കൊച്ചി: മുന്‍ മുഖ്യമന്ത്രിയും പാര്‍ട്ടി മുന്‍ സെക്രട്ടറിയുമായിരുന്ന വി എസ് അച്യുതാനന്ദനാണ് വിഭാഗീയതയുടെ തുടക്കക്കാരന്‍ എന്ന് സി പി എം നേതാവ് എം എം ലോറന്‍സ്. ശനിയാഴ്ച പുറത്തിറങ്ങാനിരിക്കുന്ന ‘ഓര്‍മ്മച്ചെപ്പ് തുറക്കുമ്പോള്‍’ എന്ന ആത്മകഥയിലാണ് ലോറന്‍സിന്റെ ആരോപണം.
എതിരാളികളെ തെരഞ്ഞുപിടിച്ച് വിഎസ് പ്രതികാരം ചെയ്യുമെന്നും പുസ്തകത്തിലുണ്ട്. ഒരു മാസികയിലൂടെ പുറത്തുവന്ന പ്രസക്തഭാഗങ്ങളിലാണ് ഈ പരാമര്‍ശങ്ങള്‍ ഉള്ളത്.
വ്യക്തിപ്രഭാവം ഉണ്ടാക്കാനായി വിഎസ് പ്രത്യേക സ്‌ക്വാഡിനെ നിയോഗിച്ചു. പാര്‍ട്ടി സെക്രട്ടറി ആയിരുന്നപ്പോള്‍ എകെജി സെന്റില്‍ ഇഎംഎസ് വരുന്നതിലും എതിര്‍പ്പായിരുന്നു വി എസിനെന്ന് ലോറന്‍സ് പറയുന്നു. എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്ന എപി വര്‍ക്കിയെ വിഭാഗീയതയക്കായി വി എസ് ഉപയോഗിച്ചെന്നും കുറ്റപ്പെടുത്തലുണ്ട്. കോഴിക്കോട് സമ്മേളനം മുതല്‍ പിണറായി വിജയനും വിഎസും ഒരുമിച്ചായിരുന്നു. കൃത്യമായ ആസൂത്രണത്തോടെ ഒരു വിഭാഗത്തെ ഒഴിവാക്കാന്‍ ശ്രമിച്ച ഇവരുടെ സഖ്യം മലപ്പുറം സമ്മേളനത്തിലാണ് അവസാനിച്ചത് എന്നും ലോറന്‍സ് ആത്മകഥയില്‍ ലോറന്‍സ് പറയുന്നു.
ആലപ്പുഴ സമ്മേളനത്തില്‍ വി എസ് പികെ ചന്ദ്രാനന്ദനെതിരെ തിരിഞ്ഞു. പാലക്കാട് സമ്മേളനത്തില്‍ 16 പേരെ കരുതിക്കൂട്ടി തോല്‍പ്പിച്ചു. ആരോഗ്യപ്രശ്‌നങ്ങള്‍ പറഞ്ഞ് 11 പേരെ ഒഴിവാക്കിയെന്നും ലോറന്‍സ് പുസ്തകത്തില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക