തിരുവനന്തപുരം: പാട്ടും നൃത്തവുമായി കേരളീയം അരങ്ങു തകര്‍ക്കുമ്പോള്‍ തലസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകള്‍ നിശ്ചലം. കേരളീയത്തില്‍ പങ്കെടുക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം ജീവനക്കാര്‍ക്കു പോകേണ്ടി വന്നതോടെയാണ് ഓഫീസുകള്‍ നിശ്ചലമായത്.
സെക്രട്ടേറിയറ്റില്‍ ഉള്‍പ്പെടെയുള്ള ഓഫീസുകളിലേക്ക് വിവിധ ആവശ്യങ്ങള്‍ക്കായെത്തുന്നവര്‍ക്ക് ആളില്ലാക്കസേരകള്‍ കണ്ട് മടങ്ങേണ്ടി വന്നു.
കേരളീയത്തില്‍ ഇന്നലെ രാവിലെ നടന്ന സെമിനാറുകളില്‍ ആളുകള്‍ കുറവായിരുന്നു. ഇതോടെ അതതു വകുപ്പിനു കീഴിലെ സെമിനാറുകളില്‍ പങ്കെടുക്കണമെന്ന് ജീവനക്കാര്‍ക്ക് അടിയന്തര നിര്‍ദേശം നല്കി.
കേരളീയം കാണാന്‍ ഓഫീസ് പ്രവര്‍ത്തനത്തിനു തടസ്സമില്ലാതെ പോകാമെന്നായിരുന്നു ഉത്തരവ്. എന്നാല്‍, ജീവനക്കാര്‍ ഒപ്പുവച്ച ശേഷം രാവിലെ തന്നെ ഓഫീസ് വിട്ടുപോയി. പക്ഷേ, സെമിനാറുകള്‍ക്ക് ആളില്ലാതായതോടെ യൂണിയന് നേതാക്കള്‍ അടിയന്തരമായി ഇടപെട്ട് കേരളീയം വേദികളില്‍ ചുറ്റിക്കറങ്ങിയ ജീവനക്കാരെ സെമിനാര്‍ വേദിയിലെത്തിക്കുകയായിരുന്നു. ഇതോടെ ഇന്നലെ വൈകിട്ട് ഉത്തരവ് വീണ്ടും തിരുത്തി. സര്‍ക്കാര്‍ ജീവനക്കാര്‍ സെമിനാറുകളില്‍ മാത്രമേ പങ്കെടുക്കാവൂ എന്നായി ഉത്തരവ്.
ഇന്നു മുതല്‍ തലസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ജീവനക്കാരും വിവിധ വിഭാഗങ്ങളിലായുള്ള സെമിനാറുകളില്‍ പങ്കെടുക്കണം. കേരളത്തിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച് ഇന്നലെ നടന്ന സെമിനാറില്‍ റേഷന്‍കട ഉടമകളോടും എത്തണമെന്ന് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. തദ്ദേശ സ്വയംഭരണം, ടൂറിസം തുടങ്ങിയ വകുപ്പുകളിലെ സെമിനാറുകളില്‍ വകുപ്പുമായി ബന്ധപ്പെട്ട കരാറുകാരും പങ്കെടുക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.
തലസ്ഥാനത്ത് ഒരാഴ്ച ഇങ്ങനെ പരിപാടി നടക്കുമ്പോള്‍ സര്‍ക്കാര്‍ ജീവനക്കാര്‍ ഓഫീസ് സമയത്ത് പങ്കെടുത്താല്‍ എന്താ കുഴപ്പമെന്ന് സംഘാടക സമിതി കണ്‍വീനര്‍ മന്ത്രി വി. ശിവന്‍കുട്ടി വാര്‍ത്താ സമ്മേളനത്തില്‍ ചോദിച്ചു. ഓഫീസുകളില്‍ ജീവനക്കാരില്ലെന്നത് ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു പ്രതികരണം. അതത് വകുപ്പുകളുടെ സെമിനാറുകള്‍ നടക്കുമ്പോള്‍ വകുപ്പുമായി ബന്ധപ്പെട്ട ജീവനക്കാര്‍ പങ്കെടുക്കുന്നതില്‍ കുഴപ്പമില്ലെന്ന് മന്ത്രി കെ. രാജനും പറഞ്ഞു. ഉത്സവാഘോഷങ്ങളില്‍ അവധി നല്കുന്നില്ലേ എന്നായിരുന്നു മന്ത്രി ആന്റണി രാജുവിന്റെ ചോദ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: