കൊല്‍ക്കത്ത: ലോകകപ്പ് ക്രിക്കറ്റില്‍ സെമി ബെര്‍ത്ത് ഉറപ്പാക്കിയ ഭാരതവും ദക്ഷിണാഫ്രിക്കയും ഇന്ന് നേര്‍ക്കുനേര്‍. ഇന്നലെ നടന്ന ഓസീസ്-ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ്- പാകിസ്ഥാന് മത്സരത്തിന്റെ അടിസ്ഥാനത്തില്‍ 12 പോയിന്റുള്ള ദക്ഷിണാഫ്രിക്ക റണ്‍നിരക്കിന്റെ ബലത്തില്‍ സെമി ബെര്‍ത്ത് ഉറപ്പാക്കി.
കളിച്ച ഏഴ് മത്സരങ്ങളും ജയിച്ച് സെമി ഉറപ്പിക്കാന്‍ ആവശ്യമായ 14 പോയിന്റും സ്വന്തമാക്കിയാണ് ഭാരതം ഇന്നിറങ്ങുന്നത്. കൊല്‍ക്കത്തയിലെ ഈഡന് ഗാര്ഡന് സ്റ്റേഡിയം ആണ് വേദി. പ്രസിദ്ധ സ്റ്റേഡിയത്തില്‍ ഇത്തവണ ഭാരതത്തിന്റെ ആദ്യ മത്സരമാണിന്ന്. ഇന്നത്തെ കളിയില്‍ പരാജയപ്പെട്ടാലും രോഹിത്തിനും സംഘത്തിനും ഒന്നും സംഭവിക്കാനില്ല. ഹാര്‍ദിക് പാണ്ഡ്യ ലോകകപ്പില്‍ പൂര്‍ണമായും ഒഴിവായ ശേഷമുള്ള ആദ്യ മത്സരമാണിന്ന്. ബാറ്റിങ് ലൈനപ്പിലും ബോളിങ് ലൈനപ്പിലും അനിഷേധ്യമായ പൊസിഷന്‍ ഉണ്ടായിരുന്ന താരമാണ് ഹാര്‍ദിക്. ആ താരത്തിന് പകരക്കാരനായി നായകന് രോഹിത് ശര്‍മ്മയും പരിശീലകന് രാഹുല്‍ ദ്രാവിഡിനും പുതിയ പരീക്ഷണത്തിന് മുതിരാവുന്ന വലിയ അവസരമാണ് ഇന്നത്തെ കളി.
ദക്ഷിണാഫ്രിക്ക ഇന്ന് എന്ത് വിലകൊടുത്തും ജയിക്കാനേ നോക്കൂ. അതിനാല്‍ ശക്തമായ മത്സരം അവരില്‍ നിന്ന് പ്രതീക്ഷിക്കാം. പോയിന്റ് പട്ടികയില്‍ ഇതുവരെ ഏഴില്‍ ആറ് കളികള്‍ ജയിച്ച് 12 പോയിന്റുമായി ദക്ഷിണാഫ്രിക്ക ഭാരതത്തിന് തൊട്ടു താഴെയാണ്. ഭാരതത്തെ തോല്‍പ്പിക്കാന്‍ പ്രാപ്തിയുള്ള ലൈനപ്പാണ് തെംബ ബവൂമ നയിക്കുന്ന ദക്ഷിണാഫ്രിക്കന്‍ ടീമിന്റേത്. ജയത്തോടെ അവര്‍ കരുത്ത് കാട്ടുമോ ഭാരതം വിജയകഥ തുടരുമോ കണ്ടറിയാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: