ജയ്പൂര്‍: തിജാരയില്‍ ആരവമുയര്‍ന്നു. ജയ് ബജരംഗ്ബലി… വേദിയില്‍ രണ്ട് യോഗിമാര്‍. ഒന്ന് സാക്ഷാല്‍ യോഗി ആദിത്യനാഥ്. രണ്ടാമന് ബാബ ബാലക്നാഥ്. രാജസ്ഥാന് നിയമസഭാ തെരഞ്ഞെടുപ്പില്‍ തിജാരയില്‍ നിന്ന് ബിജെപി സ്ഥാനാര്‍ത്ഥിയായി ബാബ മത്സരിക്കുന്നത് സ്ത്രീസുരക്ഷയ്ക്കായി പോരാടുമെന്ന പ്രതിജ്ഞയെടുത്താണ്.
തിജാരയെ ആവേശഭരിതമാക്കുന്നതായിരുന്നു ബാബയ്ക്ക് വേണ്ടിയുള്ള യോഗിയുടെ രംഗപ്രവേശം. താലിബാന് മനസ്ഥിതിക്കാര്‍ക്ക് മറുപടി ഭഗവാന് ഹനുമാന്റെ ഗദയാണെന്ന് ആരവങ്ങള്‍ക്കിടെ യോഗി ഓര്‍മ്മിപ്പിച്ചു. അല്‍വാറിന്റെ ആത്മാവാണ് നാഥ് സമ്പ്രദായത്തിലെ യുവയോഗി ബാബ ബാലക്നാഥെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
മതമൗലികവാദത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ പ്രോത്സാഹിപ്പിച്ചു. കനയ്യലാല്‍ എന്ന തയ്യല്‍ത്തൊഴിലാളിയെ വധിച്ചതാരെന്ന് നിങ്ങള്‍ക്ക് അറിയാം. ലോകത്തെ കണ്ണ് തുറന്നു ജീവിക്കുന്ന എല്ലാവര്ക്കും അറിയാം. എന്നാല്‍ ഗെഹ്ലോട്ട് സര്‍ക്കാരിന് അവരെ അറിയില്ല. പാമ്പിന് പാല് കൊടുത്ത് വളര്‍ത്തുക മാത്രമല്ല, അത്തരം കൊടുംവിഷങ്ങള്ക്കുമുന്നില് കോണ്‍ഗ്രസ് മുട്ടിലിഴയുകയാണ്.
കനയ്യലാലിനെ വധിച്ചത് ഉത്തര്‍പ്രദേശിലായിരുന്നുവെങ്കില്‍ കൊലയാളികള്‍ ഇതിനകം വിവരമറിഞ്ഞേനെ.ഹനുമാന്‍ജിയുടെ ഗദയാണ് മതഭീകരര്‍ക്കും അവരെ പിന്തുണയ്ക്കുന്നവര്‍ക്കുമുള്ള മറുപടി. കാവിയുടുത്ത യോഗിക്ക് അതാകാമെങ്കില്‍ കാവിയുടുത്ത ബാബയ്ക്കും അതിന് കഴിയും, യോഗി ആദിത്യനാഥ് ആഞ്ഞടിച്ചു.
സനാതന ധര്‍മ്മത്തെ തകര്‍ക്കാനുള്ള വാറോലകള്‍ നിര്‍മിക്കുന്ന ഫത്വ ഹൗസായി രാജസ്ഥാന് മുഖ്യമന്ത്രിയുടെ വസതി മാറി. അവര്‍ക്ക് ശ്രീരാമനാമത്തെ പേടിയാണ്. നാമജപത്തിനും ഉത്സവങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തുകയാണ് അവര്‍. അവര്‍ തടയാനും തകര്‍ക്കാനും ശ്രമിച്ച ഭവ്യമായ ശ്രീരാമക്ഷേത്രം ബിജെപി സര്‍ക്കാര്‍ ഉയര്‍ത്തുന്നു. അവര്‍ ഭീകരര്‍ക്ക് തീറെഴുതിയ കശ്മീരില്‍ ബിജെപി സര്‍ക്കാര്‍ സുരക്ഷിതത്വം തിരികെക്കൊണ്ടുവന്നു, യോഗി ചൂണ്ടിക്കാട്ടി.
ഇപ്പോള്‍ അവര്‍ ഗാസയിലെ ഭീകര്‍ക്ക് വേണ്ടി ബാറ്റേന്തുന്നു. എന്താണ് സംഭവിക്കുന്നതെന്ന് എല്ലാവര്ക്കും അറിയാം. രാജ്യം ഭീകരതയ്ക്കെതിരാണ്. കോണ്‍ഗ്രസ് ഭീകരതയെ താലോലിക്കുകയും. പരിഷ്കൃത സമൂഹത്തിന് ഏറ്റ കളങ്കമാണ് ഹമാസ് അടക്കമുള്ള ഭീകരര്‍. ഇസ്രായേല്‍ ജനതയ്ക്ക് രാജ്യം പിന്തുണ നല്‍കിയത് ഭീകരതയ്ക്കെതിരായ പോരാട്ടത്തിനാണ്.
പാലസ്തീനിലെ മനുഷ്യര്‍ക്ക് ഭക്ഷണവും മരുന്നും എത്തിക്കുന്നതും അതേ കാരണം കൊണ്ടാണ്. ഭീകരവിരുദ്ധപോരാട്ടവും മാനുഷിക സഹായമെത്തിക്കലും ഒരേ സമയം നമ്മുടെ ദൗത്യമാണ്. ഹമാസിന് മുന്നില്‍ നമാസ് നടത്തുന്ന കോണ്‍ഗ്രസ് രാഷ്ട്രീയത്തെയും അവസാനിപ്പിക്കേണ്ടതുണ്ട്, യോഗി ആദിത്യനാഥ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: