ഇന്ത്യയിൽ നിർമ്മിക്കുന്ന വാഹനങ്ങളുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിന് വേണ്ടി തയാറാക്കിയിരിക്കുന്ന ഭാരത് എൻക്യാപ് ക്രാഷ് ടെസ്റ്റിൽ ആദ്യം എത്തുന്നത് ടാറ്റാ മോട്ടോഴ്സിന്റെ വാഹനങ്ങളെന്ന് റിപ്പോർട്ടുകൾ പുറത്ത്. ഡിസംബർ 15-ന് ആദ്യ ക്രാഷ് ടെസ്റ്റ് നടക്കും. ഒക്ടോബർ ഒന്നിനാണ് പദ്ധതി ഔദ്യോഗികമായി ആരംഭിച്ചത്.
ക്രാഷ് ടെസ്റ്റിൽ ആദ്യം ഇറങ്ങുന്നത് ടാറ്റ അടുത്തിടെ പുറത്തിറക്കിയ ഹാരിയർ, സഫാരി മോഡലുകളായിരിക്കും. രണ്ട് വാഹനങ്ങളും ഗ്ലോബൽ എൻക്യാപ് ഇടി പരീക്ഷയിൽ ഇതിനോടകം തന്നെ കരുത്ത് തെളിയിച്ചവയാണ്. പ്രകടനത്തിൽ ഫൈവ് സ്റ്റാർ റേറ്റിംഗ് തന്നെ ഇവ സ്വന്തമാക്കി. ടാറ്റയ്‌ക്ക് പുറമെ രാജ്യത്ത് മുൻ നിരയിൽ നിൽക്കുന്ന മറ്റ് പല വാഹനങ്ങളും ഭാരത് എൻക്യാപ് ക്രാഷ് ടെസ്റ്റിൽ പങ്കാളികളാകുമെന്നാണ് സൂചന.
മാരുതി സുസുക്കിയും ഹ്യൂണ്ടായിയും ഭാരത് എൻ ക്യാപിലേക്ക് മൂന്ന് മോഡലുകൾ വീതം അയക്കുന്നുണ്ട്. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ എസ്യുവിയായ മഹീന്ദ്ര നാല് മോഡലുകൾ ഇറക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. റെനോ, സ്‌കോഡ, സ്റ്റെല്ലാന്റിസ് ഗ്രൂപ്പ് തുടങ്ങിയ വാഹന നിർമാതാക്കൾ ഉടനെ ഭാരത് എൻക്യാപ് ക്രാഷ് ടെസ്റ്റിൽ വാഹനങ്ങൾ എത്തിക്കില്ലെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. ഈ വർഷം ഓഗസ്റ്റിലാണ് രാജ്യത്തെ ഔദ്യോഗിക ക്രാഷ് ടെസ്റ്റായി ഭാരത് എൻക്യാപ് പ്രഖ്യാപിക്കപ്പെട്ടത്.
ഓട്ടോമോട്ടീവ് ഇൻഡസ്ട്രി സ്റ്റാന്റേഡ് എ.ഐ.എസ് 197-നെ അടിസ്ഥാനമാക്കിയാണ് ക്രാഷ് ടെസ്റ്റ് നടത്തുന്നത്. ഇലക്ട്രിക്, സി.എൻ.ജി. വാഹനങ്ങളുടെ ക്രാഷ്ടെസ്റ്റും സാധ്യമാണ്. ഗ്ലോബൽ എൻ-ക്യാപ് പ്രോട്ടോകോളുകൾക്ക് സമാനമായിരിക്കും ഭാരത് എൻ.സി.എ.പിയുടെ പ്രോട്ടോക്കോളും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: