ന്യൂദല്‍ഹി: സഭയില്‍ ചോദ്യം ചോദിക്കാന്‍ കോഴ വാങ്ങിയെന്ന ആരോപണത്തിന്മേല് പാര്‍ലമെന്റ് എത്തിക്സ് കമ്മിറ്റിക്ക് മുന്നില്‍ ഹാജരായ തൃണമൂല്‍ കോണ്‍ഗ്രസ് എംപി
മഹുവ മൊയ്ത്രയുടെ പ്രതിഷേധ നാടകം. കമ്മിറ്റിക്ക് മുന്നില്‍ മോശം വാക്കുകള്‍ ഉപയോഗിച്ച മഹുവ ഇറങ്ങിപ്പോയെന്ന് ചെയര്മാന് വിനോദ് സോങ്കര്‍ പറഞ്ഞു.
വ്യക്തിപരമായ ചോദ്യങ്ങള്‍ ചോദിച്ചെന്നാരോപിച്ചായിരുന്നു മഹുവയുടെ പ്രതിഷേധവും ഇറങ്ങിപ്പോക്കും. എത്തിക്സ് കമ്മിറ്റിയിലെ പ്രതിപക്ഷ എംപിമാരും മഹുവയ്ക്കൊപ്പം യോഗം ബഹിഷ്ക്കരിച്ചു.
സുഹൃത്തായ വ്യവസായി ദര്ശന് ഹീരാനന്ദാനിക്ക് പാര്‍ലമെന്റ് ലോഗിന്‍ വിവരങ്ങള്‍ കൈമാറിയതുമായി ബന്ധപ്പെട്ട ചോദ്യങ്ങളില്‍ നിന്നൊഴിഞ്ഞു മാറാനാണ് മഹുവയുടെ തന്ത്രമെന്നാണ് ബിജെപി എംപിമാരുടെ ആരോപണം. വ്യക്തിപരമായ ചോദ്യങ്ങള്‍ എത്തിക്സ് കമ്മിറ്റി ചോദിച്ചുവെന്നും ഇതൊരു എത്തിക്സ് കമ്മിറ്റിയാണോയെന്നും മഹുവ ചോദിച്ചു. സുഹൃത്തിന് എംപിയുടെ ലോഗിന്‍ വിവരങ്ങള്‍ കൈമാറിയതിനെപ്പറ്റിയാണ് ചോദിച്ചതെന്ന് എത്തിക്സ് കമ്മിറ്റിയിലെ മറ്റംഗങ്ങള്‍ പറയുന്നു.
രാവിലെ ആരംഭിച്ച ഹിയറിങ് ഉച്ചഭക്ഷണത്തിന് ശേഷം ഇരുന്നപ്പോഴാണ് മഹുവയും പ്രതിപക്ഷ എംപിമാരും ബഹിഷ്ക്കരണ നടപടികളിലേക്ക് കടന്നത്. വളരെ മോശം വാക്കുകളാണ് കമ്മിറ്റിയില്‍ മഹുവ ഉപയോഗിച്ചതെന്ന് എത്തിക്സ് കമ്മിറ്റി ചെയര്മാന് വിനോദ് സോങ്കര്‍ എംപി ആരോപിച്ചു. ചോദ്യങ്ങള്‍ക്ക് ഉത്തരങ്ങള്‍ പറയുന്നതിന് പകരം അവര്‍ എന്നോട് ദേഷ്യപ്പെടുകയും ചീത്ത വാക്കുകള്‍ ഉപയോഗിക്കുകയും ചെയ്തു. ഡാനിഷ് അലി, ഗിര്‍ധാരി യാദവ് ഉത്തരം കുമാര്‍ റെഡ്ഡി തുടങ്ങിയ പ്രതിപക്ഷ എംപിമാരും സമിതിയെ കുറ്റപ്പെടുത്തി ബഹിഷ്ക്കരണം നടത്തി. എത്തിക്സ് കമ്മിറ്റി വീണ്ടും ചേര്‍ന്ന് എന്തു നടപടി സ്വീകരിക്കണമെന്ന് തീരുമാനിക്കുമെന്നും വിനോദ് സോങ്കര്‍ അറിയിച്ചു.
വ്യക്തിപരമായ അടുപ്പം ഉപേക്ഷിച്ചതിനെ തുടര്‍ന്ന് അഡ്വ. ജയ് ആനന്ദ് ദേഹാദ്രി നല്കിയ പരാതികളാണ് ഇതെല്ലാമെന്നും തനിക്കെതിരായ ആരോപണങ്ങളെല്ലാം തെറ്റാണെന്നും മഹുവ എത്തിക്സ് കമ്മിറ്റിയെ അറിയിച്ചിട്ടുണ്ട്.
എത്തിക്സ് കമ്മിറ്റിയിലെ മഹുവയുടെ പെരുമാറ്റം തീരെ മോശമായിരുന്നുവെന്നും അവര്‍ ചെയ്തതെല്ലാം തെറ്റാണെന്നും ബിജെപി അംഗം അപരാജിത സാരംഗി പറഞ്ഞു. എത്തിക്സ് കമറ്റി നടപടിക്രമങ്ങള്‍ ഏറെ രഹസ്യാത്മകതയുള്ളതാണെന്നും മഹുവ അതില്ലാതാക്കിയെന്നും അപരാജിത ആരോപിച്ചു. ഹീരാനന്ദാനിയുടെ സത്യവാങ്മൂലവുമായി ബന്ധപ്പെട്ട ചോദ്യത്തിന് മഹുവ മറുപടി നല്‍കിയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: