കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐക്ക് ഏറ്റത് കനത്ത തിരിച്ചടി. പരമ്പരാഗതമായി കൈയടക്കി വച്ചിരുന്ന സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ് കോളജുകളില്‍ ഉണ്ടായ പരാജയം കാമ്പസുകളില്‍ എസ്എഫ്‌ഐ ഒറ്റപ്പെടുന്നതിന്റെ ചിത്രമാണ് നല്‍കുന്നത്. പതിറ്റാണ്ടുകളായി യൂണിയന്‍ ഭരണം കൈയടക്കിവച്ചിരുന്ന ഗുരുവായൂരപ്പന്‍ കോളജ്, വിക്‌ടോറിയ കോളജ് അടക്കമുള്ള കോളജുകളില്‍ ഉണ്ടായ പരാജയം എസ്എഫ്‌ഐ നേതൃത്വത്തെ ഞെട്ടിച്ചിരിക്കുകയാണ്.
അര നൂറ്റാണ്ടിനിടെ രണ്ടു തവണ മാത്രം ഭരണം നഷ്ടമായ പട്ടാമ്പി ഗവ. സംസ്‌കൃത കോളജ് എസ്എഫ്‌ഐയുടെ കോട്ടയാണെന്നായിരുന്നു സംഘടന അവകാശപ്പെട്ടിരുന്നത്. എന്നാല്‍ അവിടെയും എസ്എഫ്‌ഐ നേരിട്ടത് വന്‍ തിരിച്ചടിയാണ്. പിണറായി സര്‍ക്കാറിന്റെ തുടര്‍ഭരണത്തിന്റെ തുടര്‍ച്ചയായി സര്‍വകലാശാല നേതൃത്വം കൈയടക്കാമെന്ന് കരുതിയ എസ്എഫ്‌ഐയുടെ ദൗര്‍ബല്യത്തെ വ്യക്തമാക്കുന്നതാണ് ചെങ്കോട്ടകളിലെ തിരിച്ചടികള്‍.
ഇടതുപക്ഷ സര്‍ക്കാര്‍ വിദ്യാഭ്യാസരംഗത്ത് കൈക്കൊള്ളുന്ന നടപടികള്‍ക്ക് വിദ്യാര്‍ത്ഥികളുടെ മറുപടി കൂടിയാണ് ഈ തെരഞ്ഞെടുപ്പ് ഫലം. പരീക്ഷാ നടത്തിപ്പ്, സ്‌കോളര്‍ഷിപ്പ് വിതരണം, അക്കാദമിക് കലണ്ടര്‍ എന്നിവയിലൊക്കെ വിദ്യാര്‍ത്ഥി വിരുദ്ധ നിലപാടാണ് സര്‍വകലാശാലകളും സര്‍ക്കാരും പിന്തുടരുന്നത്.
നിസാര സംഭവങ്ങള്‍ക്ക് പോലും വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് വിദ്യാര്‍ത്ഥികളെ തെരുവിലിറക്കുന്ന എസ്എഫ്‌ഐ നേതൃത്വം കഴിഞ്ഞ കുറേ വര്‍ഷങ്ങളായി നിശബ്ദമാണ്. ഒബിസി, എസ്‌സി, എസ്ടി വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് മുടങ്ങിയിട്ട് വര്‍ഷങ്ങളായി. ഇതിനെതിരെ ചെറുവിരലനക്കാന്‍ എസ്എഫ്‌ഐ നേതൃത്വം തയ്യാറാകുന്നില്ല. കോഴ്‌സ് കാലാവധി കഴിഞ്ഞിട്ടും പരീക്ഷകള്‍ നീണ്ടുപോകുന്നതിനാല്‍ വിദ്യാര്‍ത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിലാണ്. വിദ്യാര്‍ത്ഥികളെ ബാധിക്കുന്ന നിരവധി പ്രശ്‌നങ്ങളില്‍ എസ്എഫ്‌ഐ നേതൃത്വത്തിന്റെ കുറ്റകരമായ നിശബ്ദതയ്‌ക്കുള്ള മറുപടിയാണ് കാമ്പസുകളില്‍ ഉണ്ടായിരിക്കുന്നത്. പാര്‍ട്ടി അനുഭാവികളെ ഒബ്‌സര്‍വര്‍മാരാക്കിയും സിപിഎം, ഡിവൈഎഫ്‌ഐ നേതാക്കളുടെ കായികബലത്തിലും കാമ്പസുകളുടെ ഭരണം നിലനിര്‍ത്താനുള്ള ശ്രമമാണ് പരാജയപ്പെട്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: