മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണക്കടത്ത് തുടര്‍ക്കഥയാവുന്നു. ഇന്നലെ പിടികൂടിയത് 47 ലക്ഷം രൂപയുടെ സ്വര്‍ണം. കസ്റ്റംസ് പരിശോധനയ്ക്കു ശേഷം പുറത്തിറങ്ങിയ യാത്രക്കാരനില്‍ നിന്നാണ് ഒരു കിലോയോളം വരുന്ന സ്വര്‍ണം പോലീസ് പിടികൂടിയത്.
ചപ്പാരപടവ് സ്വദേശിയായ മുസ്തഫയില്‍ നിന്നാണ് 47 ലക്ഷം രൂപ വിലവരുന്ന 832 ഗ്രാം സ്വര്‍ണം പിടികൂടിയത്. കണ്ണൂര്‍ സിറ്റി പോലീസ് കമ്മിഷണറുടെ നിര്‍ദ്ദേശപ്രകാരം മട്ടന്നൂര്‍ എയര്‍പോര്‍ട്ട് പോലീസിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. ഷാര്‍ജയില്‍ നിന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയതായിരുന്നു മുസ്തഫ. കസ്റ്റംസ് ചെക്കിങ് പരിശോധനയ്ക്കു ശേഷം പാസഞ്ചര്‍ ടെര്‍മിനല്‍ ബില്‍ഡിങില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ സംശയത്തെ തുടര്‍ന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പേസ്റ്റ് രൂപത്തിലുളള സ്വര്‍ണം മൂന്ന് ഗുളിക മാതൃകയിലക്കി മലദ്വാരത്തില്‍ ഒളിപ്പിച്ചുവച്ച നിലയിലായിരുന്നു.
പേസ്റ്റ് രൂപത്തിലുളള സ്വര്‍ണം പിടികൂടുമ്പോള്‍ 900 ഗ്രാമുണ്ടായിരുന്നുവെങ്കിലും വേര്‍തിരിച്ചെടുത്തപ്പോള്‍ 832 ഗ്രാം സ്വര്‍ണമാണ് ലഭിച്ചത്. പിടികൂടിയ സ്വര്‍ണവും യാത്രക്കാരനെയും മട്ടന്നൂര്‍ കോടതിയില്‍ ഹാജരാക്കി. വിമാനത്താവള പരിസത്തു നിന്ന് കസ്റ്റംസ് പരിശോധന കഴിഞ്ഞു പുറത്തിറങ്ങുന്ന നിരവധി യാത്രക്കാര്‍ എയര്‍പോര്‍ട്ട് പോലീസ് നടത്തിയ റെയ്ഡില്‍ പിടിയിലായിട്ടുണ്ട്. കഴിഞ്ഞ ബുധന്‍, വ്യാഴം ദിവസങ്ങളില്‍ യഥാക്രമം ഒരുകോടിയുടേയും 28 ലക്ഷത്തിന്റെയും സ്വര്‍ണം പിടികൂടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: