മയാമി : ഭരണകൂടങ്ങൾക്ക് മാധ്യമപ്രവർത്തകരുടെ വായ്മൂടി കെട്ടാൻ ആവില്ലെന്ന് ജന്മഭൂമി ന്യൂസ് എഡിറ്റർ പി ശ്രീകുമാർ . കേരളത്തിലെ മാധ്യമങ്ങൾ എക്കാലത്തും ഭരണ വർഗത്തിനെതിരായ നിലപാടുകൾ എടുത്താണ് മുന്നേറിയത്. ആ പാരമ്പര്യം സ്വദേശാഭിമാനിയിൽ തുടങ്ങുന്നതാണ് .രാജഭരണത്തിനും രാജാവിനും എതിരെ പോലും എഴുതിയാണ് സ്വദേശി മാനി മലയാളപത്രപ്രവർത്തനത്തിന് വഴികാട്ടിയായത് – അദ്ദേഹം അഭിപ്രായപ്പെട്ടു.
“നാടുകടത്തപ്പെട്ടിട്ടുപോലും ശരിയെന്നുതോന്നിയ കാര്യങ്ങൾ എഴുതാനും കഴിഞ്ഞിരുന്ന സ്വദേശാഭിമാനിയുടെ മാർഗ്ഗത്തിലാണ് മലയാള മാധ്യമ ലോകവും സഞ്ചരിച്ചത് . രാജ്യത്തിന് മാതൃകയാകുന്ന തരത്തിൽ മലയാള മാധ്യമ മേഖല ഉയർന്നുനിന്നതിനു കാരണവും അതാണ്.”-.ഇന്ത്യാ പ്രസ്സ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ അന്താരാഷ് ട മാധ്യമ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പി. ശ്രീകുമാര്‍.
“ഭാരതത്തിൽ മാധ്യമ സ്വാതന്ത്ര്യത്തിന് ഒരു കോട്ടവും ഉണ്ടായിട്ടില്ല. ഏതെങ്കിലും അന്താരാഷ്‌ട്ര പേപ്പർ സംഘടനകളുടെ പട്ടികയോ സൂചികയോ നോക്കിയല്ല മാധ്യമപ്രവർത്തന സ്വാതന്ത്ര്യം വിലയിരുത്തേണ്ടത് ‘ഭരണകൂടങ്ങൾക്ക് നിയന്ത്രിക്കാൻ മാധ്യമങ്ങളെ നിയന്ത്രിക്കാൻ സാധിക്കും എന്നും കരുതേണ്ടതില്ല. അടിയന്തരാവസ്ഥയുടെ സമയത്ത് ഒഴികെ ഒരിക്കൽ പോലും മാധ്യമങ്ങളെ കൂച്ച് വിലങ്ങിടാനോ അല്ലെങ്കിൽ മാധ്യമങ്ങൾക്കും മേൽ നിയന്ത്രണം ഏൽപ്പെടുത്തുവാനോ രാജ്യം ഭരിച്ച സർക്കാരുകൾ തയ്യാറായില്ല എന്നതാണ് സത്യം .മാധ്യമപ്രവർത്തനമായി ബന്ധപ്പെട്ട ചില കേസുകളൊക്കെ ഉണ്ടെങ്കിലും പൊതുവേ സർക്കാരുകൾക്കെതിരെ അതിരൂക്ഷമായി വാർത്തകൾ നടത്തുന്ന വാർത്തകൾ എഴുതുന്നതിനോ ഇന്നും കേരളത്തിലും സ്വാതന്ത്ര്യമുണ്ട് . അതെല്ലാം മറച്ചുപിടിച്ച് മാധ്യമ സ്വാതന്ത്രം ഇല്ല എന്നൊക്കെ പറയുന്നത് സത്യത്തിൽ ഒളിച്ചോട്ടമാണ് . വാർത്ത പ്രചരിപ്പിച്ചു എന്നതിന്റെ പേരിൽ ഒരു മാധ്യമപ്രവർത്തകയ്‌ക്കും പ്രവർത്തകനും കേന്ദ്ര സർക്കാരിൽ നിന്നും നടപടി നേരിട്ടിട്ടില്ല . നിയമവിരുദ്ധ കാര്യങ്ങൾ ചെയ്യുന്നതിന്റെ പേരിൽ കേസുകൾ ഉണ്ടാകാം. അതിനെ മാധ്യമ സ്വാതന്ത്രവുമായി കുട്ടിക്കുഴയ്‌ക്കരുത്”.-ശ്രീകുമാർ പറഞ്ഞു
“മാധ്യമസ്വാതന്ത്ര്യത്തിന് ഇടി ഒന്നും സംഭവിച്ചിട്ടില്ല എങ്കിലും മാധ്യമങ്ങളുടെ നിലവാരത്തിന് തകർച്ചയുണ്ടായി എന്നത് ശരിയാണ് . അതിന് കാരണം ഭരണകൂടമോ രാഷ്‌ട്രീയ പാർട്ടികളോ ഒന്നുമല്ല. കാരണം മാധ്യമങ്ങൾ തന്നെയാണെന്നുള്ള യാഥാർത്ഥ്യബോധം തിരിച്ചറിയാൻ സാധിക്കണം”- അദ്ദേഹം . പറഞ്ഞു. അന്താരാഷ്‌ട്ര സെമിനാർ ചാണ്ടി ഉമ്മൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.
ദലീമ ജോജോ എംഎൽഎ, കവി മുരുകൻ കാട്ടാക്കട, മാധ്യമപ്രവർത്തകരായ പി.ജി.സുരേഷ് കുമാർ (ഏഷ്യാനെറ്റ്), സ്മൃതി പരുത്തിക്കാട് (റിപ്പോർട്ടർ ടിവി), അഭിലാഷ് മോഹൻ (മാതൃഭൂമി ന്യൂസ്), ശരത് ചന്ദ്രൻ (കൈരളി ന്യൂസ്), അയ്യപ്പദാസ് (മനോരമ ന്യൂസ്), ക്രിസ്റ്റീന ചെറിയാൻ (24 ന്യൂസ്) , ഷാബു കിളിത്തട്ടിൽ (ഹിറ്റ് 95 എഫ്എം റേഡിയോ, ദുബായ്) എന്നിവർ പങ്കെടുത്തു. പ്രസ്സ് ക്ലബ് പ്രസിഡണ്ട് സുനിൽ തൈമറ്റം അധ്യക്ഷം വഹിച്ചു സെക്രട്ടറി രാജു പള്ളത്ത് സ്വാഗതം പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: