയില്ല. ബോഡിഷെയിമിങ്ങെന്ന ആക്ഷേപം ഉയര്‍ന്നില്ല.
മുലായം സിങ് ലോക്സഭാംഗമായിരിക്കെ ചര്‍ച്ചകളില്‍ അടല്‍ബിഹാരി വാജ്പേയിയുമായി രസകരമായ വാഗ്വാദങ്ങളുണ്ടാകുമായിരുന്നു. വാജ്പേയി പ്രധാനമന്ത്രിയായിരിക്കെ, ഒരിക്കല്‍, ഒരു വിഷയത്തില്‍ തമ്മില്‍ തര്‍ക്കമുണ്ടായി. മുലായം ലേശം ക്ഷുഭിതനായി പറഞ്ഞു, ‘എന്റെ പേര് മുലായം സിങ് എന്നാണ്. ഞാന്‍ പിന്നോട്ടു പോകില്ല. ഈ സര്‍ക്കാരിനെക്കൊണ്ട് തിരുത്തിക്കും.’ സഭയില്‍ ഡസ്കിലടി മുഴങ്ങി. പ്രതിപക്ഷം വിജയാരവം കൊണ്ടു. മുലായം ഇരുന്നു; ‘മുലായം’ എന്നതിന് അര്‍ത്ഥം ‘കര്‍ക്കശക്കാരന്‍’ എന്നുകൂടിയാണ്. അതിന് അടല്‍ബിഹാരി നല്കിയ വിശദമറുപടിക്കൊടുവില് വാജ്പേയി പറഞ്ഞു: ”തും മുലായം ഹെ, മുഝേ മാലും, ഫിര്‍ ആപ്കോ ഭീ മാലും മേം അടല്‍ ഹും.” (താങ്കള്‍ കര്‍ക്കശക്കാരനാണ്, എനിക്കറിയാം. പക്ഷേ, ഞാന്‍ ഇളക്കം ഇല്ലാത്തവനാണ് (അടല്‍)എന്ന കാര്യം താങ്കള്‍ക്കും അറിയാം) പൊട്ടിച്ചിരികള്‍ക്കിടെ ഏറ്റവും മുഴങ്ങിക്കേട്ടത് മുലായത്തിന്റേതായിരുന്നു. മിനുട്ടുകളെടുത്തു അന്ന് സ്പീക്കര്‍ക്ക് സഭ പഴയമട്ടിലാക്കാന്‍. ആ മുലായത്തിന്റെ വാക്യങ്ങള്‍ ഉദ്ധരിച്ച എംപിയുടെ വാദത്തോട് അന്ന് വാജ്പേയി പറഞ്ഞു: ”നല്ലതാണ്. ഹേമമാലിനിയുടെ കവിളിനോട് ഉപമിച്ചപ്പോള്‍ ആര്‍ക്കും ബോധ്യമായി റോഡിന്റെ സ്ഥിതി. പക്ഷേ, അത്രയ്ക്ക് മിനുസമുള്ള റോഡില്‍ അപകടങ്ങള്‍ കൂടും. അത് ‘നേതാജി’യേ ഓര്‍മ്മിപ്പിച്ചേക്കണം,’ എന്ന്. അന്നും സഭ ചിരിച്ചു. ‘നേതാജി’ എന്നത് മുലായത്തിന്റെ വിളിപ്പേരാണ്. പക്ഷേ, റോഡില്‍ ആ തവണ ‘രാഷ്ട്രീയ അപകടം’ ഉണ്ടായി. മുലായം തെരഞ്ഞെടുപ്പില്‍ പുറത്തായി.
ഉത്തര്‍പ്രദേശില്‍ മായാവതിയുമായി സഖ്യമുണ്ടാക്കി മുലായത്തിനെ ഭരണത്തില്‍ നിന്ന് പുറത്താക്കിയത് ബിജെപിയുടെ രാഷ്ട്രീയ തന്ത്രമായിരുന്നു. മായാവതി രാജ്യതാല്‍പ്പര്യത്തേക്കാള്‍ ജാതിതാല്‍പ്പര്യം രാഷ്ട്രീയത്തില്‍ ചേര്‍ത്തപ്പോള്‍, അഴിമതിക്കാരിയായ മുഖ്യമന്ത്രിയായപ്പോള്‍, ബിജെപി അവരെ കൈവിട്ട് സ്വയം അധികാരത്തിലെത്താന്‍ ശ്രമിച്ചതും വിജയിച്ചതും പില്ക്കാല വൃത്താന്തം. ഇപ്പോള്‍ രണ്ടാംവട്ടം തുടര്‍ച്ചയായി യോഗി ആദിത്യനാഥ് യുപി ഭരിക്കുന്നത് അതിന്റെ വിശാല ചരിത്രം.
ഈ കഴിഞ്ഞകാലം ഇപ്പോള്‍ പറയാന്‍ കാരണം അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പാണ്. 2023 ഡിസംബര്‍ മൂന്നിനറിയാം അഞ്ചിടത്തെ ഫലം. അത് 2024 ലെ പൊതുതെരഞ്ഞെടുപ്പിന്റെ ഫലത്തെ സ്വാധീനിക്കുമോ, എങ്കില്‍ എങ്ങനെയാകും, എന്നതാവും തുടര്‍ ചിന്തകളും ചര്‍ച്ചകളും. 2003 ലെ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കിട്ടിയ വന്‍ വിജയമാണ് വാജ്പേയി നയിച്ച എന്‍ഡിഎ സര്‍ക്കാരിനെ പൊതുതെരഞ്ഞെടുപ്പ് നേരത്തേയാക്കാന്‍ പ്രേരിപ്പിച്ചത്. അന്നത്തെ നിയമസഭാ വിജയങ്ങള്‍ക്ക് കാരണം ജനങ്ങളുടെ അടിസ്ഥാന ആവശ്യമായ ‘ബി എസ് പി’ തെരഞ്ഞെടുപ്പിലെ ‘യുഎസ്പി’ (യുണീക് സെല്ലിങ് പോയിന്റ്) ആക്കിയതിനാലാണ്. ‘ബിഎസ്പി’ എന്നാല്‍ ബിജ്ലി (വൈദ്യുതി), സഡക് (റോഡ്-ഗതാഗതം), പാനി (കുടിവെള്ളം). ഈ അടിസ്ഥാന സൗകര്യാവശ്യങ്ങള് നല്കുന്നതില് സര്‍ക്കാരുകളുടെ- ഭരണത്തിന്റെ താരതമ്യമായിരുന്നു അന്ന് ബിജെപി വിഷയമാക്കിയത്. പില്ക്കാലത്ത് ‘വികസനം’ എന്ന അജണ്ടയിലേക്ക് തെരഞ്ഞെടുപ്പുകള്‍ മാറി. ‘വാഗ്ദാന’- ‘പ്രകടന’ പത്രികകള്‍ അപ്രസക്തമായതും അങ്ങനെയാണ്.
ഇപ്പോള്‍ നടക്കാന്‍ പോകുന്ന തെരഞ്ഞെടുപ്പിലെ എന്‍ഡിഎ- ബിജെപി അജണ്ടയും വികസനമാണ്. അടുത്ത പൊതുതെരഞ്ഞെടുപ്പിലും മുഖ്യം വികസനമാകും. 10 വര്‍ഷത്തെ ഭാരതത്തിന്റെ കുതിപ്പ്-സ്വാഭാവികമായും കേരളത്തിലും അത് ചര്‍ച്ചയാകും. കേരളത്തില്‍ കേന്ദ്രത്തിലെ എന്‍ഡിഎ സര്‍ക്കാരിന്റെ ഭരണനിര്‍വഹണ പ്രകാരമുള്ള പദ്ധതികളും സംസ്ഥാനത്തിന്റെ വളര്‍ച്ചയും ചര്‍ച്ചയ്ക്കുള്ള പ്രധാന വിഷയമാണ്. അപ്പോഴാണ് കേരളത്തിലെ ‘ബിഎസ്പി’ വിലയിരുത്തപ്പെടുന്നത്, വിലയിരുത്തപ്പെടേണ്ടത്.
തുടക്കത്തില്‍ പറഞ്ഞ, ‘ഹേമമാലിനിയുടെ കവിള്‍പോലെ’യുള്ള യുപി റോഡുകളും കേരളത്തിലെ റോഡുകളും താരതമ്യം ചെയ്യപ്പെടും, ചെയ്യണം. കേന്ദ്ര സര്‍ക്കാര്‍ അടിസ്ഥാന സൗകര്യവികസനത്തിന് സംസ്ഥാനങ്ങള്‍ക്ക് അനുവദിക്കുന്ന ഫണ്ടില്‍ ഏറ്റവും കൂടുതല്‍ രണ്ട് മേഖലയിലാണ്; ഒന്ന്: റോഡ് നിര്‍മാണം, രണ്ട്: ടൂറിസം വികസനം. ഈ രണ്ടു വകുപ്പുകളും കേരളത്തില്‍ കൈകാര്യം ചെയ്യുന്നത് ടൂറിസം പൊതുമരാമത്ത് വകുപ്പു മന്ത്രി മുഹമ്മദ് റിയാസാണ്. ‘ബോഡി ഷേമിങ്ങാ’യി വ്യാഖ്യാനിച്ച് കേസു വരില്ലെന്ന വിശ്വാസത്തില്‍ പറയട്ടെ; കേരളത്തിലെ റോഡുകള്‍ മന്ത്രി റിയാസിന്റെ മുഖംപോലെ സുന്ദരമല്ല. കേരള റോഡില്‍ യാത്രചെയ്യുന്നവരും വണ്ടിയോടിക്കുന്നവരും മന്ത്രിയെ ഒരു വട്ടമെങ്കിലും ഓരോ അര മണിക്കൂറിലും പഴിപറയാതിരിക്കില്ല. കേന്ദ്രം ദേശീയ പാതകള്‍ നിര്‍മിക്കുന്നത് സംസ്ഥാന സര്‍ക്കാരുകളുടെ മേല്‍നോട്ടത്തിലാണ്. സംസ്ഥാന പാതകള്‍ സംസ്ഥാനസര്‍ക്കാരുകള്‍ സ്വയം നിര്‍മ്മിക്കുന്നു. കേന്ദ്രത്തിന്റെ വന്‍ സഹായമാണതിന്. രണ്ടു റോഡുകളും പക്ഷേ കേരളത്തില്‍ ‘കുള’മാണ്. (മുന്‍ മന്ത്രി കെ. സുധാകരന് പണ്ട് കുഴിയെണ്ണിയത് ഓര്‍മ്മിക്കുക. ഇന്നാണെങ്കില്‍ മന്ത്രി റിയാസ് വെള്ളം കുടിക്കും) ‘മന്നവേന്ദ്ര വിളങ്ങുന്നു, ചന്ദ്രനെപ്പോലെ നിന്മുഖം’ എന്ന ഉപമാലങ്കാരം ചന്ദ്രഗ്രഹം അത്രയ്ക്കടുത്തു കാണുംമുമ്പുള്ള കവിഭാവനയാണ്. ചന്ദ്രോപരിതലം കുണ്ടും കുഴിയും നിറഞ്ഞതും പൊട്ടിപ്പൊളിഞ്ഞതും അസുന്ദരവുമാണെന്ന് ഇന്ന് വ്യക്തമാകുന്നു. സമാനമാണ് കേരള റോഡുകള്‍. എന്നിട്ടും ടൂറിസ്റ്റുകള്‍ക്ക് യാത്രാ സൗകര്യമൊരുക്കുന്നതിലെ കേരള മികവിനെക്കുറിച്ച് മന്ത്രി റിയാസിന്റെ വീരവാദങ്ങള്‍ പരസ്യത്തില്‍ കേള്‍ക്കുന്നു!!
തകര്‍ന്ന റോഡുകള്‍ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പ് പൂര്‍ത്തിയാക്കി ഉദ്ഘാടനം ചെയ്യുകയെന്ന ”ദീര്‍ഘവീക്ഷണ”മുള്ള പദ്ധതിയായിരിക്കണം സര്‍ക്കാരിന്. ‘വോട്ടര്‍മാരുടെ കണ്ണില്‍ പൊടിയിടല്‍’ എന്ന ആ പഴഞ്ചന്‍ ചൊല്ല് പറയിപ്പിച്ചേ അടങ്ങൂ. സത്യസന്ധമായ ഒരു സാമൂഹ്യ കണക്കെടുപ്പ് നടക്കണം: അഞ്ചു വര്‍ഷത്തിനിടെ, തകര്‍ന്നു പൊളിഞ്ഞ റോഡുകളില്‍ പൊലിഞ്ഞ ജീവനുകള്‍ എത്രയെത്ര? വാഹനങ്ങള്‍ അകാരണമായി അധികം എരിച്ചുകളഞ്ഞ ഇന്ധനം എത്ര? അതിന്റെ വിലയെത്ര? തകര്‍ന്ന റോഡുകള്‍ മൂലം യാത്രക്കാര്‍ക്കും നാട്ടുകാര്ക്കുമുണ്ടാക്കിയ ആരോഗ്യപ്രശ്നങ്ങള്‍ എത്ര? കണക്കെടുത്താല്‍ വലിയ നഷ്ടങ്ങളായിരിക്കും. പക്ഷേ, തെരഞ്ഞെടുപ്പടുക്കുംവരെ അനുഭവിച്ചേ പറ്റൂ. ജീവിതം ‘സുരക്ഷിത’മാക്കാന് പട്ടിണി കിടന്ന് ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിക്ക് തുകയടച്ച് ആരോഗ്യം ക്ഷയിപ്പിക്കുന്നവരുടെ കാര്യം പോലെയാണത്. തെരഞ്ഞെടുപ്പ് വരുമ്പോള്‍ ജനസേവനത്തിന്റെ ഭരണനേട്ടക്കഥകള് അവര്‍ പറയും, വോട്ടര്‍മാര്‍ അവര്‍ക്ക് സ്തുതിപാടും. അതാണ് ചില ഭരണക്കാരുടെ ‘യുഎസ്പി’യും. കുടിവെള്ളത്തിന്റെ കാര്യവും അങ്ങനെതന്നെ. ഹര് ഘര്‍ ജല്‍ (എല്ലാവീട്ടിലും കുടിവെള്ളം) എന്ന ജലവിതരണ പദ്ധതിക്ക് മോദി സര്‍ക്കാരിന് നന്ദി പറഞ്ഞ് രാജ്യമെമ്പാടും ‘ഗുഡ്ഡിയും അമ്മയും ഗ്രാമസേവികയും’ സന്തോഷം പങ്കുവെക്കുകയാണെന്ന് പരസ്യം പറയുന്നു; മന് കീ ബാത്തിലും. പക്ഷേ, നാല്‍പ്പതിലേറെ നദികളുള്ള കേരളം കുടിവെള്ളത്തിന് റോഡുകളില്‍ കുഴികുത്തിക്കാത്തിരിക്കുകയാണ്. കൊടുക്കുന്ന ഓരോ തുള്ളിക്കും വിലകൂട്ടുകയും ചെയ്തു, വൈദ്യുതി നിരക്കും കൂട്ടി- ‘ബിഎസ്പി’, മൂന്നുമായി.
പിന്കുറിപ്പ്:
‘കേരളീയം’ പകിട്ടും ലക്ഷ്യവും ആശയവും കൊണ്ട് സുവര്ണനിറത്തിലാണെന്നായിരുന്നു പറച്ചിലും പ്രചാരണവും. പക്ഷേ, സംസ്ഥാനം പിറന്ന നവംബര്‍ ഒന്നിനുതന്നെ ഹൈക്കോടതിയില്‍ സര്‍ക്കാര്‍ നല്കിയ സത്യവാങ്മൂലത്തിലൂടെ സംസ്ഥാനത്തെയാകെയാണല്ലോ ഇവര്‍ നാണംകെടുത്തുന്നതെന്ന് കോടതി ചോദിച്ചതോടെ, ആ ‘സ്വര്‍ണ്ണ’ത്തിന് നിറംകെട്ടു, കറുത്തീയമായിപ്പോയല്ലോ. ഹാ! കഷ്ടം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: