എയര്‍ ഇന്ത്യ യാത്രക്കാര്‍ക്ക് എതിരെ ഭീഷണിയുമായി ഖാലിസ്ഥാനി ഭീകരന്‍ ഗുര്‍പത്വന്ത് സിംഗ് പന്നു. നവംബര്‍ 19ന് എയര്‍ ഇന്ത്യ വഴി യാത്ര ചെയ്യാന്‍ പദ്ധതിയിട്ടിരിക്കുന്ന ആളുകളുടെ ജീവന്‍ അപകടത്തിലാകും എന്ന് ഭീഷണി മുഴക്കുന്ന വീഡിയോയാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.
ഇന്ത്യയ്‌ക്കെതിരെ നിരന്തരം ഭീഷണി മുഴക്കുന്ന പന്നു ഇത്തവണം സോഷ്യല്‍ മീഡിയയിലൂടെയാണ് രംഗത്തുവന്നിരിക്കുന്നത്.
‘നവംബര്‍ 19ന് എയര്‍ ഇന്ത്യ വഴി പറക്കരുതെന്ന് ഞങ്ങള്‍ സിഖ് ജനതയോട് ആവശ്യപ്പെടുന്നു. ആഗോള തലത്തില്‍ ഉപരോധങ്ങള്‍ ഉണ്ടാകും. നവംബര്‍ 19ന് എയര്‍ ഇന്ത്യയില്‍ യാത്ര ചെയ്യരുത്, അല്ലെങ്കില്‍ നിങ്ങളുടെ ജീവന്‍ അപകടത്തിലാകും’ പന്നൂന്‍ പറയുന്നു.
ഡൽഹിയിലെ ഇന്ദിരാ ഗാന്ധി രാജ്യാന്തര വിമാനത്താവളം നവംബർ 19ന് അടച്ചിടുമെന്നും അതിന്റെ പേരു മാറ്റുമെന്നും പന്നുൻ അവകാശപ്പെട്ടു. ഇന്ത്യയിൽ നടക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ ഫൈനൽ നടക്കുന്ന ദിവസമാണ് നവംബർ 19 എന്നും പന്നുൻ ഓർമിപ്പിച്ചു.
ക്രിക്കറ്റ് ലോകകപ്പിന്റെ അവസാന മത്സരം നടക്കുന്ന അതേ ദിവസം തന്നെയാണ് ഖാലിസ്ഥാനി ഭീകരന്‍ ഉയര്‍ത്തിക്കാട്ടിയതെന്നതും ശ്രദ്ധേയമാണ്.
ഒക്‌ടോബർ 10ന്, യുഎസ് ആസ്ഥാനമായുള്ള നിരോധിത സംഘടനയായ സിഖ് ഫോർ ജസ്റ്റിസ് (എസ്‌എഫ്‌ജെ) തലവനായ പന്നൂൻ, ഇന്ത്യയിലും സമാനമായ സാഹചര്യം ഉണ്ടാവാതിരിക്കാൻ ഇസ്രയേൽ-പലസ്‌തീൻ യുദ്ധത്തിൽ നിന്ന് പാഠം ഉൾക്കൊള്ളണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഭീഷണിപ്പെടുത്തിയിരുന്നു.
“പഞ്ചാബ് മുതൽ പലസ്‌തീൻ വരെ നിയമവിരുദ്ധ അധിനിവേശത്തിന് കീഴിലുള്ള ആളുകൾ പ്രതികരിക്കും. അക്രമം അക്രമത്തിന് കാരണമാകുന്നു” പന്നൂൻ മുൻപ് പുറത്തുവിട്ട വീഡിയോ സന്ദേശത്തിൽ പറഞ്ഞിരുന്നു.
യുഎസ് ആസ്ഥാനമായുള്ള നിരോധിത സംഘടനയായ സിഖ്സ് ഫോർ ജസ്റ്റിസ് (എസ്‌എഫ്‌ജെ) സംഘടനയുടെ തലവനാണ് ഗുർപത്വന്ത് സിങ് പന്നുൻ.
1947ലെ വിഭജനകാലത്ത് പാക്കിസ്ഥാനിൽ നിന്ന് അമൃത്സറിന് അടുത്തുള്ള ഖൻകോട്ടിലേക്കു കുടിയേറിയതാണ് പന്നുനിന്റെ കുടുംബം. സ്വതന്ത്ര സിഖ് രാഷ്‌ട്രമെന്ന ആശയം മുൻ നിർത്തി അമേരിക്ക, കാനഡ, ബ്രിട്ടൺ എന്നിവിടങ്ങളിൽ വിവിധ തരത്തിലുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതില്‍ മുൻപന്തിയിലുള്ള പന്നുൻ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർക്കെതിരെ മനുഷ്യാവകാശ ലംഘനം ആരോപിച്ച് തുടർച്ചയായി കേസുകളും നടത്തിവരുന്നു. പലതരത്തിലുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങളിലും പങ്കു തെളിഞ്ഞതിനെ തുടർന്ന് 2020ൽ ഭാരതം പന്നുനിനെ ഭീകരരുടെ പട്ടികയിൽ ഉൾപ്പെടുത്തി. പന്നുനിന്റെ കൃഷിഭൂമിയും സർക്കാർ കണ്ടുകെട്ടി. പഞ്ചാബിൽ രാജ്യദ്രോഹവുമായി ബന്ധപ്പെട്ട മൂന്നു കേസുകളിലടക്കം 22 ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഗുർപത്വന്ത് സിങ് പന്നുൻ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: