കൊച്ചി: സംസ്ഥാനത്ത് മുഖ്യമന്ത്രിയും കുടുംബവും നടത്തുന്ന അഴിമതിയും കൊള്ളയും മറച്ചുപിടിക്കുന്നതിനും സംരക്ഷിക്കുന്നതിനും മാസപ്പടി വിവാദം മുഖ്യമന്ത്രിയിലേക്കെത്തുന്നത് തടയാന്‍ ആസൂത്രിത ശ്രമം നടക്കുന്നെന്ന് മാത്യു കുഴല്നാടന് എംഎല്‍എ. ഇതിനായി വകുപ്പുകളെ ദുരുപയോഗം ചെയ്യുന്നെന്നും കുഴല്നാടന് ആരോപിച്ചു. കൊച്ചിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഇതുമായി ബന്ധപ്പെട്ട് എംഎല്‍എ എന്ന നിലയില്‍ ഞാന്‍ സര്‍ക്കാരിനോട് ചോദിക്കുന്ന വിവരങ്ങള്‍ നല്‍കാതെ ഒഴിഞ്ഞുമാറുകയാണ്. അത് അവകാശ ലംഘനം കൂടിയാണ്. മാസപ്പടികേസ് മുഖ്യമന്ത്രിയിലേക്ക് എത്തുമെന്ന് ഉറപ്പുള്ളതുകൊണ്ടാണ് വിവരങ്ങള്‍ മറച്ചുവയ്ക്കുന്നത്.
മാസപ്പടിയായി ലഭിച്ച 1.72 കോടി രൂപയില്‍ സംസ്ഥാനത്തിന് കിട്ടേണ്ട നികുതി ലഭിച്ചിട്ടുണ്ടോ എന്നായിരുന്നു ചോദ്യം. ഇക്കാര്യത്തില്‍ ധനവകുപ്പ് നല്കിയ മറുപടി എക്സാലോജിക്കിനെ മാത്രം പരാമര്‍ശിച്ചായിരുന്നു. ഈ 1.72 കോടി രൂപ എക്സാലോജിക്കും വീണയും ചേര്‍ന്ന് വാങ്ങിയ പണമാണ്. രണ്ട് അക്കൗണ്ടുകളില്‍, രണ്ട് ഇടപാടുകളായി, രണ്ട് വ്യത്യസ്ത എഗ്രിമെന്റോടെ വാങ്ങിയ പണമായിരുന്നു. എന്നാല്‍, പിന്നീട് മാധ്യമങ്ങളില്‍ വീണ ജിഎസ്ടി അടച്ചതിന്റെ രേഖയെന്ന പ്രചാരണമുണ്ടാക്കി പുകമറ സൃഷ്ടിച്ചു.
2016-17ല്‍ വീണ നികുതി അടച്ച രേഖ കാണുന്നില്ലെന്ന് ഞാന്‍ വ്യക്തമാക്കിയതാണ്. 2017-18ല്‍ അവര്‍ വാങ്ങിയ പണം 60 ലക്ഷം രൂപയാണെന്നും അതില്‍ 25 ലക്ഷം രൂപയ്ക്ക് മാത്രമാണ് നികുതി അടച്ചതെന്നും ചൂണ്ടിക്കാട്ടിയിരുന്നു. ഇക്കാര്യത്തിലും ധനവകുപ്പിന് മൗനമായിരുന്നു.
എനിക്കെതിരെയുള്ള വിജിലന്‍സ് കേസിനുള്ള അനുമതി സര്‍ക്കാര്‍ നല്കിയപ്പോള് സര്‍ക്കാരിന്റെ ഇരട്ടത്താപ്പ് പുറത്തുകൊണ്ടുവരാനുള്ള അവസരമാണിതെന്ന് ഞാന്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ, അഴിമതി കേസുകളില്‍ പ്രോസിക്യൂഷന് അനുമതി ചോദിച്ച് വിജിലന്‍സ് വകുപ്പില്‍നിന്ന് എത്ര അപേക്ഷകള്‍ സര്‍ക്കാരിന് മുന്നിലെത്തിയെന്ന് ചോദിച്ചിരുന്നു. എത്രയെണ്ണത്തിന് അനുമതി നല്‍കിയെന്നും ചോദിച്ചിരുന്നു. എന്നാല്‍ ഇതുവരെ ചോദ്യത്തിനുള്ള മറുപടി ലഭിച്ചിട്ടില്ല.
മുഖ്യമന്ത്രിക്കെതിരെ വിജിലന്‍സില്‍ പരാതിയും സമര്‍പ്പിച്ചിരുന്നു. എല്ലാ വിവരങ്ങളുമടങ്ങുന്ന പരാതിയാണ് നല്‍കിയത്. വിഷയത്തില്‍ വിജിലന്‍സിന് മൊഴി നല്കാന് തയാറാണെന്നും അധികൃതരെ അറിയിച്ചിരുന്നു. എന്നാല്‍ മുഖ്യമന്ത്രിക്കെതിരെ നല്കിയ പരാതിയില്‍ വിജിലന്‍സ് കേസെടുത്തില്ല.’- കുഴല്നാടന് ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: