ടെല്‍അവീവ്: ഗാസ മുനമ്പില്‍ കഴിഞ്ഞ രാത്രി ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഹമാസ് കമാന്‍ഡര്‍ കൊല്ലപ്പെട്ടതായി ഐഡിഎഫ്. സബറ ടെല്‍ അല്‍ ഹവാ ബെറ്റാലിയന്‍ കമാന്‍ഡര്‍ മുസ്തഫ ദലൗല്‍ ആണ് മരിച്ചത്. ഗാസമുനമ്പില്‍ ഇസ്രായേലിനെതിരെയുള്ള ഹമാസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം നല്കിയിരുന്നത് മുസ്തഫയാണ്.
കൂടാതെ, രാത്രിയിലുണ്ടായ ആക്രമണത്തില്‍ നിരവധി ഹമാസ് കേന്ദ്രങ്ങള്‍ തകര്‍ത്തതായും നിരവധി ഭീകരരെ വകവരുത്തിയതായും അവര്‍ കൂട്ടിച്ചേര്‍ത്തു. അതേ സമയം ഹമാസിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇസ്രായേലി സൈനികരുടെ എണ്ണം 25 കടന്നു. ഗാസയുടെ വടക്കന്‍ പ്രദേശത്ത് നടത്തിയ റെയ്ഡില്‍ നിരവധി ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും കണ്ടെടുത്തു.
ഹിസ്ബുള്ള ഇസ്രായേലിലേക്കുള്ള ആക്രമണം ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം നടത്തിയ ഡ്രോണാക്രമണത്തില്‍ രണ്ട് സൈനികര്‍ക്ക് പരിക്കേറ്റു. തിരിച്ചടിയില്‍ ഹിസ്ബുള്ള ഭീകരര്‍ കൊല്ലപ്പെട്ടതായും ഐഡിഎഫ് അറിയിച്ചു.
അതേസമയം, ഹിസ്ബുള്ളയ്‌ക്ക് റഷ്യയിലെ വാഗ്‌നര്‍ ഗ്രൂപ്പ് അത്യാധുനിക വ്യോമ പ്രതിരോധ മിസൈല്‍ സംവിധാനം എസ്എ-22 കൈമാറാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുണ്ട്. ഇസ്രയേല്‍-ഹിസ്ബുള്ള സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് ഈ നീക്കമെന്ന് യുഎസ് ഇന്റലിജന്‍സ് വ്യക്തമാക്കി. കൈമാറ്റവുമായി ബന്ധപ്പെട്ട് വാഗ്‌നര്‍ ഗ്രൂപ്പും ഹിസ്ബുള്ളയുമായുള്ള ചര്‍ച്ചകള്‍ യുഎസ് സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നാണ് വിവരം. റഷ്യ-യുക്രൈന്‍ യുദ്ധത്തിലും എസ്എ-22 ഉപയോഗിച്ചിട്ടുണ്ട്.
അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ വീണ്ടും ഇസ്രായേലിലെത്തി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി ചര്‍ച്ച നടത്തി. യുദ്ധമാരംഭിച്ച ശേഷം ഇത് മൂന്നാംതവണയാണ് ബ്ലിങ്കന്‍ ഇസ്രായേല്‍ സന്ദര്‍ശിക്കുന്നത്. യുദ്ധമാരംഭിച്ച ശേഷം ഇസ്രായേലില്‍ കുടുങ്ങിയ ഗാസ സ്വദേശികളെ കഴിഞ്ഞ ദിവസം തിരികെയയച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: